
പ്രമേഹ രോഗികളുടെ ഭക്ഷണക്രമങ്ങളുമായി ബന്ധപ്പെട്ട നിരവധി ചര്‍ച്ചകളും പഠനങ്ങളും ദിനം പ്രതിയെന്നോണം നമ്മൾ കാണാറുണ്ട്. അത്തരത്തില്‍ പലപ്പോഴും ചര്‍ച്ചയില്‍ വരുന്ന ഒന്നാണ് തേങ്ങയും പ്രമേഹവും. നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത് ഒന്നാണ് തേങ്ങ. തേങ്ങയുള്‍പ്പെടുന്ന നിരവധി ഭക്ഷണങ്ങള്‍ നമ്മള്‍ കഴിക്കാറുമുണ്ട്. എന്നാല്‍ ശരിക്കും തേങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരിക്കും പ്രമേഹ രോഗികള്‍ക്ക് നല്ലതാണോ ?
തേങ്ങ പ്രമേഹ രോഗികള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. തേങ്ങയില്‍ കുറവ് കാര്‍ബോഹൈഡ്രേറ്റുകള്‍ മാത്രമാണ് അടങ്ങിയിട്ടുള്ളത്. ഇതില്‍ തന്നെ നാരുകളാണ് അധികവും. ഈ നാരുകള്‍ ദഹനത്തെ മന്ദഗതിയിലാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ കുതിച്ചു ചാട്ടത്തെ തടയാന്‍ സഹായിക്കുകയും ചെയ്യുന്നു. എന്നാല്‍ അതേ സമയം തന്നെ തേങ്ങയിലെ മാംസളമായ ഭാഗത്ത് പൂരിതമായ കൊഴുപ്പും ഉയര്‍ന്ന കലോറിയും അടങ്ങിയിട്ടുണ്ട്. ഈ ഭാഗം അമിതമായി കഴിക്കുകയാണെങ്കില്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാം. ഇത് ഹൃദ്രോഗത്തിനും കാരണമായേക്കാം.
എന്നാൽ ശ്രദ്ധാപൂര്‍വ്വം കഴിച്ചാല്‍ ധാരാളം ഗുണങ്ങള്‍ ശരീരത്തിന് തേങ്ങയില്‍ നിന്ന് ലഭിക്കും. ഇതിലെ നാരുകള്‍ ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി വര്‍ദ്ധിപ്പിക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇതിന് പുറമേ അനാവശ്യമായ ലഘുഭക്ഷണങ്ങള്‍ ഒഴിവാക്കാനും വിശപ്പ് നിയന്ത്രിക്കാനും തേങ്ങ സഹായിക്കും. പ്രമേഹരോഗികള്‍ ഒരു ദിവസം ഏകദേശം 30 മുതല്‍ 40 ഗ്രാം വരെ തേങ്ങ കഴിക്കുന്നതിൽ കുഴപ്പമില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ അതേ സമയം നിങ്ങളുടെ ഷുഗര്‍ ലെവല്‍ ഇത് കഴിച്ച ശേഷം എങ്ങനെ പോകുന്നുവെന്ന് കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.
ചുരുക്കത്തില്‍ പറഞ്ഞാല്‍ തവിട്ട് നിറമുള്ള പുറംതോടു കൂടിയ നന്നായി വിളഞ്ഞ വെളുത്ത തേങ്ങ കൃത്യമായ അളവ് പാലിച്ച് പ്രമേഹരോഗികള്‍ക്ക് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. കുറഞ്ഞ ഗ്ലൈസെമിക് സൂചികയും ഉയര്‍ന്ന നാരുകളുടെ അളവും ഇതിനെ പല ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റുകളേക്കാളും സുരക്ഷിതമായ തിരഞ്ഞെടുപ്പാക്കി മാറ്റുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Content Highlights- Can diabetics eat coconut-based foods? Know the truth