
ബെംഗളൂരു: യുവാവിന് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ദാരുണാന്ത്യം. മാനേജരോട് സിക് ലീവിന് അപേക്ഷിച്ച് പത്തുമിനുറ്റിനകമായിരുന്നു യുവാവിന്റെ അന്ത്യം സംഭവിച്ചത്. ശങ്കര്‍ എന്ന നാല്‍പതുകാരനാണ് മരിച്ചത്. ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും അതിനാല്‍ അവധി വേണമെന്നും ആവശ്യപ്പെട്ട് രാവിലെ 8.37ന് തനിക്ക് മെസേജ് അയച്ചെന്നും പത്തുമിനിറ്റിനകം 8.47ന് അദ്ദേഹം ഹൃദയസ്തംഭനത്തെ തുടര്‍ന്ന് അന്തരിച്ചെന്ന് ശങ്കറിന്റെ മാനേജര്‍ കെ വി അയ്യര്‍ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. 'ഇന്ന് രാവിലെയുണ്ടായ സങ്കടകരമായ സംഭവം' എന്ന തലക്കെട്ടിലാണ് കുറിപ്പ്.
'എന്റെ സഹപ്രവര്‍ത്തകരില്‍ ഒരാളായ ശങ്കര്‍ ഇന്ന് രാവിലെ 8.37ന് എനിക്ക് മെസേജ് അയച്ചു. സര്‍, കടുത്ത പുറംവേദന കാരണം എനിക്ക് ഇന്ന് വരാനാകില്ല. ലീവ് അനുവദിക്കണമെന്നായിരുന്നു അത്. ഇത്തരം ലീവ് അപേക്ഷകള്‍ സാധാരണമായതിനാല്‍ ശരി വിശ്രമിക്കൂ എന്ന് അദ്ദേഹത്തിന് മറുപടി നല്‍കി. ദിവസം സാധാരണമായി കടന്നുപോയി. 11.00 മണി ആയപ്പോള്‍ എനിക്കൊരു ഫോണ്‍ കോള്‍ വരികയും മുന്‍പൊരിക്കലുമുണ്ടാകാത്ത പോലെ അതെന്നെ ഞെട്ടിക്കുകയും ചെയ്തു. ശങ്കര്‍ മരിച്ചുവെന്നാണ് വിളിച്ചയാള്‍ പറഞ്ഞത്. ആദ്യം കേട്ടപ്പോള്‍ ഞാന്‍ അത് വിശ്വസിച്ചില്ല. കേട്ടത് ശരിയാണോയെന്ന് ഉറപ്പാക്കാനും വിലാസം ലഭിക്കാനും മറ്റൊരു സഹപ്രവര്‍ത്തകനെ വിളിച്ചു. വിലാസം ലഭിച്ചതോടെ ഞാന്‍ അദ്ദേഹത്തെ വീട്ടിലേക്ക് പാഞ്ഞു. അദ്ദേഹം ജീവനോടെയുണ്ടായില്ല.
ആറ് കൊല്ലമായി ശങ്കര്‍ എന്റെ ടീം അംഗമായിരുന്നു. വെറും നാല്‍പത് വയസ്സുമാത്രമായിരുന്നു പ്രായം. ആരോഗ്യവാനും ചുറുചുറുക്കുള്ളയാളുമായിരുന്നു. വിവാഹിതനായിരുന്നു. ഒരു കുഞ്ഞുണ്ട്. പുക വലിക്കുമായിരുന്നില്ല. ഒരിക്കലും മദ്യപിച്ചിട്ടില്ല. പെട്ടെന്ന് അദ്ദേഹത്തിന് ഹൃദയസ്തംഭനമുണ്ടാവുകയായിരുന്നു. അദ്ദേഹം എനിക്ക് അവധി ആവശ്യപ്പെട്ട് മെസേജ് അയച്ചത് 8.37ന് ആയിരുന്നു. അന്ത്യശ്വാസം വലിച്ചത് 8.47നും', ഇങ്ങനെയാണ് കെ വി അയ്യരുടെ കുറിപ്പ്. ജീവിതം അത്രമേല്‍ പ്രവചനാതീതമാണെന്ന വരികളോടെയാണ് അയ്യരുടെ കുറിപ്പ് അവസാനിക്കുന്നത്.
Content Highlights: A healthy 40-year-old man died of cardiac arrest just 10 minutes after sending a sick-leave text