
തിരുവനന്തപുരം: 450 കോടി രൂപയുടെ പഞ്ചസാര മില്ല് വാങ്ങിയതിൽ മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ വിശ്വസ്ത വി കെ ശശികലയ്‌ക്കെതിരെ കേസ്. നിരോധിച്ച നോട്ട് ഉപയോഗിച്ച് മില്ല് വാങ്ങി എന്ന് ആരോപിച്ചാണ് സിബിഐ കേസെടുത്തിരിക്കുന്നത്. മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ മില്ല് മാനേജറുടെ മൊഴിയുണ്ടെന്ന് സിബിഐ വ്യക്തമാക്കി. നോട്ട് നിരോധനത്തിന്റെ സമയത്താണ് കാഞ്ചീപുരത്തെ പത്മദേവി മില്ല് ശശികല വാങ്ങിയത്. സിബിഐയുടെ ബെംഗളൂരു യൂണിറ്റാണ് ഇക്കാര്യം അന്വേഷിക്കുന്നത്. പത്മദേവി മില്ലിലെ 120 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം നടക്കുകയാണ്. ഈ അന്വേഷണത്തിലാണ് വി കെ ശശികലയുടെ പണമിടപാട് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്.
വി കെ ശശികലയുള്‍പ്പെടെ പുറത്താക്കപ്പെട്ട നേതാക്കളെ തിരികെ കൊണ്ടുവരാനുള്ള ഐക്യനീക്കങ്ങള്‍ എഐഡിഎംകെയില്‍ നടക്കുന്നതിനിടെയാണ് പുതിയ സംഭവവികാസം. 2026-ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ തിരിച്ചെത്തണമെങ്കില്‍ പാര്‍ട്ടിയില്‍ ഐക്യമുണ്ടാകണമെന്നും പുറത്ത് പോയ നേതാക്കളെ തിരിച്ചു കൊണ്ടുവരണമെന്നും മുതിര്‍ന്ന എഐഎഡിഎംകെ നേതാവും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ കെ എ സെങ്കോട്ടയ്യന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പാര്‍ട്ടി ഭിന്നിച്ചു നിന്നാല്‍ എഐഎഡിഎംകെയ്ക്ക് തനിച്ച് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ല. തങ്ങളുടെ ഉപദേശം സ്വീകരിക്കാനുള്ള പക്വതയോ മാനസികാവസ്ഥയോ പാര്‍ട്ടി ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയ്ക്ക് ഉണ്ടായിരുന്നില്ല. വേലുമണി, തങ്കമണി, സിവി ഷണ്‍മുഖം, അന്‍പഴകന്‍, വി കെ ശശികല, ടി ടി വി ദിനകരന്‍, ഒ പനീര്‍ശെല്‍വം എന്നിവരെ 10 ദിവസത്തിനകം പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കണമെന്ന് പളനിസ്വാമിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Content Highlight; Sugar mill scam; Case filed against VK Sasikala