
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചിരുന്ന വോട്ടില്‍ ചോര്‍ച്ചയുണ്ടായതിന്റെ ഞെട്ടലില്‍ പ്രതിപക്ഷം. വോട്ട് ചോര്‍ച്ചയുണ്ടായത് എഎപി, ശിവസേന ഉദ്ധവ് താക്കറേ പാര്‍ട്ടികളില്‍ നിന്നാണെന്നാണ് ഇന്‍ഡ്യ മുന്നണിയുടെ വിലയിരുത്തല്‍.
വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും 324 വോട്ട് നേടാന്‍ കഴിയുമെന്നായിരുന്നു ഇന്‍ഡ്യ മുന്നണി പ്രതീക്ഷിച്ചിരുന്നത്. ഇന്നലെ വൈകീട്ടും 315 വോട്ടുകള്‍ ലഭിക്കുമെന്ന് ഇന്‍ഡ്യ മുന്നണി നേതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ 300 വോട്ടുകളാണ് ലഭിച്ചത്.
നേരത്തെ തന്നെ ഇന്‍ഡ്യ മുന്നണി വിട്ട എഎപിയിലെ ചില എംപിമാര്‍ ബിജെപിയോട് മൃദുസമീപനം എടുത്തു. ശിവസേന ഉദ്ദവ് താക്കറേ വിഭാഗം എംപിമാരില്‍ ഒരു വിഭാഗം ഏക്‌നാഥ് ഷിന്‍ഡെ വിഭാഗവുമായി കൈകോര്‍ക്കാന്‍ ആഗ്രഹിക്കുന്നു. ഇതിനാല്‍ അവരും എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്‌തെന്നാണ് ഇന്‍ഡ്യ മുന്നണിയുടെ വിലയിരുത്തല്‍.
ആകെ പോള്‍ ചെയ്ത 767 വോട്ടുകളില്‍ 452 വോട്ടുകള്‍ നേടിയാണ് സി പി രാധാകൃഷ്ണന്റെ വിജയം. 152 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സി പി രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
തമിഴ്‌നാട് ബിജെപിയുടെ അധ്യക്ഷനായിരുന്ന സി പി രാധാകൃഷ്ണന്‍ ആര്‍എസ്എസിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ജനസംഘത്തിന്റെ നേതാവായിരുന്ന രാധാകൃഷ്ണന്‍ പിന്നീട് ബിജെപിയുടെ തമിഴ്‌നാട്ടിലെ പ്രധാന നേതാക്കളില്‍ ഒരാളായി. കോയമ്പത്തൂരില്‍ നിന്നും ലോക്‌സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട സി പി രാധാകൃഷ്ണന്‍ നേരത്തെ ജാര്‍ഖണ്ഡ് ?ഗവര്‍ണറായിരുന്നു. 2020 മുതല്‍ 2022 വരെ ബിജെപിയുടെ കേരള പ്രഭാരിയുടെ ചുമതലയും വഹിച്ചിരുന്നു.
ചന്ദ്രപുരം പൊന്നുസാമി രാധാകൃഷ്ണന്‍ എന്ന സി പി രാധാകൃഷ്ണന്‍ 1957 ഒക്ടോബര്‍ 20 ന് തമിഴ്നാട്ടിലെ തിരുപ്പൂരിലാണ് ജനിച്ചത്. പതിനാറാം വയസ്സില്‍ ആര്‍എസ്എസിലൂടെ വന്ന രാധാകൃഷ്ണന്‍ 1974 ല്‍ ഭാരതീയ ജനസംഘത്തിന്റെ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1996ല്‍ ബിജെപിയുടെ തമിഴ്നാട് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 2004ല്‍ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായി രാധാകൃഷ്ണന്‍ നിയോ?ഗിതനായി. സംസ്ഥാന പ്രസിഡന്റായിരിക്കെ 93 ദിവസം നീണ്ടുനിന്ന 19,000 കിലോമീറ്റര്‍ 'രഥയാത്ര' രാധാകൃഷ്ണന്‍ നടത്തിയിരുന്നു. ഇന്ത്യയിലെ എല്ലാ നദികളെയും ബന്ധിപ്പിക്കുക, ഭീകരത ഇല്ലാതാക്കുക, ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുക, തൊട്ടുകൂടായ്മ ഇല്ലാതാക്കുക, മയക്കുമരുന്ന് ഭീഷണിക്കെതിരെ പോരാടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യാത്ര സംഘടിപ്പിച്ചത്. പിന്നെയും രണ്ട് പദയാത്രകള്‍ കൂടി അദ്ദേഹം നയിച്ചിരുന്നു.
1998ല്‍ കോയമ്പത്തൂരില്‍ നിന്ന് ആദ്യമായി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് രാധാകൃഷ്ണന്റെ പാര്‍ലമെന്ററി ജീവിതം ആരംഭിക്കുന്നത്. 1999-ല്‍ അദ്ദേഹം വീണ്ടും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എംപിയായിരുന്ന കാലത്ത്, ടെക്സ്‌റ്റൈല്‍സിനായുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ചെയര്‍മാനായും അദ്ദേഹം സേവനമനുഷ്ഠിച്ചു. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കായുള്ള പാര്‍ലമെന്ററി കമ്മിറ്റി (പിഎസ്യു)യിലും ധനകാര്യത്തിനായുള്ള കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയിലും അദ്ദേഹം അംഗമായിരുന്നു. സ്റ്റോക്ക് എക്സ്ചേഞ്ച് കുംഭകോണം അന്വേഷിക്കുന്ന പാര്‍ലമെന്ററി സ്പെഷ്യല്‍ കമ്മിറ്റിയിലും അദ്ദേഹം അംഗമായിരുന്നു.
2016ല്‍ രാധാകൃഷ്ണനെ കയര്‍ ബോര്‍ഡിന്റെ ചെയര്‍മാനായി നിയമിച്ചിരുന്നു. നാല് വര്‍ഷം അദ്ദേഹം ആ പദവിയില്‍ തുടര്‍ന്നു. ഇക്കാലയളവില്‍ ഇന്ത്യയില്‍ നിന്നുള്ള കയര്‍ കയറ്റുമതി എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 2532 കോടി രൂപയിലെത്തിയത് ശ്രദ്ധേയമായിരുന്നു. 2023 ഫെബ്രുവരി 18-ന് ശ്രീ രാധാകൃഷ്ണന്‍ ജാര്‍ഖണ്ഡ് ഗവര്‍ണറായി നിയമിതനായി. ജാര്‍ഖണ്ഡ് ഗവര്‍ണറായിരിക്കെ തെലങ്കാന ഗവര്‍ണറുടെ ചുമതലകള്‍ നിര്‍വഹിക്കുന്നതിനും പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണറായും രാധാകൃഷ്ണന്‍ നിയോ?ഗിതനായിരുന്നു. പിന്നീട് 2024 ജൂലൈ 31 ന് മഹാരാഷ്ട്ര ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു.
ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദം നേടിയ രാധാകൃഷ്ണന്‍ ഒരു മികച്ച കായികതാരവുമായിരുന്നു. ടേബിള്‍ ടെന്നീസില്‍ കോളേജ് ചാമ്പ്യനും ദീര്‍ഘദൂര ഓട്ടക്കാരനുമായിരുന്നു. അമേരിക്ക, യുകെ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, നോര്‍വേ, ഡെന്‍മാര്‍ക്ക്, സ്വീഡന്‍, ഫിന്‍ലാന്‍ഡ്, ബെല്‍ജിയം, ഹോളണ്ട്, തുര്‍ക്കി, ചൈന, മലേഷ്യ, സിംഗപ്പൂര്‍, തായ്വാന്‍, തായ്ലന്‍ഡ്, ഈജിപ്ത്, യുഎഇ, ബംഗ്ലാദേശ്, ഇന്തോനേഷ്യ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ രാധാകൃഷ്ണന്‍ സഞ്ചരിച്ചിട്ടുണ്ട്. പാര്‍ലമെന്ററി പ്രതിനിധി സംഘത്തിന്റെ ഭാഗമായി ശ്രീ രാധാകൃഷ്ണന്‍ യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്തിരുന്നു. തായ്വാനിലേക്കുള്ള ആദ്യ പാര്‍ലമെന്ററി പ്രതിനിധി സംഘത്തിലും അദ്ദേഹം അംഗമായിരുന്നു.
Content Highlights: It is assessed that the votes of the India alliance were leaked from the AAP and Shiv Sena parties