
ആസിഫ് അലിയുടെ ഏറ്റവും കാത്തിരിക്കുന്ന ചിത്രം ടിക്കി ടാക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഇന്നലെ സംവിധായകൻ രോഹിത് വി എസ് ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ വരുമെന്ന് ഒരു സൂചന തന്നിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയ മുഴുവൻ ചിത്രത്തിന്റെ പോസ്റ്ററാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. മലയാളത്തിന്റെ സൂയിസൈഡ് സ്ക്വാഡോ എന്നാണ് ഒറ്റ നോട്ടത്തിൽ പോസ്റ്ററിൽ നിന്ന് ആരാധകരും പ്രേക്ഷകരും പറയുന്ന വാചകം. ആസിഫ് അലിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ ടിക്കി ടാക്കയിൽ ഒരു വമ്പൻ താരനിര തന്നെയുണ്ട്.
ഈ ആക്ഷൻ പാക്ക്ഡ് ചിത്രത്തിനായി വലിയ ബോഡി ട്രാൻസ്‌ഫോർമേഷനാണ് ആസിഫ് നടത്തുന്നത്. പോസ്റ്ററിൽ ആസിഫും കൂട്ടരും തോക്കും മറ്റ് ആയുധങ്ങളുമായി ഒരു യുദ്ധഭൂമിയിലൂടെ നടന്ന് വരുന്ന ചിത്രമാണ് ഉള്ളത്. വാമിഖ ഗബ്ബി, സഞ്ജന നടരാജൻ, ലുക്മാൻ അവറാൻ, നസ്ലെൻ എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ഇപ്പോഴും ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ് ഈ വർഷം തന്നെ റിലീസ് ഉണ്ടാകുമെന്നാണ് സൂചന.
ഒരു പക്കാ മാസ് ആക്ഷൻ പടമായിരിക്കും ടിക്കി ടാക്ക എന്ന സൂചനയാണ് നേരത്തെ പുറത്തുവന്ന ടീസർ നൽകിയത്. പ്രേക്ഷകർക്ക് നല്ലൊരു തിയേറ്റർ എക്സ്പീരിയൻസ് നൽകണമെന്ന ഉദ്ദേശത്തോടെ ഒരുക്കുന്ന സിനിമയാണ് ടിക്കി ടാക്കയെന്നും തന്റെ കെജിഎഫ് എന്ന് വിശ്വസിക്കുന്ന ചിത്രമാണ് അതെന്നുമാണ് ടിക്കി ടാക്കയെക്കുറിച്ച് ആസിഫ് അലി ഒരു അഭിമുഖത്തിൽ പറഞ്ഞത്. ബോളിവുഡിൽ വമ്പൻ നിർമാതാക്കളായ ടി സീരീസ്, പനോരമ സ്റ്റുഡിയോസും സിനിമയുടെ നിർമാണ പങ്കാളികളാണ്. ബോളിവുഡ് ദൃശ്യത്തിന്റെ സംവിധായകനായ അഭിഷേക് പാതക്കും സിനിമയുടെ നിർമാതാക്കളിൽ ഒരാളാണ്.
ആക്ഷന് പ്രാധാന്യം നൽകിയുള്ള ചിത്രത്തിൽ ഇന്തോനേഷ്യയിൽ നിന്നുള്ള ഉദേ നൻസ് എന്ന ഫൈറ്റ് മാസ്റ്ററാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. 'ദ് റെയ്ഡ് റിഡെംപ്ഷൻ' എന്ന ഹോളിവുഡ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ ഒരുക്കിയതും ഇദ്ദേഹമായിരുന്നു. ലുക്മാൻ അവറാൻ, വാമിക ഖബ്ബി, സഞ്ജന നടരാജ്, സന്തോഷ് പ്രതാപ് എന്നിവരും ചിത്രത്തിലുണ്ട്. അഡ്വഞ്ചേഴ്സ് കമ്പനിയുടെ ബാനറിൽ ജൂവിസ് പ്രൊഡക്ഷൻസ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും നേവിസ് സേവ്യറും ചേർന്നാണ് നിർമിക്കുന്നത്. നിയോഗ് കൃഷ്ണ, ഫിറോസ് നജീബ്, യദു പുഷ്പാകരൻ എന്നിവർ ചേർന്നാണ് സിനിമയ്ക്കായി തിരക്കഥയൊരുക്കുന്നത്.
Content Highlights: Asif Ali starrer Tiki Taka First look poster out