
ഓര്‍മ്മയുണ്ടോ? ഓര്‍ക്കുന്നുണ്ടോ? എന്നൊക്കെ ചോദിക്കുമ്പോള്‍ നമുക്ക് പെട്ടെന്ന് തോന്നുന്നതെന്താണ്, തലച്ചോറില്‍ നിന്ന് ഓര്‍മ്മവരുന്നു എന്ന് അല്ലേ. പഠനങ്ങളിലൂടെ തെളിഞ്ഞിട്ടുള്ളതും അതുതന്നെയാണ്. എന്നാല്‍ അടുത്തിടെ നടന്ന ഒരു ഗവേഷണത്തില്‍ തെളിയിക്കപ്പെട്ടത് അത്ഭുതകരമായ മറ്റൊരു കണ്ടെത്തലാണ്. ഓര്‍മ്മകള്‍ തലച്ചോറില്‍ മാത്രമല്ല ശരീരത്തിന്റെ മറ്റ് ചില ഭാഗങ്ങളിലും സംഭരിച്ചിരിക്കുന്നു എന്നാണ് പഠനം വെളിപ്പെടുത്തുന്നത്. ന്യൂറോണുകളില്‍ മാത്രമല്ല സാധാരണ മനുഷ്യകോശങ്ങളിലും വൃക്ക കോശങ്ങളിലും ഓര്‍മ്മകള്‍ സംഭരിക്കപ്പെടുന്നുണ്ട്.
'പഠനം, ഓര്‍മ്മശക്തി എന്നൊക്കെ പറയുമ്പോള്‍ പൊതുവേ തലച്ചോറ്, മസ്തിഷ്‌കം എന്നിവയുമായി ബന്ധപ്പെട്ടുകിടക്കുന്ന കാര്യമായിട്ടാണ് നമ്മുടെ അറിവ്.എന്നാല്‍ തലച്ചോറില്‍ മാത്രമല്ല ശരീരത്തിലെ കോശങ്ങള്‍ക്കും ഓര്‍മ്മകള്‍ സംഭരിച്ച് വയ്ക്കാന്‍ കഴിയുമെന്നാണ് പഠനം കാണിക്കുന്നത് ' എന്നാണ് നേച്ചര്‍ കമ്യൂണിക്കേഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിന്റെ രചയിതാവ് നിക്കോളാസ് വി. കുക്കുഷ്‌കിന്‍ പറയുന്നത്. തലച്ചോറിന് പുറത്തുള്ള കോശങ്ങള്‍ക്ക് ഓര്‍മ്മകള്‍ സൂക്ഷിക്കാന്‍ സഹായിക്കുമോ എന്ന് മനസിലാക്കാനാണ് ഗവേഷണത്തിലൂടെ ശ്രമിച്ചത്. മാസ് സ്‌പേസ് ഇഫക്ട് എന്ന ന്യൂറോളജിക്കല്‍ പ്രോപ്പര്‍ട്ടിയില്‍നിന്ന് കടമെടുത്താണ് ഈ ഗവേഷണം നടത്തിയത്.
നേച്ചര്‍ കമ്യൂണിക്കേഷന്റെ ഗവേഷണത്തില്‍ ഗവേഷകര്‍ രണ്ട് തരം തലച്ചോറിലല്ലാത്ത മനുഷ്യകോശങ്ങളെ (ഒന്ന് നാഡീകലകളില്‍നിന്നും മറ്റോന്ന് വൃക്ക കലകളില്‍നിന്നും) ലാബില്‍ വച്ച് പഠനവിധേയമാക്കി. അപ്പോള്‍ തലച്ചോറിലെ കോശങ്ങള്‍ ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെ പാറ്റേണുകള്‍ക്ക് വിധേയമാകുന്നതുപോലെ തലച്ചോറില്‍ അല്ലാത്ത കോശങ്ങള്‍ ഒരു മെമ്മറി ജീന്‍ ഓണാക്കുകയും ഓര്‍മകള്‍ രൂപപ്പെടുത്തുന്നതിനായി അവയുടെ ബന്ധങ്ങള്‍ പുനക്രമീകരിക്കുകയും ചെയ്തു.
ഓര്‍മ്മശക്തിയും പഠനപ്രക്രീയയും നിരീക്ഷിക്കുന്നതിനായി ശാസ്ത്രജ്ഞര്‍ ഈ തലച്ചോറില്‍ അല്ലാത്ത കോശങ്ങളെ ഒരു തിളക്കമുള്ള പ്രോട്ടീന്‍ നിര്‍മ്മിക്കാവുന്ന വിധത്തില്‍ രൂപകല്‍പ്പന ചെയ്തു. ഇത് മെമ്മറി ജീന്‍ എപ്പോഴൊക്കെ സജീവമാണെന്നും എപ്പോഴൊക്കെ ഓഫാണെന്നും അറിയാന്‍ സഹായിച്ചു. ശാസ്ത്രജ്ഞന്മാര്‍ കോശങ്ങള്‍ക്ക് ഒരു വലിയ കൂട്ടം സിഗ്നലുകള്‍ നല്‍കിയപ്പോള്‍ കോശങ്ങള്‍ പ്രകാശിച്ചുവത്രേ. ഈ കണ്ടെത്തല്‍ ഓര്‍മ്മ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് മനസിലാക്കാനുള്ള പുതിയ അറിവിലേക്ക് വിരല്‍ചൂണ്ടുന്നവയാണെന്നാണ് ഗവേഷകര്‍ പറയുന്നത്.
Content Highlights :Studies show that memories are stored not only in the brain but also in other parts of the body