
വാഷിങ്ടൺ: ഖത്തറിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഫോണിൽ വിളിച്ച് അതൃപ്തി അറിയിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഖത്തറിൽ ആക്രമണം നടത്താനുള്ള തീരുമാനം ബുദ്ധിപരമായിരുന്നില്ലെന്ന് നെതന്യാഹുവിനോട് ട്രംപ് പറഞ്ഞതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. ബുധനാഴ്ചയാണ് ട്രംപ് നെതന്യാഹുവിനെ വിളിച്ചത്. രൂക്ഷമായ ഭാഷയിലാണ് നെതന്യാഹുവിനെ ട്രംപ് ശാസിച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഒട്ടും വീണ്ടുവിചാരമില്ലാത്ത, പ്രാദേശിക നയതന്ത്രത്തെ അസ്ഥിരപ്പെടുത്തുന്ന നീക്കമായിരുന്നു ഖത്തറിൽ നടത്തിയ ആക്രമണമെന്നായിരുന്നു അതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് ട്രംപ് നെതന്യാഹുവിനോട് പറഞ്ഞത്. ഇത്തരം നീക്കം നടത്തുന്നതിന് മുൻപ് തന്നോടുകൂടി ആലോചിക്കണമായിരുന്നുവെന്നും മുൻകൂട്ടി അറിയിക്കണമായിരുന്നുവെന്നും നെതന്യാഹുവിനോട് അമർഷത്തോടെ ട്രംപ് പറഞ്ഞതായാണ് റിപ്പോർട്ട്. എന്നാൽ
ആക്രമണം നടത്താനായി തനിക്ക് ചെറിയ അവസരമാണ് ലഭിച്ചതെന്നും ആ അവസരം താൻ മുതലെടുത്തെന്നും തീരുമാനമെടുക്കാൻ തനിക്ക് വളരെ ചുരുങ്ങിയ സമയം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നുമാണ് നെതന്യാഹുവിന്റെ ന്യായീകരണം. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം എന്ന നെതന്യാഹുവിന്റെ വാദത്തിന്, ഹമാസിന് ദോഹയിൽ ഓഫീസ് നൽകിയത് മധ്യസ്ഥ ചർച്ചയ്ക്കാണ് എന്നായിരുന്നു ട്രംപിന്റെ മറുപടി.
ഖത്തർ ആക്രമണത്തിന് ശേഷം രണ്ട് തവണ ട്രംപ് നെതന്യാഹുവിനെ വിളിച്ചിരുന്നെന്നാണ് റിപ്പോർട്ട്. രണ്ടാമത്തെ സംഭാഷണം സൗഹാര്‍ദ്ദപരമായിരുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആക്രമണം വിജയകരമായിരുന്നുവോ എന്ന് രണ്ടാമത്തെ സംഭാഷണത്തിൽ ട്രംപ് നെതന്യാഹുവിനോട് ചോദിച്ചതായും വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. തനിക്കറിയില്ലെന്ന് നെതന്യാഹു മറുപടി പറഞ്ഞെന്നും റിപ്പോർട്ടുണ്ട്.
ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ചൊവ്വാഴ്ച്ചയായിരുന്നു ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആക്രമണം നടത്തിയത് തങ്ങളാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ ഖത്തര്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു. ഭീരുത്വ പൂര്‍ണമായ സമീപനമാണ് ഇസ്രയേല്‍ നടത്തിയതെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഇസ്രയേല്‍ നടത്തിയതെന്നും ഖത്തര്‍ പറഞ്ഞിരുന്നു. ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്ന രാജ്യമാണ് ഖത്തര്‍.
അതേസമയം ഖത്തറിന് പിന്നാലെ യമനിലും ഇസ്രയേല്‍ ആക്രമണം നടത്തി. ആക്രമണത്തിൽ ഇതുവരെ 35 പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. യമന്‍ തലസ്ഥാനമായ സനായിലും അല്‍ ജൗഫിലുമായിരുന്നു ആക്രമണം. ഖത്തറിലെ ഇസ്രയേല്‍ ആക്രമണത്തിന് ശേഷം ജെറുസലേമിന് നേരെ ഹൂത്തികള്‍ മിസൈൽ വിക്ഷേപിച്ചതായി ഇസ്രയേല്‍ സൈന്യം പറഞ്ഞിരുന്നു.
ഇസ്രയേല്‍ ആക്രമണത്തില്‍ 130ലധികം പേര്‍ക്ക് പരിക്കേറ്റെന്ന് യമനിലെ ആരോഗ്യവകുപ്പ് വ്യക്തമാക്കി. സനയിലെ അല്‍ താഹ്‌റിര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ വീടുകളിലും മറ്റുമാണ് ആക്രമണം നടന്നതെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു. തെക്ക് പടിഞ്ഞാറന്‍ സനയിലെ ആരോഗ്യകേന്ദ്രം തകര്‍ക്കാന്‍ ലക്ഷ്യം വെച്ചുള്ള ആക്രമണമാണ് നടന്നതെന്ന് ഹൂതികള്‍ നിയന്ത്രിക്കുന്ന മാസിറാഹ് ടിവി പറഞ്ഞു. എന്നാല്‍ ഇസ്രയേല്‍ കടന്നുകയറ്റത്തിനെതിരെ എയര്‍ ഡിഫന്‍സ് സിസ്റ്റം പ്രവര്‍ത്തിച്ചെന്നും ചില ഇസ്രയേല്‍ യുദ്ധവിമാനങ്ങളെ ചെറുക്കാനായെന്നും ഹൂത്തി സൈനിക വക്താവ് യഹ്യ സാരി വ്യക്തമാക്കി.
Content Highlights: Donald Trump rebukes Benjamin Netanyahu over Hamas operation in Doha; Reports