വണ്ടല്ലൂർ മൃഗശാലയിൽ സിംഹത്തെ കാണാനില്ല; സമീപപ്രദേശത്ത് പരിഭ്രാന്തി, തിരച്ചിലിന് ഡ്രോണുകളും

സഫാരി മേഖലയിലേക്ക് തുറന്നുവിട്ട ആറു വയസുള്ള സിംഹത്തിനായി നാല് ദിവസങ്ങളായി തിരച്ചില്‍ നടത്തുകയാണ്

വണ്ടല്ലൂർ മൃഗശാലയിൽ സിംഹത്തെ കാണാനില്ല; സമീപപ്രദേശത്ത് പരിഭ്രാന്തി, തിരച്ചിലിന് ഡ്രോണുകളും
dot image

ചെന്നൈ: വണ്ടല്ലൂര്‍ മൃഗശാലയില്‍ സിംഹത്തെ കാണാതായതിനെ തുടര്‍ന്ന് സമീപപ്രദേശങ്ങളില്‍ പരിഭ്രാന്തി. മൃഗശാലയുടെ വിവിധ ഭാഗങ്ങളില്‍ ഡ്രോണുകളും തെര്‍മല്‍ ഇമേജിങ് ക്യാമറകളും ഉപയോഗിച്ച് തിരച്ചില്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. സഫാരി മേഖലയിലേക്ക് തുറന്നുവിട്ട ആറു വയസുള്ള സിംഹത്തിനായി നാല് ദിവസങ്ങളായി തിരച്ചില്‍ നടത്തുകയാണ്.

ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആറ് കിലോമീറ്റര്‍ ദൂരെയുള്ള അരിജ്ഞര്‍ അണ്ണാ മൃഗശാലയിലാണ് ദിവസങ്ങളായി കാണാതായ സിംഹത്തിന് വേണ്ടി തിരച്ചില്‍ പുരോഗമിക്കുന്നത്. ബെംഗളൂരുവിലെ ബന്നാര്‍ഘട്ട ബയോളജിക്കല്‍ പാര്‍ക്കില്‍ നിന്ന് മൂന്ന വര്‍ഷങ്ങള്‍ക്ക് മുന്‍പ് വണ്ടല്ലൂരിലേക്ക് എത്തിച്ച ഷേരു എന്ന സിംഹത്തെ വ്യാഴാഴ്ച്ചയായിരുന്നു ആദ്യമായി തുറന്നുവിട്ടത്. രാത്രി ഭക്ഷണം കഴിക്കാനുള്ള സമയമാകുമ്പോഴേക്കും സിംഹം കൂട്ടിലെത്തും എന്നായിരുന്നു മൃഗശാല അധികൃതരുടെ കണക്ക് കൂട്ടല്‍. എന്നാല്‍ ഇതുവരെ സിംഹം തിരികെ കൂട്ടിലേക്ക് തിരികെ വന്നില്ല.

മൃഗശാലയ്ക്കുള്ളിലെ 20 ഹെക്ടര്‍ വരുന്ന സ്വാഭാവിക വനഭൂമിയാണ് സഫാരിക്കായി ഉപയോഗിക്കുന്നത്. ഇവിടേക്ക് തുറന്നുവിടുന്ന മൃഗങ്ങളെ തുറന്ന് ജീപ്പില്‍ സവാരിക്കെത്തുന്ന മനുഷ്യര്‍ക്ക് അടുത്ത് കാണാനാവും. രണ്ട് സിംഹങ്ങളാണ് ഒരു തവണ സഫാരിക്കായി അനുവദിച്ച സ്ഥലത്ത് ഉണ്ടാവുക. നേരത്തെ സഫാരിക്കായി ഉപയോഗിച്ചിരുന്ന സിംഹത്തിന് പ്രായമായപ്പോളാണ് ഷേരുവിനെ അവിടേക്ക് തുറന്നുവിട്ടത്. പുതിയ സ്ഥലമായതിനാല്‍ പരിചയക്കുറവ് മൂലമാണ് ഷേരു തിരികെ വരാത്തത് എന്നാണ് മൃഗശാല അധികൃതര്‍ പറയുന്നത്. കുറ്റിക്കാടുകള്‍ നിറഞ്ഞ പ്രദേശത്ത് മൃഗങ്ങള്‍ ഒളിച്ചാല്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്നും അധികൃതര്‍ വ്യക്തമാക്കി.

മൃഗശാലയിലെ സഫാരി പ്രദേശം 15 അടി ഉയരമുള്ള ഇരുമ്പ് കമ്പിവേലി കൊണ്ട് ചുറ്റപ്പെട്ടിട്ടുള്ളതിനാല്‍ സുരക്ഷിതമാണെന്നും സിംഹത്തിന് പുറത്തേക്ക് കടക്കാന്‍ കഴിഞ്ഞിട്ടുണ്ടാവില്ലെന്നും അധികൃതര്‍ പറഞ്ഞു. എങ്കിലും സമീപപ്രദേശങ്ങളില്‍ പരിഭ്രാന്തി പടര്‍ന്നിട്ടുണ്ട്.

Content Highlight; 6-year-old Lion ‘Sheru’ Missing from chennai zoo

dot image
To advertise here,contact us
dot image