'ഐ ലവ് മുഹമ്മദ്' പോസ്റ്റർ പതിച്ചതിന് പിന്നാലെയുണ്ടായ സംഘർഷം; യുപി ബറേലിയിൽ 48 മണിക്കൂര്‍ ഇന്റര്‍നെറ്റ് നിരോധനം

ഈ ആഴ്ചയിലെ ദസറ, ദുര്‍ഗ പൂജ കൂടി കണക്കിലെടുത്താണ് നിരോധനം

'ഐ ലവ് മുഹമ്മദ്' പോസ്റ്റർ പതിച്ചതിന് പിന്നാലെയുണ്ടായ സംഘർഷം; യുപി ബറേലിയിൽ 48 മണിക്കൂര്‍ ഇന്റര്‍നെറ്റ് നിരോധനം
dot image

ലഖ്‌നൗ: ഐ ലവ് മുഹമ്മദ് പോസ്റ്റര്‍ പതിച്ചതിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശില്‍ 48 മണിക്കൂര്‍ ഇന്റര്‍നെറ്റ് നിരോധനം. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് ഇന്ന് ഉച്ച മുതല്‍ ശനിയാഴ്ച ഉച്ച വരെ നിരോധനം. ഈ ആഴ്ചയിലെ ദസറ, ദുര്‍ഗ പൂജ കൂടി കണക്കിലെടുത്താണ് നിരോധനം. രാംലീല, രാവന്‍ ദഹന്‍ പരിപാടികള്‍ നടക്കുന്ന മൈതാനങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു.

'ഫേസ്ബുക്ക്, യൂട്യൂബ്, വാട്‌സ്ആപ്പ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ കിംവദന്തികള്‍ പ്രചരിക്കാനും വര്‍ഗീയ സംഘര്‍ഷം ഉണ്ടാകുന്നതിനും സാധ്യതയുണ്ട്. സമാധാനം നിലനിര്‍ത്താനാണ് ഇപ്പോഴത്തെ നടപടി', ഇന്റര്‍നെറ്റ് നിരോധനത്തിന്റെ പ്രസ്താവനയില്‍ ജില്ലാ ഭരണകൂടം അറിയിച്ചു. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ലോക്കല്‍ പൊലീസിന് പിന്നാലെ പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റബുലറി, റാപിഡ് ആക്ഷന്‍ ഫോഴ്‌സ് എന്നിവരെയും സജ്ജമാക്കിയിട്ടുണ്ട്. ക്രമസമാധാനം നിരീക്ഷിക്കാന്‍ ഡ്രോണുകളും സജ്ജമാക്കിയിട്ടുണ്ട്.

I Love Muhammad

അതേസമയം കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ കോണ്‍ഗ്രസ് എംപി ഇമ്രാന്‍ മസൂദിനെ വീട്ടുതടങ്കലിലാക്കിയിരുന്നു. ഐ ലവ് മുഹമ്മദ് പോസ്റ്റര്‍ വിവാദത്തെ തുടര്‍ന്ന് സംഘര്‍ഷം നിലനില്‍ക്കുന്ന ബറേലിയിലേക്ക് പാര്‍ട്ടി പ്രതിനിധി സംഘത്തെ നയിക്കാന്‍ തയ്യാറെടുക്കാനിരിക്കെയായിരുന്നു തടങ്കല്‍.

സെപ്റ്റംബര്‍ നാലിന് യുപിയിലെ കാണ്‍പൂരില്‍ നബിദിന ഷോഘയാത്രയ്ക്കിടെ വഴിയരികില്‍ ഐ ലവ് മുഹമ്മദ് എന്ന പോസ്റ്റര്‍ സ്ഥാപിച്ചതോടെയാണ് വിവാദം ആരംഭിച്ചത്. രാമനവമി പോലെയുള്ള ഹിന്ദു ഉത്സവങ്ങള്‍ ആഘോഷിക്കുന്ന സ്ഥലത്ത് മനപ്പൂര്‍വം പോസ്റ്റര്‍ സ്ഥാപിച്ചതെന്ന് പ്രാദേശിക ഹിന്ദു സംഘടനകള്‍ ആരോപിച്ചിരുന്നു. പിന്നാലെ രണ്ട് സമുദായങ്ങള്‍ക്കിടയിലും സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നിരവധി പേരുടെ വീട് റെയ്ഡ് ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പ്രതിഷേധക്കാര്‍ക്ക് നേരെയും പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയിരുന്നു.

Content Highlights: I Love Muhammad protest Uttar Pradesh banned Internet for 48 hours

dot image
To advertise here,contact us
dot image