
ബൊഗോട്ട: ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണ് ഇന്ത്യയുടെ ഏറ്റവും വലിയ ഭീഷണിയെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയിലെ ജനാധിപത്യ സംവിധാനം എല്ലാവര്‍ക്കും ഒരിടം നല്‍കുന്നുവെന്നും എന്നാല്‍ അത് ആക്രമിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊളംബിയയിലെ ഇഐഎ സര്‍വകലാശാലയിലെ പരിപാടിയിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
'ഇന്ത്യക്ക് നിരവധി മതങ്ങളുണ്ട്, പാരമ്പര്യമുണ്ട്, ഭാഷയുണ്ട്. ജനാധിപത്യ സംവിധാനം എല്ലാവര്‍ക്കും ഒരിടം നല്‍കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ എല്ലാ വശത്ത് നിന്നും ജനാധിപത്യ സംവിധാനം ആക്രമിക്കപ്പെടുകയാണ്', രാഹുല്‍ ഗാന്ധി പറഞ്ഞു. ആഗോള ഭൂപ്രകൃതിയില്‍ ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന സ്വാധീനത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഇന്ത്യയ്ക്ക് 140 കോടി ജനങ്ങളുണ്ട്. എന്നാല്‍ ചൈനയില്‍ നിന്നും ഇന്ത്യയ്ക്ക് വ്യത്യസ്തമായ സംവിധാനമാണുള്ളത്. ചൈന കേന്ദ്രീകൃതവും ഏകീകൃതവുമാണ്. ഇന്ത്യ വികേന്ദ്രീകൃത രാജ്യമാണ്. നിരവധി ഭാഷകളും സംസ്‌കാരവും പാരമ്പര്യവും മതങ്ങളുമുണ്ട്. ഇന്ത്യയ്ക്ക് കുറച്ച് കൂടി സങ്കീര്‍ണമായ സംവിധാനമാണുള്ളതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇന്ത്യയ്ക്ക് ഒരുപാട് കാര്യങ്ങള്‍ രാജ്യത്തിന് വേണ്ടി നല്‍കാന്‍ സാധിക്കുമെന്നും എന്നാല്‍ അതേസമയം തന്നെ ഇന്ത്യന്‍ ഘടനയില്‍ പിഴവുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ജനാധിപത്യത്തിനെതിരായ ആക്രമണമാണ് ഏറ്റവും വലിയ അപകടം. വ്യത്യസ്ത പാരമ്പര്യം, മതം, ചിന്തകള്‍ തുടങ്ങിയവയ്ക്ക് ഒരു ഇടം ആവശ്യമാണ്. നിലവില്‍ ഇന്ത്യയിലെ മൊത്തം ജനാധിപത്യ സംവിധാനത്തിനെതിരെയും ആക്രമണം നടക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ തമ്മിലുള്ള ഭിന്നതയാണ് മറ്റൊരു അപകടം. 16-17 വ്യത്യസ്ത ഭാഷകളും വ്യത്യസ്ത മതങ്ങളുമുണ്ട് ഇന്ത്യയില്‍. ഈ വ്യത്യസ്ത പാരമ്പര്യങ്ങളെ വളരാന്‍ അനുവദിക്കാനും അതിന് ഒരു ഇടം നല്‍കുന്നതും ഇന്ത്യയില്‍ പ്രധാനമാണ്. ചൈന ചെയ്യുന്നത് പോലെ ആളുകളെ അടിച്ചമര്‍ത്തുന്നതും ഒരു സ്വേച്ഛാധിപത്യം പ്രവര്‍ത്തിപ്പിക്കുന്നതും നമുക്ക് ചെയ്യാന്‍ സാധിക്കില്ല. ഞങ്ങളുടെ സംവിധാനം അത് അനുവദിക്കില്ല', രാഹുല്‍ ഗാന്ധി പറഞ്ഞു.
ഊര്‍ജ്ജ സംക്രമണത്തിലാണ് സാമ്രാജ്യങ്ങളുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്റ്റീം എഞ്ചിനും കല്‍ക്കരിയും ബ്രീട്ടിഷുകാര്‍ നിയന്ത്രിച്ചു. അവര്‍ ഒരു മഹാശക്തിയായി. ആ സാമ്രാജ്യവുമായി ഞങ്ങള്‍ ഇന്ത്യക്കാര്‍ പോരാടി ഒടുവില്‍ 1947ല്‍ സ്വാതന്ത്ര്യം നേടി. ബ്രിട്ടീഷുകാര്‍ക്ക് ശേഷം കല്‍ക്കരി, നീരാവി എന്നിവയില്‍ നിന്നും പെട്രോളിലേക്കും ഇന്റേണല്‍ ജ്വലന എഞ്ചിനിലേക്കുമുള്ള മാറ്റും അമേരിക്കക്കാര്‍ നിയന്ത്രിച്ചു. ഫ്യൂവല്‍ ടാങ്കില്‍ നിന്നും ബാറ്ററിയിലേക്കാണ് ഇപ്പോഴത്തെ മാറ്റം. ഈ പരിവര്‍ത്തനം അമേരിക്കയാണോ ചൈനയാണോ നിയന്ത്രിക്കാന്‍ പോകുന്നത് എന്നതാണ് യഥാര്‍ത്ഥ പോരാട്ടം. ചൈനയായിരിക്കും വിജയിക്കുകയെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിനെതിരെ ബിജെപി രംഗത്തെത്തി. രാഹുല്‍ ഗാന്ധി പ്രൊപ്പഗണ്ടയുടെ നേതാവാണെന്ന് ബിജെപി പ്രതികരിച്ചു. വിദേശ മണ്ണില്‍ ഇന്ത്യന്‍ ജനാധിപത്യത്തെ രാഹുല്‍ ലക്ഷ്യം വെക്കുന്നുവെന്ന് ബിജെപി വിമര്‍ശിച്ചു.
Content Highlights: Rahul Gandhi says Attack on democracy major risk to India