
മഴയൊക്കെയല്ലേ… പാട്ടൊക്കെ കേട്ട് തണുപ്പൊക്കെ ആസ്വദിക്കാം എന്ന് കരുതുന്നതില്‍ തെറ്റൊന്നും ഇല്ല. സംഗതി നല്ല രസമുള്ള കാര്യംതന്നെയാണ്. പക്ഷേ ആ മഴക്കാല സുഖം വേണ്ടെന്നുവയ്ക്കണമെന്ന് പറയുകയാണ് ഡോക്ടര്‍മാര്‍. കാരണമെന്താണെന്നല്ലേ?. മഴക്കാലത്ത് ഇയര്‍ഫോണുകള്‍ പതിവായി ഉപയോഗിക്കുന്നത് ചെവിയിലെ അണുബാധയ്ക്ക് നാലിരട്ടി സാധ്യതയുണ്ടാക്കുമെന്ന് പറയുകയാണ് പിഎസ്ആര്‍ഐ ആശുപത്രിയിലെ ഇഎന്‍ടി ഡോക്ടറായ ഡോ. മീന അഗര്‍വാള്‍. മഴക്കാലത്ത് ഏറ്റവും സാധാരണയായി കാണപ്പെടുന്ന ചെവി അണുബാധയാണ് 'ഓട്ടിറ്റിക് എക്‌സറ്റേര്‍ണ' അല്ലെങ്കില്‍ 'ഒട്ടോമൈക്കോസിസ്'. ഇത് ഒരുതരം ഫംഗസ് അണുബാധയാണ്. ഇയര്‍ കനാലിനുള്ളില്‍ ഈര്‍പ്പം തങ്ങിനിന്ന് ബാക്ടീരിയയും ഫംഗസും വളരുമ്പോഴാണ് ഇത്തരം അണുബാധ ഉണ്ടാകുന്നത്.
ഇയര്‍ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍ അണുബാധ ഉണ്ടാകുന്നത് എങ്ങനെ
മഴക്കാലത്ത് അന്തരീക്ഷത്തില്‍ സ്വാഭാവികമായും ഈര്‍പ്പം കാണപ്പെടും. ചെവിയില്‍ ഇയര്‍ഫോണുകളും മറ്റും വെയ്ക്കുമ്പോള്‍ ആ ഭാഗം അടഞ്ഞിരിക്കുന്നതുകൊണ്ട് വായു സഞ്ചാരം തടസ്സപ്പെടുന്നു. ഇത് രോഗാണുക്കള്‍ പെരുകാനുളള അന്തരീക്ഷം സൃഷ്ടിക്കുന്നു. അന്തരീക്ഷത്തില്‍ ഈര്‍പ്പം തങ്ങിനില്‍ക്കുന്ന അവസരങ്ങളില്‍ ഇത്തരത്തില്‍ ദീര്‍ഘനേരം ഇയര്‍ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍ അണുബാധയ്ക്ക് സാധ്യത കൂടുന്നു.
ചെവി അണുബാധയുടെ ലക്ഷണങ്ങള്‍
ചെവിയിലെ അണുബാധ അത്രപെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കില്ല. ചെറിയ രീതിയിലുള്ള ചൊറിച്ചിലോ ചെവി നിറഞ്ഞിരിക്കുന്നതുപോലുള്ള തോന്നലോ ആണ് ആദ്യം ഉണ്ടാകുന്ന ലക്ഷണങ്ങള്‍. ഇത് പിന്നീട് വേദനയ്ക്കും ചെവിയില്‍ നിന്ന് വെള്ളം വരുന്നതിലേക്കും നയിക്കും. പിന്നീട് താല്‍ക്കാലികമായുണ്ടാകുന്ന കേൾവിക്കുറവും ഉണ്ടാവാം. ചികിത്സിച്ചില്ലെങ്കില്‍ അണുബാധ വഷളായേക്കാം. ലക്ഷണങ്ങള്‍ കണ്ടാല്‍ ഒരു ഇഎന്‍ടി വിദഗ്ധനെ കണ്ട് ചികിത്സ തേടേണ്ടതാണ്.
ഇയര്‍ഫോണുകളുടെ ഗുണമേന്മയും ശുചിത്വവും
ഇയര്‍ഫോണുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ എപ്പോഴും ഗുണമേന്മയുള്ളത് തെരഞ്ഞെടുക്കണം. കാരണം നിലവാരം കുറഞ്ഞ മെറ്റീരിയല്‍ കൊണ്ട് നിര്‍മ്മിച്ച ഇയര്‍ഫോണുകള്‍ ചെവിക്ക് ദോഷകരമാണ്. അതുപോലെ ശുചിത്വവും പ്രധാനപ്പെട്ട ഘടകമാണ്. ഇയര്‍ ഫോണുകള്‍ ഓരോ ഉപയോഗത്തിന് ശേഷവും വൃത്തിയാക്കി വയ്ക്കാന്‍ ശ്രദ്ധിക്കണം.വൃത്തിയാക്കാത്ത ഇയര്‍ഫോണുകള്‍ ബാക്ടീരിയകളുടെയും ഫംഗസുകളുടെയും പ്രജനന കേന്ദ്രങ്ങളാണ്. ഇത് ചെവിയുടെ ആരോഗ്യത്തെ താറുമാറാക്കുന്നു.
( ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുളളതാണ്. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഒരു ഡോക്ടറുടെ സേവനം തേടേണ്ടതാണ്)
Content Highlights :Doctors warn that using earphones during the monsoon is harmful to health