എല്ലാത്തിനും കാരണം ദുൽഖർ ആണ്, വലിയ ആളുകൾക്ക് മുന്നിലേക്ക് അദ്ദേഹം ഞങ്ങളെ പ്രെസെന്റ് ചെയ്തു: ചന്തു

'നാഗ് അശ്വിൻ, വെങ്കി അറ്റ്ലൂരി തുടങ്ങിയ സംവിധായകർക്ക് മുന്നിലേക്ക് ദുൽഖർ ഞങ്ങളെ കൊണ്ട് പോയി പ്രെസെന്റ് ചെയ്തു'

എല്ലാത്തിനും കാരണം ദുൽഖർ ആണ്, വലിയ ആളുകൾക്ക് മുന്നിലേക്ക് അദ്ദേഹം ഞങ്ങളെ പ്രെസെന്റ് ചെയ്തു: ചന്തു
dot image

കല്യാണി പ്രിയദർശൻ, നസ്ലെൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡൊമിനിക് അരുൺ ഒരുക്കിയ സിനിമയാണ് ലോക. മികച്ച അഭിപ്രായങ്ങൾ നേടിയ സിനിമ ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. ചിത്രം ഇതിനോടകം 200 കോടി ക്ലബ്ബിൽ കയറിയിട്ടുണ്ട്. ഇപ്പോഴിതാ സിനിമയുടെ നിർമാതാവായ ദുൽഖർ സൽമാനെക്കുറിച്ച് ചന്തു സലിംകുമാർ പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. തങ്ങൾക്ക് തെലുങ്കിൽ അടക്കം കിട്ടിയ സ്വീകാര്യതയ്ക്ക് കാരണം ദുൽഖർ സൽമാൻ ആണെന്ന് പറയുകയാണ് ചന്തു സലിംകുമാർ. ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് ചന്തു ഇക്കാര്യം പറഞ്ഞത്.

'നാഗ് അശ്വിൻ, വെങ്കി അറ്റ്ലൂരി തുടങ്ങിയ സംവിധായകർക്ക് മുന്നിലേക്ക് ദുൽഖർ ഞങ്ങളെ കൊണ്ട് പോയി പ്രെസെന്റ് ചെയ്തു. വെങ്കി അറ്റ്ലൂരി വന്ന് ഒരു സീനിൽ ഭയങ്കര ചിരി ആയിരുന്നു എന്ന് പറഞ്ഞു. നാഗ് അശ്വിൻ നോബഡി എന്ന കഥാപാത്രം ചെയ്ത ഷിബിൻ എന്ന ആളെക്കുറിച്ച് പറഞ്ഞു. അതിനൊക്കെയുള്ള കാരണം ദുൽഖർ ആണ്. ഈ സിനിമ പ്രൊമോട്ട് ചെയ്യാൻ ദുൽഖറിന് ഒറ്റയ്ക്ക് പോയി നിന്നാൽ മതിയായിരുന്നു. അവിടെ എന്റെയോ കല്യാണിയുടെയോ നസ്ലെന്റെയോ ആവശ്യമില്ല. പക്ഷെ അദ്ദേഹം നമ്മളെ അവിടെ കൊണ്ടുപോയത് അവിടന്ന് കിട്ടുന്ന സ്വീകാര്യതയിൽ കുറച്ചെങ്കിലും നമുക്ക് കൂടെ കിട്ടട്ടെ എന്ന് കരുതിയാണ്', ചന്തുവിന്റെ വാക്കുകൾ.

ആഗോള ബോക്സ് ഓഫീസ് കളക്ഷനിൽ മോഹൻലാൽ ചിത്രമായ തുടരുമിനെ ലോക മറികടന്നു എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. 235 കോടിയാണ് തുടരുമിന്റെ ആഗോള കളക്ഷൻ. ഈ റെക്കോർഡിനെയാണ് ലോക മറികടന്നത്. നിലവിൽ 237 കോടിയാണ് ലോകയുടെ ആഗോള നേട്ടം. ചിത്രം 200 കോടിയിലധികം രൂപയാണ് കളക്ഷൻ നേടി മുന്നേറുന്നത്. മലയാളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ചിത്രമാണ് "ലോക". റിലീസ് ചെയ്ത് 13 ദിവസം കൊണ്ടാണ് ഈ നേട്ടം "ലോക" സ്വന്തമാക്കിയത്. മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറിയ ചിത്രം ഇപ്പോഴും റെക്കോർഡ് കളക്ഷൻ നേടിയാണ് മുന്നേറുന്നത്.

അഞ്ച് ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്. കാഴ്ചക്കാരുടെ മുന്നിലേക്ക് ഒരു അത്ഭുത ലോകം തുറന്നിടുന്ന ചിത്രം, കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയത്. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.

Content Highlights: Chandhu salimkumar about dulquer salmaan

dot image
To advertise here,contact us
dot image