സാമ്പത്തിക വിദഗ്ദനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രസേന്‍ജിത് ബോസ് കോണ്‍ഗ്രസിലേക്ക്

'ജാതി സെന്‍സസ് പോലുളള പ്രധാന വിഷയങ്ങള്‍ക്കായി രാഹുല്‍ ഗാന്ധി ശബ്ദമുയര്‍ത്തുന്നുണ്ട്. അതിനാല്‍ കോണ്‍ഗ്രസ് ജനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ വലിയ വേദിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്': പ്രസേന്‍ജിത് ബോസ് കൂട്ടിച്ചേര്‍ത്തു

സാമ്പത്തിക വിദഗ്ദനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രസേന്‍ജിത് ബോസ് കോണ്‍ഗ്രസിലേക്ക്
dot image

ന്യൂഡല്‍ഹി: പശ്ചിമബംഗാളിലെ സാമൂഹ്യ-രാഷ്ട്രീയ മേഖലകളില്‍ അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ദനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രസേന്‍ജിത് ബോസ് കോണ്‍ഗ്രസില്‍ ചേരും. രാഷ്ട്രപതിയായി പ്രണബ് മുഖര്‍ജിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണച്ചതിന്റെ പേരില്‍ പാര്‍ട്ടിയുമായുളള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് 2012-ല്‍ സിപിഐഎമ്മില്‍ നിന്ന് രാജിവെച്ചിരുന്നു. 'ഭരണഘടനയ്‌ക്കെതിരെ നിലവിലെ സര്‍ക്കാര്‍ ആക്രമണം നടത്തുകയാണ്. അതിനെതിരെ പോരാടുന്നത് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും മാത്രമാണ്. ഭരണഘടനയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് അവര്‍ മാത്രമാണ്': പ്രസേന്‍ജിത് ബോസ് പറഞ്ഞു.

സെപ്റ്റംബര്‍ പതിനഞ്ചിന് വൈകുന്നേരം മൂന്നുമണിയ്ക്ക് കൊല്‍ക്കത്തയിലെ റാംമോഹന്‍ ലൈബ്രറി ഹാളില്‍ നടക്കുന്ന ചടങ്ങിലൂടെയാണ് പ്രസേന്‍ജിത് ബോസ് കോണ്‍ഗ്രസ് പ്രവേശനം നടത്തുക. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഭരണഘടനയെയും പൗരന്മാരുടെ വോട്ടവകാശവും സംരക്ഷിക്കുന്നതിനായി രാജ്യവ്യാപകമായി നടക്കുന്ന ബഹുജന പ്രസ്ഥാനത്തില്‍ പ്രചോദനമുള്‍ക്കൊണ്ടാണ് ഈ തീരുമാനം. ജനാധിപത്യ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുകയും കേന്ദ്രത്തിലും പശ്ചിമബംഗാളിലും പുരോഗമന രാഷ്ട്രീയ ബദലുകള്‍ പുനര്‍നിര്‍മ്മിക്കുന്നതില്‍ സജീവ സംഭാവന നല്‍കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം':പ്രസേന്‍ജിത് ബോസ് പറഞ്ഞു.

ജനങ്ങളുടെ വോട്ടവകാശം സംരക്ഷിക്കുന്നതിനായി സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ് ഐ ആര്‍) ചെറുക്കുക എന്നതാണ് ഈ നിമിഷത്തില്‍ ജനങ്ങള്‍ക്കു മുന്നിലുളള പ്രധാന വെല്ലുവിളിയെന്ന് പ്രസേന്‍ജിത് പറഞ്ഞു. 'ഒക്ടോബറില്‍ പശ്ചിമബംഗാളില്‍ ആരംഭിക്കാനിരിക്കുന്ന എസ് ഐ ആറിനെ കൈകാര്യം ചെയ്യുക എന്നതാണ് ആദ്യത്തെ അജണ്ട. ബിഹാറില്‍ എസ് ഐ ആറിനെതിരെ കോണ്‍ഗ്രസ് വലിയ പോരാട്ടം നടത്തിയിട്ടുണ്ട്. ജാതി സെന്‍സസ് പോലുളള എല്ലാ പ്രധാന വിഷയങ്ങള്‍ക്കെതിരെയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ശബ്ദമുയര്‍ത്തുന്നുണ്ട്. അതിനാല്‍ കോണ്‍ഗ്രസ് ജനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ വലിയ വേദിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്': പ്രസേന്‍ജിത് ബോസ് കൂട്ടിച്ചേര്‍ത്തു. 2026-ല്‍ പശ്ചിമബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബോസിന്റെ കോണ്‍ഗ്രസ് പ്രവേശനം.

Content Highlights: Economist and social activist prasenjit bose to join congress tomorrow

dot image
To advertise here,contact us
dot image