തീരമണഞ്ഞിരുന്നെങ്കിൽ 25,000 അമേരിക്കക്കാർ മരിച്ചേനെ:ലഹരി സംഘത്തിൻ്റെ അന്തർവാഹിനി തകർത്തതിൽ പ്രതികരിച്ച് ട്രംപ്

കപ്പലിൽ ഫെൻ്റനൈലും മറ്റ് നിയമവിരുദ്ധ മയക്കുമരുന്നുകളും ഉണ്ടായിരുന്നതായി അമേരിക്കൻ ഇൻ്റലിജൻസ് സ്ഥിരീകരിച്ചതായും ട്രംപ് വ്യക്തമാക്കി

തീരമണഞ്ഞിരുന്നെങ്കിൽ 25,000 അമേരിക്കക്കാർ മരിച്ചേനെ:ലഹരി സംഘത്തിൻ്റെ അന്തർവാഹിനി തകർത്തതിൽ പ്രതികരിച്ച് ട്രംപ്
dot image

അമേരിക്കൻ തീരം ലക്ഷ്യമിട്ട് മയക്കുമരുന്ന് കടത്തിയ അന്തർവാഹിനി തകർത്തതായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. കരീബിയയിലെ അറിയപ്പെടുന്ന മയക്കുമരുന്ന് കടത്ത് പാതയിലൂടെ അമേരിക്കൻ തീരം ലക്ഷ്യമിട്ട് നീങ്ങിയ അന്തർവാഹിനി തകർത്തുവെന്നാണ് ട്രംപ് അവകാശപ്പെട്ടിരിക്കുന്നത്. "അറിയപ്പെടുന്ന ഒരു മയക്കുമരുന്ന് കടത്ത് പാതയിലൂടെ അമേരിക്കയിലേക്ക് ‌വരികയായിരുന്ന വലിയ തോതിൽ മയക്കുമരുന്ന് വഹിക്കാൻ ശേഷിയുള്ള അന്തർവാഹിനി നശിപ്പിക്കാൻ കഴിഞ്ഞത് എനിക്ക് ലഭിച്ച വലിയ ബഹുമതിയാണ് എന്നായിരുന്നു ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ പോസ്റ്റിൽ കുറിച്ചത്. കപ്പലിൽ ഫെൻ്റനൈലും മറ്റ് നിയമവിരുദ്ധ മയക്കുമരുന്നുകളും ഉണ്ടായിരുന്നതായി അമേരിക്കൻ ഇൻ്റലിജൻസ് സ്ഥിരീകരിച്ചതായും ട്രംപ് വ്യക്തമാക്കി.

ഈ അന്തർവാഹിനി അമേരിക്കൻ തീരത്ത് അടുത്തിരുന്നെങ്കിൽ 25,000 അമേരിക്കക്കാർ മരിക്കുമായിരുന്നു എന്നാണ് ട്രംപ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കപ്പലിൽ ഉണ്ടായിരുന്ന രണ്ട് പേർ കൊല്ലപ്പെട്ടെന്നും രക്ഷപെട്ട രണ്ട് പേരെ അവരുടെ ജന്മനാടുകളായ ഇക്വഡോറിലേയ്ക്കും കൊളംബിയയിലേയ്ക്കും തിരിച്ചയച്ചുവെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. അക്രമണത്തിൽ അമേരിക്കൻ സേനയ്ക്ക് നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കിയ ട്രംപ് കരയിലൂടെയോ കടലിലൂടെയോ മയക്കുമരുന്ന് കടത്താൻ അമേരിക്ക അനുവദിക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ ഒരു എക്സ് പോസ്റ്റിലൂടെ പെൻ്റ​ഗൺ പങ്കുവെച്ചിട്ടുണ്ട്. ആക്രമണത്തിൻ്റെ ബ്ലാക്ക് ആൻഡ‍് വൈറ്റ് ചിത്രങ്ങളാണ് പെൻ്റ​ഗൺ പങ്കുവെച്ചിരിക്കുന്നത്. സെമി-സബ്‌മെർസിബിൾ കപ്പൽ തിരമാലകളിലൂടെ തെന്നിനീങ്ങുന്നതും അതിന്റെ മുൻഭാഗം ഉപരിതലത്തിന് തൊട്ടുതാഴെയായി മുങ്ങിക്കിടക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിന് പിന്നാലെ നിരവധി സ്ഫോടനങ്ങൾ ഉണ്ടാകുന്നതും കപ്പലിന്റെ പിൻഭാഗത്ത് പൊട്ടിത്തെറിയുണ്ടാകുന്നതും ദൃശ്യങ്ങളിലുണ്ട്. മയക്കുമരുന്ന് കടത്തിയ അന്തർവാഹിനിയിൽ നിന്നും പിടിയിലായ കൊളംബിയൻ പൗരൻ്റെ തിരിച്ചുവരവ് കൊളംബിയൻ പ്രസിഡൻ്റ് ​ഗുസ്താവോ പെട്രോ സ്ഥിരീകരിച്ചിട്ടുണ്ട്.

9/11 ന് ശേഷം തീവ്രവാദത്തിനെതിരായ യുദ്ധത്തിൽ ജോർജ്ജ് ഡബ്ല്യു ബുഷ് ഭരണകൂടം ഉപയോഗിച്ച അതേ നിയമപരമായ അധികാരമാണ് അമേരിക്കയിലേയ്ക്ക് മയക്കുമരുന്ന് കടത്തുന്ന സംഘങ്ങൾക്കെതിരെ ട്രംപ് പ്രയോ​ഗിക്കുന്നത്. മയക്കുമരുന്ന് കാർട്ടലിന് നേതൃത്വം നൽകുന്നവ‍ർക്കെതിരെ ബലപ്രയോ​ഗം നടത്താനും അവരെ പിടികൂടാനും തടങ്കലിൽ വെയ്ക്കാനും ഇത് ട്രംപ് ഭരണകൂടത്തിന് അധികാരം നൽകുന്നുണ്ട്.

വെനിസ്വേലൻ സർക്കാരുമായുള്ള സംഘർഷം രൂക്ഷമാകുന്നതിന്റെ ഭാഗമായി ഏകദേശം 6,500 സൈനികർ കരീബിയൻ തീരത്തോട് ചേർന്ന് ഗൈഡഡ് മിസൈൽ ഡിസ്ട്രോയറുകൾ, എഫ്-35 യുദ്ധവിമാനങ്ങൾ, ഒരു ആണവ അന്തർവാഹിനികൾ എന്നിവ ഉൾപ്പെടെ അമേരിക്ക സൈനിക വിന്യാസം നടത്തുന്ന സാഹചര്യത്തിലാണ് പുതിയ വാർ‌ത്തകൾ പുറത്ത് വരുന്നത്. സെപ്റ്റംബർ ആദ്യം മുതൽ കരീബിയനിൽ മയക്കുമരുന്ന് കടത്ത് നടത്തുന്നതായി സംശയിക്കുന്ന സെമി-സബ്‌മേഴ്‌സിബിൾ കപ്പലുകൾക്കെതിരായ ആറാമത്തെ യുഎസ് ആക്രമണമാണിത്.

Content Highlights: The US military has destroyed a suspected carrier submarine navigating towards American shores

dot image
To advertise here,contact us
dot image