
പാറ്റ്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ മുന്നണിയുടെ സീറ്റ് ധാരണ അന്തിമഘട്ടത്തിലേക്ക്. ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചു. അതോടൊപ്പം തന്നെ സഖ്യം വിജയിച്ച് അധികാരത്തിലെത്തിയാല്‍ മൂന്ന് ഉപമുഖ്യമന്ത്രിമാരെ നിയോഗിക്കും എന്ന തീരുമാനമെടുത്താണ് സീറ്റ് ധാരണയിലേക്കെത്തിയത്. ദളിത്, മുസ്‌ലിം, അതി പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തിയാല്‍ ഉപമുഖ്യമന്ത്രിമാരാവുക. തന്ത്രപരമായ ഈ തീരുമാനം ബിഹാര്‍ തെരഞ്ഞെടുപ്പ് ഗോദയെ ചൂടുപിടിപ്പിക്കുന്ന ഒന്നായി മാറുമെന്നാണ് ഇന്‍ഡ്യ മുന്നണി നേതാക്കള്‍ കരുതുന്നത്.
രണ്ട് തവണ ഉപമുഖ്യമന്ത്രിയായിട്ടുള്ള, തേജസ്വി യാദവ് പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള നേതാവാണ്. കഴിഞ്ഞ വര്‍ഷം തന്നെ മുന്നണിയിലെ ആര്‍ജെഡി ഇതര ഘടകകക്ഷികളെല്ലാം തേജസ്വി തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്നത് അനൗദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.
ആര്‍ജെഡി 2020ല്‍ മത്സരിച്ച 143ല്‍ നിന്ന് 19 സീറ്റ് കുറഞ്ഞ് 125 സീറ്റുകളിലാണ് ഇക്കുറി മത്സരിക്കുകയെന്ന് ആര്‍ജെഡി വക്താവ് മൃത്യുഞ്ജയ് തിവാരി പറഞ്ഞു. കോണ്‍ഗ്രസ് 50-55 സീറ്റുകളിലും ഇടതുപക്ഷം ഉപമുഖ്യമന്ത്രി വാഗ്ദാനത്തോടൊപ്പം 25 സീറ്റുകളിലും മത്സരിക്കും. ബാക്കി സീറ്റുകളില്‍ വിഐപി, എല്‍ജെപി പശുപതി പരസ്, ജെഎംഎം എന്നീ പാര്‍ട്ടികള്‍ മത്സരിക്കുന്ന തരത്തിലുള്ള സീറ്റ് ധാരണയാണ് രൂപപ്പെട്ടിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
ഈ ഫോര്‍മുല തേജസ്വി യാദവ് ഇന്‍ഡ്യ മുന്നണിയുടെ മറ്റ് ചോദ്യങ്ങളില്ലാത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്നാണ്് പ്രഖ്യാപിക്കുന്നത്. ദളിതുകള്‍ക്കും അതി പിന്നാക്ക വിഭാഗങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും അധികാരം നല്‍കുക വഴി യാദവ കേന്ദ്രീകൃത ആര്‍ജെഡി പാരമ്പര്യത്തെ മാറ്റിയെഴുതുന്ന അദ്ദേഹത്തിന്റെ തന്ത്രപരമായ നീക്കമാണിതെന്നും മൃത്യുഞ്ജയ് തിവാരി പറഞ്ഞു.
മുന്നണി വിജയിച്ചാല്‍ മൂന്ന് ഉപമുഖ്യമന്ത്രിമാര്‍ എന്നത് എല്ലാവരെയും ഉള്‍ക്കൊള്ളുക എന്ന രാഹുല്‍ ഗാന്ധിയുടെ ആശയത്തെ അടിവരയിടുന്ന ഒന്നാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രവീണ്‍ സിങ് കുശ്‌വാഹ പറഞ്ഞു. സാമൂഹ്യനീതിയെന്ന ആശയത്തെ കൂടുതല്‍ ബഹുസ്വരമായ തരത്തില്‍ പ്രതീകാത്മമായ തീരുമാനമാണിതെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ നിലവില്‍ എംഎല്‍എയും സംസ്ഥാന പ്രസിഡന്റുമായ രാജേഷ് കുമാറിനെ ഉപമുഖ്യമന്ത്രിയാക്കുമെന്ന തരത്തിലായിരിക്കും കോണ്‍ഗ്രസ് പ്രചരണം. ദളിത് വിഭാഗങ്ങളില്‍ വലിയ സ്വാധീനമുള്ള നേതാവായ രാജേഷ് കുമാറിന് തെരഞ്ഞെടുപ്പില്‍ വലിയ മാറ്റമുണ്ടാക്കാനാകുമെന്നാണ് മുന്നണി പ്രതീക്ഷിക്കുന്നത്.
ഇടതുസഖ്യത്തില്‍ നിന്നുള്ള ഉപമുഖ്യമന്ത്രി മുഖമായി സിപിഐഎംഎല്‍ ലിബറേഷന്റെ മെഹ്ബൂബ് ആലത്തെ ഉയര്‍ത്തിക്കാട്ടിയേക്കും. മൂന്ന് തവണ എംഎല്‍എയായ മെഹ്ബൂബ് ആലത്തിന് വലിയ ജനപ്രീതിയാണുള്ളത്. ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള ഉപമുഖ്യമന്ത്രിയെന്ന തരത്തിലായിരിക്കും മെഹ്ബൂബ് ആലം തെരഞ്ഞെടുപ്പിനെ നേരിടുക.
Content Highlights: The Opposition Grand Alliance in Bihar plans to appoint three deputy CMs from diverse communities