
ബെംഗളൂരു: ധര്‍മസ്ഥല കേസില്‍ ബിജെപിയുടെ നിശബ്ദതയെ വിമര്‍ശിച്ച് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവും ഗ്രാമവികസന വകുപ്പ് മന്ത്രിയുമായ പ്രിയങ്ക് ഖാര്‍ഗെ. ധര്‍മസ്ഥലയില്‍ കൊല്ലപ്പെട്ട സൗജന്യയുടെ കുടുംബത്തോടൊപ്പമാണോ അതോ ആ കുടുംബം ആരോപണമുന്നയിക്കുന്നവരോടൊപ്പമാണോ എന്ന് ബിജെപി വ്യക്തമാക്കണമെന്ന് പ്രിയങ്ക് ഖാര്‍ഗെ ആവശ്യപ്പെട്ടു.
'ധര്‍മസ്ഥല വിഷയത്തില്‍ ബിജെപി പെട്ടെന്ന് നിശബ്ദരായത് എന്തുകൊണ്ടാണ്? മതം സംരക്ഷിക്കണമെന്ന ബിജെപിയുടെ നാടകം നാലുദിവസത്തില്‍ ഒതുങ്ങുന്നതാണോ? സൗജന്യയുടെ ബന്ധുവായ വിതല്‍ ഗൗഡ ധര്‍മസ്ഥലയിലെ ബംഗ്ല ഗുഡ്ഡയില്‍ അസ്ഥികൂട അവശിഷ്ടങ്ങളുണ്ടെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ഈ സ്ഥലം അക്ഷരാര്‍ത്ഥത്തില്‍ ഒരു യുദ്ധക്കളം പോലെയാണ് എന്ന് റിപ്പോര്‍ട്ടുണ്ട്. വിതല്‍ ഗൗഡയുടെ ആരോപണത്തില്‍ ബിജെപി എന്തുകൊണ്ടാണ് നിശബ്ദത പാലിക്കുന്നത്? സൗജന്യയുടെ വീട് സന്ദര്‍ശിച്ച ബിജെപി നേതാക്കള്‍ക്ക് എന്താണ് പറയാനുളളത്? സൗജന്യയുടെ കുടുംബത്തോടൊപ്പമാണോ അതോ ആരോപണവിധേയര്‍ക്കൊപ്പമാണോ എന്ന് ബിജെപി നേതാക്കള്‍ വ്യക്തമാക്കണം': പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു.
2012-ല്‍ ധര്‍മസ്ഥലയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സൗജന്യയുടെ അമ്മാവനാണ് വിതല്‍ ഗൗഡ. എസ്‌ഐടിയുടെ പരിശോധനയില്‍ ബംഗ്ല ഗുഡ്ഡയില്‍ നിന്ന് ഒന്നിലധികം മനുഷ്യ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. നേത്രാവതി നദീതീരത്തിന് സമീപമുളള വനത്തില്‍ എസ് ഐ ടി നടത്തിയ പരിശോധനയില്‍ നിരവധി തലയോട്ടികള്‍, ചിതറിയ നിലയില്‍ അസ്ഥികള്‍, ആചാരപരമായ ചടങ്ങുകള്‍ക്ക് ഉപയോഗിച്ചതെന്ന് തോന്നുന്ന തരത്തിലുളള കലങ്ങള്‍ എന്നിവ കണ്ടതായി വിതല്‍ ഗൗഡ അവകാശപ്പെട്ടു. 'പത്ത് അടിയ്ക്കുളളിലായിരുന്നു ആദ്യത്തെ മൂന്ന് അസ്ഥി അവശിഷ്ടങ്ങള്‍. രണ്ടാംതവണ അഞ്ചെണ്ണമെങ്കിലും എനിക്ക് വ്യക്തമായി കാണാന്‍ കഴിഞ്ഞു. എപ്പോള്‍ വിളിച്ചാലും വന്ന് കൃത്യമായി സ്ഥലങ്ങള്‍ കാണിച്ചുതരാന്‍ തയ്യാറാണെന്ന് ഞാന്‍ പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. ഒരേസ്ഥലത്ത് ഇത്രയധികം മൃതദേഹങ്ങള്‍ കുഴിച്ചിട്ടിരിക്കുന്നു എന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്': വിതല്‍ ഗൗഡ പറഞ്ഞു.
ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയായിരുന്ന സി എൻ ചിന്നയ്യയാണ് ധര്‍മസ്ഥലയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ആദ്യം രംഗത്തെത്തിയത്. ഒരു തലയോട്ടിയുള്‍പ്പെടെ തെളിവായി കൊണ്ടുവന്നായിരുന്നു ചിന്നയ്യയുടെ ആരോപണം. ക്ഷേത്രത്തിലെ അധികാരികളുടെ ഭീഷണിക്കു ഭയന്ന് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിരവധി പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങള്‍ താന്‍ സംസ്‌കരിച്ചിട്ടുണ്ട് എന്നായിരുന്നു ചിന്നയ്യയുടെ വെളിപ്പെടുത്തല്‍. പിന്നീട് ഇയാളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ക്ഷേത്രത്തെക്കുറിച്ച് വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് കാട്ടിയായിരുന്നു അറസ്റ്റ്.
വിതല്‍ ഗൗഡയും ആക്ടിവിസ്റ്റ് ഗിരീഷ് മട്ടനവരും മറ്റൊരു അസോസിയേറ്റും ചേര്‍ന്നാണ് തലയോട്ടി പൊലീസിന് നല്‍കിയതെന്ന് പിന്നീട് ചിന്നയ്യ ആരോപിച്ചു. എന്നാല്‍ ചിന്നയ്യയുടെ നിര്‍ദേശങ്ങള്‍ പാലിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്ന് ഗൗഡയും പൊലീസിനെ അറിയിച്ചിരുന്നു. സെപ്റ്റംബര്‍ ആറിന് എസ്പി സിഎ സൈമണിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം വിതല്‍ ഗൗഡയെ ബംഗ്ല ഗുഡ്ഡ വനമേഖലയില്‍ എത്തിക്കുകയും മഹസര്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എസിപി, തഹസില്‍ദാര്‍, ഫോറന്‍സിക് സംഘം തുടങ്ങിയവരുടെ സാന്നിദ്ധ്യമില്ലാതെയായിരുന്നു മഹസര്‍ രേഖപ്പെടുത്തിയത്.
Content Highlights: Priyank kharge questions bjp's silence over dharmasthala case after vital gowda's revealations