
പെർത്തിൽ ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാം ഏകദിനം പുരോഗമിക്കുകയാണ്. മഴ മൂലം മത്സരം 26 ഓവറാക്കി വെട്ടിച്ചുരുക്കിയിരുന്നു. മഴയുടെ ഇടവേളകളിൽ ഡ്രസിങ്ങ് റൂമിലെ രസകരമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
അതിലൊന്നാണ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനൊപ്പം രോഹിത് ശർമ്മ പോപ്‌കോൺ കഴിക്കുമ്പോൾ മുൻ ഇന്ത്യൻ താരവും അസിസ്റ്റന്റ് പരിശീലകനുമായിരുന്ന അഭിഷേക് നായർ നടത്തിയ പ്രതികരണം. ആ സമയത്ത് കമന്ററി ബോക്‌സിൽ ആയിരുന്ന അഭിഷേക് രോഹിത്തിന് അധികം പോപ് കോൺ നൽകരുതെന്ന് നർമ്മ ഭാഷയിൽ ഉപദേശിച്ചു.
നേരത്തെ അഭിഷേക് നായരുടെ പ്രത്യേക പരിശീലനത്തിലായിരിക്കുന്നു നീണ്ട ഇടവേളയ്ക്ക് ശേഷം രോഹിത് തിരിച്ചുവരവിന് തയ്യാറെടുത്തത്. നീണ്ട ഫിറ്റ്നസ് പരിശീലനങ്ങൾക്കൊടുവിൽ 11 കിലോഗ്രാം ഭാരവും രോഹിത് കുറച്ചിരുന്നു.
അതേ സമയം മികച്ച തയ്യാറെടുപ്പുകളുമായി കളത്തിലേക്ക് തിരിച്ചുവന്നെങ്കിലും ഓസീസിനെതിരെയുള്ള ആദ്യ മത്സരത്തിൽ താരത്തിന് തിളങ്ങാനായില്ല. 14 പന്തിൽ ഒരു ഫോർ അടക്കമാണ് രോഹിത് എട്ട് റൺസ് നേടിയത്. ഹേസൽവുഡിന്റെ പന്തിൽ സ്ലിപ്പിൽ മാറ്റ് റെൻഷായ്ക്ക് ക്യാച്ച് നൽകുകയായിരുന്നു.
മത്സരത്തിൽ ഇന്ത്യക്കെതിരെ പെർത്തിലെ ഒന്നാം ഏകദിനത്തിൽ ഓസീസിന് 131 റൺസിന്റെ വിജയലക്ഷ്യമാണുള്ളത്. തുടർച്ചയായ മഴ മൂലം 26 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 136 റൺസ് നേടി. ഡി ആർ എസ് പ്രകാരം ഓസീസ് വിജയ ലക്ഷ്യം 131 ആക്കി പുനർ നിശ്ചയിച്ചു.
കെ എൽ രാഹുൽ (38 ), അക്‌സർ പട്ടേൽ(31), അവസാന ഓവറുകളിൽ വെടിക്കെട്ട് നടത്തിയ അരങ്ങേറ്റക്കാരൻ നിതീഷ് കുമാർ റെഡ്‌ഡി (19) എന്നിവരാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട ഈ സ്കോർ സമ്മാനിച്ചത്. മാത്യു കുനെമാൻ, ജോഷ് ഹേസൽവുഡ്, മിച്ചൽ ഓവൻ എന്നിവർ ഓസീസിനായി രണ്ട് വിക്കറ്റ് വീതം നേടി.
Content Highlights-abhishek nair on rohit sharma pop corn eating