'ഗാന്ധിജിയുടെ സംഭാവനകള്‍ അവിസ്മരണീയം'; പുകഴ്ത്തി ആര്‍എസ്എസ്, മറുപടിയുമായി കോൺഗ്രസ്

ധൈര്യവും ലാളിത്യവും കൊണ്ട് വലിയ മാറ്റങ്ങള്‍ കൊണ്ടുവന്ന നേതാവാണ് മഹാത്മാഗാന്ധിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു

'ഗാന്ധിജിയുടെ സംഭാവനകള്‍ അവിസ്മരണീയം'; പുകഴ്ത്തി ആര്‍എസ്എസ്, മറുപടിയുമായി കോൺഗ്രസ്
dot image

ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയെ പുകഴ്ത്തി ആര്‍എസ്എസ്. സ്വാതന്ത്ര്യ സമരത്തില്‍ ഗാന്ധിജിയുടെ സംഭാവനകള്‍ അവിസ്മരണീയമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പറഞ്ഞു. നാഗ്പൂരില്‍ ആര്‍എസ്എസിന്റെ വിജയദശമി റാലിയിലായിരുന്നു മോഹന്‍ ഭാഗവതിന്റെ ഗാന്ധി സ്തുതി. സ്വാതന്ത്ര്യ സമര സേനാനികളിൽ പ്രമുഖൻ മാത്രമല്ല ഗാന്ധിജി. ഭാരതത്തിന്റെ 'സ്വത്വ'ത്തിൽ അധിഷ്ഠിതമായ ഒരു രാഷ്ട്രം വിഭാവനം ചെയ്തവരിൽ പ്രത്യേക സ്ഥാനമുള്ള വ്യക്തി കൂടിയാണ് അദ്ദേഹമെന്നും മോഹൻ ഭാഗവത് പറഞ്ഞു.

മോഹന്‍ ഭാഗവത്

ലാൽ ബഹദൂർ ശാസ്ത്രിയെയും അദ്ദേഹം അനുസ്മരിച്ചു. ലാളിത്യം, വിനയം, സമഗ്രത, ദൃഢനിശ്ചയം എന്നിവയുടെ പ്രതീകമായിരുന്ന ലാൽ ബഹദൂർ ശാസ്ത്രി രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചുവെന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു. 'നമുക്ക് ഒരിക്കലും ഒരു രാഷ്ട്ര-രാജ്യം എന്ന സങ്കൽപ്പം ഉണ്ടായിരുന്നില്ല. നമ്മുടെ സംസ്കാരമാണ് നമ്മുടെ രാഷ്ട്രത്തെ ഉണ്ടാക്കുന്നത്. രാജ്യങ്ങൾ വരികയും പോകുകയും ചെയ്യാം, എന്നാൽ രാഷ്ട്രം എക്കാലവും നിലനിൽക്കും. ഇതാണ് നമ്മുടെ പുരാതന ഹിന്ദു രാഷ്ട്രം',മോഹൻ ഭാഗവത് പറഞ്ഞു. നമ്മുടെ വാക്കുകൾ ഏതെങ്കിലും മതത്തെയോ വിശ്വാസത്തെയോ അപമാനിക്കുകയോ ഇകഴ്ത്തുകയോ ചെയ്യുന്നില്ലെന്ന് എല്ലാവരും ഉറപ്പാക്കണമെന്നും ആര്‍എസ്എസ് മേധാവി ആവശ്യപ്പെട്ടു.

മോഹൻ ഭാഗവത്, മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ്

വൈദേശിക ആശയധാരകളെ ഇന്ത്യ സ്വീകരിച്ചു. വൈവിധ്യമാണ് രാജ്യത്തിന്റെ സംസ്‌കാരം. എന്നാല്‍ ഈ വൈവിധ്യത്തെ ഇല്ലാതാക്കാന്‍ ശ്രമം നടക്കുകയാണ്. പല ആശയങ്ങള്‍ ഉള്‍കൊള്ളുന്നവര്‍ക്കിടയില്‍ ചിലപ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ ഐക്യവും രാജ്യത്തെ നിയമങ്ങളും ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം. നിയമം കയ്യിലെടുക്കുന്നതും ഗുണ്ടായിസവും ശരിയായ രീതിയല്ല. ഒരു സമൂഹത്തെ പ്രകോപിപ്പിക്കാനും ശക്തി പ്രകടനം നടത്താനും ശ്രമിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

ധൈര്യവും ലാളിത്യവും കൊണ്ട് വലിയ മാറ്റങ്ങള്‍ കൊണ്ടുവന്ന നേതാവാണ് മഹാത്മാഗാന്ധിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വിക്‌സിത് ഭാരത് കെട്ടിപ്പടുക്കാന്‍ ഗാന്ധിയുടെ പാത പിന്തുടരുമെന്നും മോദി കൂട്ടിച്ചേര്‍ത്തു. രാജ്ഘട്ടിലെ ഗാന്ധി സ്മൃതിയിലെത്തി പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തി.

മോദി രാജ്ഘട്ടിൽ

അതേസമയം, ആര്‍എസ്എസിന്റെ ഗാന്ധി സ്തുതിയെ പരിഹസിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. രാജ്യത്തിന് വേണ്ടി ഗാന്ധിയും പട്ടേലും നെഹ്‌റുവുമൊക്കെ പോരാടിയപ്പോള്‍ ബ്രിട്ടീഷുകാര്‍ക്കൊപ്പം നിന്ന ചരിത്രമാണ് ആര്‍എസ്എസിന് ഉള്ളതെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലുകാര്‍ജുന്‍ ഖര്‍ഗെ പ്രതികരിച്ചു.

ഹിന്ദു ദേശീയത ഉയര്‍ത്തുന്ന തീവ്രസ്വഭാവമുള്ള സംഘടന എന്നതില്‍ നിന്ന് രാജ്യത്തെ നിര്‍മ്മിച്ച സംഘടനയായി ആര്‍എസ്എസിനെ വിശേഷിപ്പിക്കുന്നത് സംഘപരിവാറിന്റെ പുതിയ രാഷ്ട്രീയ നീക്കമെന്നാണ് വിലയിരുത്തല്‍. ആര്‍എസ്എസിനെ ശക്തമായി എതിര്‍ത്ത ഗാന്ധിജിയെയും സര്‍ദാര്‍ പട്ടേലിനെയും അതിനായി ചേര്‍ത്തുപിടിക്കുന്നു. അയോദ്ധ്യക്ക് ശേഷം കാശിയും മധുരയുമെന്ന് പറയുന്നതിനൊപ്പമാണ് ഗാന്ധിജിയെ സ്തുതിക്കുന്ന പുതിയ ശീലം കൂടി ആര്‍എസ്എസ് പരീക്ഷിക്കുന്നത്.

Content Highlights: RSS praises Mahatma Gandhi

dot image
To advertise here,contact us
dot image