
കെഎഫ്‌സിക്കെതിരെ സോഷ്യൽ മീഡിയയിൽ പുതുതായി പങ്കുവെച്ചിരിക്കുന്ന പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കെഎഫ്‌സി ബെംഗളൂരു ഔട്ടലെറ്റില്‍ നിന്നുണ്ടായ മോശം അനുഭവത്തെ പറ്റിയാണ് ഉപഭോക്താവ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഒരു യുവതി രണ്ട് തവണ ബെംഗളൂരു കെഎഫ്‌സിയില്‍ നിന്ന് ബര്‍ഗര്‍ ഓര്‍ഡര്‍ ചെയ്‌തെന്നും എന്നാല്‍ രണ്ട് തവണയും മോശം അനുഭവമാണ് ഉണ്ടായതെന്നും പോസ്റ്റില്‍ പറയുന്നു.
ബെംഗളൂരുവിലെ കെഎഫ്‌സി ഔട്ട്‌ലെറ്റില്‍ നിന്ന് വാങ്ങിയ ബര്‍ഗറില്‍ നിന്നുണ്ടായ ദുര്‍ഗന്ധമാണ് ആദ്യം തന്റെ ശ്രദ്ധയില്‍പ്പെട്ടതെന്ന് പോസ്റ്റിൽ പറയുന്നു. സംശയം തോന്നി തുറന്ന് നോക്കിയപ്പോള്‍ കണ്ടത് പഴകിയ മാംസമാണെന്നും യുവതി പറയുന്നു. പിന്നാലെ ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണോ എന്നറിയാന്‍ രണ്ടാമതും അതേ ഔട്ട്‌ലെറ്റില്‍ നിന്ന് അതേ ബര്‍ഗര്‍ തന്നെ വാങ്ങി. എന്നാല്‍ രണ്ടാമത്തെ ബര്‍ഗറിലും അവസ്ഥ സമാനമായിരുന്നു. പിന്നാലെ വിഷയം സ്റ്റാഫുകളെ അറിയിച്ചെങ്കിലും അത് സോസിന്റെ മണം മാത്രമാണെന്ന് പറഞ്ഞ് അവര്‍ വിഷയം മാറ്റാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് വെജിറ്റേറിയന്‍ ബര്‍ഗര്‍ നല്‍കി പ്രശ്‌നമൊതുക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും യുവതി വെളിപ്പെടുത്തുന്നു. ഭക്ഷണം കഴിക്കാനെത്തിയ മറ്റ് ഉപഭക്താക്കള്‍ക്കും സമാനമായ രീതിയില്‍ അനുഭമുണ്ടായതായി പോസ്റ്റിൽ പറയുന്നു.
🚨 WARNING: HSR KFC, Bangalore Extremely Unsafe Food 🚨
— Karnataka Portfolio (@karnatakaportf) October 4, 2025
One of our followers has shared a shocking and disturbing experience at the KFC outlet in HSR Layout, Bangalore. She had ordered a Hot & Spicy Chicken Zinger Burger, but the moment she opened it, the stench was unbearable.… pic.twitter.com/yFpIcblaAA
'ഔട്ട്ലെറ്റിന്റെ അടുക്കള കാണാന്‍ ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടപ്പോള്‍, രാത്രി 10 മണിക്ക് ശേഷം പ്രവേശനം അനുവദനീയമല്ലെന്നും മാനേജര്‍ സ്ഥലത്തില്ലെന്നും ജീവനക്കാര്‍ ന്യായങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു. ഒടുവില്‍, നിര്‍ബന്ധിച്ച് അകത്ത് കയറിയപ്പോൾ ഉള്ളിലെ യാഥാര്‍ത്ഥ്യം ഭയാനകമായിരുന്നു. ചിക്കന്‍ പൊതിയാന്‍ ഉപയോഗിച്ച ബ്രെഡിംഗ് വെള്ളം വൃത്തിഹീനവും മലിനവുമായിരുന്നു. പാചക എണ്ണ കറുത്തതും ആവര്‍ത്തിച്ചുള്ള ഉപയോഗത്താല്‍ പഴകിയതുമായിരുന്നു. കൂടാതെ കോള്‍ഡ് സ്റ്റോറേജില്‍ ദുര്‍ഗന്ധം വമിക്കുന്ന മാംസം, പൂപ്പല്‍ പിടിച്ച ഷീറ്റുകള്‍, തുരുമ്പ്, മാലിന്യം എന്നിവ അടുക്കി വെച്ചിരുന്നു. തറ കറകളും തുപ്പല്‍ പാടുകളും കൊണ്ട് വൃത്തിഹീനമായിരുന്നു, പൊലീസ് എത്തിയപ്പോഴും, ജീവനക്കാര്‍ അരമണിക്കൂറോളം അടുക്കള പൂട്ടിയിട്ടു. പക്ഷേ ആ സമയത്ത്, ഔട്ട്ലെറ്റില്‍ നിന്ന് സ്വിഗ്ഗിയും സൊമാറ്റോയും വഴി ഓർഡർ ചെയ്ത ഏകദേശം 30 മുതല്‍ 40 ഡെലിവറികള്‍ അവര്‍ നല്‍കി കൊണ്ടേയിരുന്നുവെന്നും കര്‍ണാടക പോര്‍ട്ട്‌ഫോളിയോയുടെ എക്‌സ് പേജില്‍ കുറിച്ചിരിക്കുന്നു.
കെഎഫ്സി സംഭവത്തെ പൂര്‍ണമായി നിരാകരിച്ചു. ഉത്തരവാദിത്തമുള്ള ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള ഭക്ഷ്യ സുരക്ഷ നല്‍കുന്നതാമ് തങ്ങളുടെ ലക്ഷ്യമെന്ന് കെഎഫ്സി അറിയിച്ചു. രാജ്യത്തെ പ്രശസ്ത വിതരണക്കാരില്‍ നിന്നാണ് കെഎഫ്സി ഉയര്‍ന്ന നിലവാരമുള്ള ചിക്കന്‍ വാങ്ങുന്നതെന്നും. ബ്രാന്‍ഡിനെ തെറ്റായി പ്രതിനിധീകരിക്കുന്ന തെറ്റായ വിവരങ്ങളുടെയും ഉള്ളടക്കത്തിന്റെയും പ്രചാരണത്തെ തങ്ങള്‍ ശക്തമായി അപലപിക്കുന്നുവെന്നുമാണ് കെഎഫ്സി അറിയിച്ചത്.
Content Highlights- Unbearable stench, rotten meat; ; Allegations against KFC