ഞാൻ കോഴി വളര്‍ത്തുന്നുണ്ടോ? മണിക്കൂറുകൾ നീണ്ട സർവ്വേ ചോദ്യങ്ങളിൽ നീരസം പ്രകടിപ്പിച്ച് ഡി കെ ശിവകുമാർ

അത്യാവശ്യമായ ഡാറ്റയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഡി കെ ശിവകുമാർ ഉദ്യോഗസ്ഥരോട് പറയുന്നത്.

ഞാൻ കോഴി വളര്‍ത്തുന്നുണ്ടോ? മണിക്കൂറുകൾ നീണ്ട സർവ്വേ ചോദ്യങ്ങളിൽ നീരസം പ്രകടിപ്പിച്ച് ഡി കെ ശിവകുമാർ
dot image

ബെംഗളൂരു: കര്‍ണ്ണാടക സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സാമൂഹിക-സാമ്പത്തിക സര്‍വ്വേയിലെ നീണ്ട ചോദ്യങ്ങളോട് അതൃപ്തി പ്രകടമാക്കി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. ഞായറാഴ്ച തന്റെ വസതിയായ സദാശിവനഗറില്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴായിരുന്നു ഡി കെ ശിവകുമാർ നീരസം പ്രകടിപ്പിച്ചത്. മണിക്കൂറുകള്‍ നീണ്ട നടപടി ക്രമമാണ് നേതാവിനെ ചൊടിപ്പിച്ചത്. വ്യക്തിപരമായതെന്ന് ചൂണ്ടിക്കാട്ടി ചില ചോദ്യങ്ങള്‍ ചോദിക്കരുതെന്ന് ഡി കെ സര്‍വേ നടത്തുന്ന ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഒരേസമയം സര്‍വേയില്‍ പങ്കെടുക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്ന ഡി കെയുടെ നടപടിക്കെതിരെ ബിജെപി രംഗത്തെത്തി.

അത്യാവശ്യമായ ഡാറ്റയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഡി കെ ഉദ്യോഗസ്ഥരോട് പറയുന്നത്. 'വളര്‍ത്തുന്ന കന്നുകാലികളെക്കുറിച്ചോ അവരുടെ കൈവശം എത്ര സ്വര്‍ണ്ണമുണ്ടെന്നോ ആളുകളോട് ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല' എന്ന് അദ്ദേഹം പറഞ്ഞു. 60 പ്രധാന ചോദ്യങ്ങളും 20 ഉപ ചോദ്യങ്ങളും അമിതമായിരുന്നുവെന്നും ഡി കെ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

'നിങ്ങള്‍ക്ക് എത്ര കോഴിയുണ്ട്, എത്ര ആടുണ്ട്, എത്ര സ്വര്‍ണ്ണമുണ്ട് പോലുള്ള ചോദ്യങ്ങള്‍. എനിക്ക് കോഴിഫാം ഉണ്ടോയെന്നാണ് അവര്‍ ചോദിക്കുന്നത്. ഞാന്‍ കോഴിഫാം വ്യവസായം നടത്തുന്നുണ്ടോ?' ശിവകുമാര്‍ ചോദിച്ചു. അവരുടെ പക്കല്‍ ധാരാളം ചോദ്യങ്ങളുണ്ട്. അത് കുറക്കാന്‍ ഞാന്‍ അവരോട് പറഞ്ഞു. ജനങ്ങള്‍ക്ക് ക്ഷമയില്ല. പ്രത്യേകിച്ച് നഗരങ്ങളില്‍', എന്നായിരുന്നു ഡികെ ശിവകുമാറിന്റെ പ്രതികരണം. ജാതി, വിദ്യാഭ്യാസ യോഗ്യത, സര്‍ക്കാരിന്റെ ഏതെങ്കിലും ആനുകൂല്യങ്ങള്‍ പറ്റുന്നവരാണോ എന്നതടക്കം അത്യാവശ്യമുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും ഡി കെ ഉദ്യോഗസ്ഥരോട് പറഞ്ഞതായാണ് വിവരം.

സര്‍വ്വേയോടുള്ള ഡി കെ ശിവകുമാറിന്റെ സമീപനത്തില്‍ ബിജെപി രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ സര്‍വ്വേയെന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ ജാതി സെന്‍സസാണ് നടത്തുന്നതെന്നും ഇതില്‍ ദിനം പ്രതി സംശയം കൂടുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി വൈ വിജയേന്ദ്ര പറഞ്ഞു. അതിനുള്ള ഉത്തമ ഉദാഹരണമാണ് ഡി കെ ശിവകുമാറിന്റെ സര്‍വ്വേയോടുള്ള സമീപനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന കമ്മീഷന്‍ സംഘടിപ്പിക്കുന്ന സെപ്തംബര്‍ 22 ന് ആരംഭിച്ച സര്‍വ്വേ ഒക്ടോബര്‍ 7 വരെയാണ് നടക്കുക.

Content Highlights: Am I Doing Poultry Business DK Shivakumar miffed with survey questions

dot image
To advertise here,contact us
dot image