'34 വാഹനങ്ങളില്‍ ചാവേറുകള്‍, 1 കോടി ആളുകളെ കൊല്ലും': മുംബൈയില്‍ ഭീകരാക്രമണ ഭീഷണി മുഴക്കിയ പ്രതി അറസ്റ്റില്‍

നോയിഡയിലെ സെക്ടര്‍-113ല്‍ വെച്ച് പിടികൂടിയ പ്രതിയെ മുംബൈ പൊലീസിന് കൈമാറി

'34 വാഹനങ്ങളില്‍ ചാവേറുകള്‍, 1 കോടി ആളുകളെ കൊല്ലും': മുംബൈയില്‍ ഭീകരാക്രമണ ഭീഷണി മുഴക്കിയ പ്രതി അറസ്റ്റില്‍
dot image

നോയിഡ: ചാവേറുകളെ അടക്കം ഉപയോഗിച്ച് മുംബൈ നഗരത്തെ ഒന്നടങ്കം നടുക്കുന്ന ഭീകരാക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ ആളെ നോയിഡ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാര്‍ സ്വദേശിയായ അശ്വിന്‍ കുമാര്‍ സുപ്ര എന്നയാളെയാണ് പൊലീസ് നോയിഡയില്‍ നിന്ന് പിടികൂടിയത്. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി നോയിഡയില്‍ താമസിച്ചുവരുന്ന ആളാണ് അശ്വിന്‍. നോയിഡയിലെ സെക്ടര്‍-113ല്‍ വെച്ച് പിടികൂടിയ പ്രതിയെ മുംബൈ പൊലീസിന് കൈമാറി.

നാടിനെ നടുക്കുന്ന ആക്രമണം നടത്തും എന്ന ഭീഷണിയുമായി വെള്ളിയാഴ്ചയാണ് അശ്വിൻ കുമാർ രം​ഗത്തെത്തിയത്.ലഷ്കർ-ഇ-ജിഹാദി എന്ന സംഘടനയുടെ പേരിലായിരുന്നു ഭീഷണി മുഴക്കിയത്. സംഭവത്തിൽ സംസ്ഥാനത്തുടനീളം പൊലീസ് കനത്ത സുരക്ഷയും ഒരുക്കിയിരുന്നു. 14 പാകിസ്താനി ഭീകരർ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടെന്നും ചാവേറുകൾ ഉള്ള 34 കാറുകൾ ഉപയോഗിച്ച് സ്ഫോടനം നടത്തുമെന്നുമായിരുന്നു ഭീഷണി. ഇതിനായി 400 കിലോഗ്രാം ആർഡിഎക്സ് ഉപയോഗിക്കുമെന്നും ഒരു കോടി ആളുകളെ കൊല്ലുമെന്നും ഭീഷണി സന്ദേശത്തിൽ പറഞ്ഞിരുന്നു.

മുംബൈയിൽ 10 ദിവസത്തെ ഗണേശോത്സവം ആഘോഷിക്കുന്നതിനിടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഗണേശോത്സവത്തിൻ്റെ അവസാന ദിവസമായ ശനിയാഴ്ച നഗരത്തിലെ തെരുവുകളിൽ ലക്ഷക്കണക്കിന് ആളുകൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ പൊലീസ് സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പ്രധാന സ്ഥലങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും വിവിധ സ്ഥലങ്ങളിൽ പരിശോധനകൾ നടക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. കിംവദന്തികൾ വിശ്വസിക്കരുതെന്നും സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ ശ്രദ്ധയില്‍പ്പെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്നും മുംബൈ നിവാസികളോട് പൊലീസ് വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഒരു റെയിൽവേ സ്റ്റേഷൻ തകർക്കുമെന്ന് വ്യാജ ബോംബ് ഭീഷണി ഉണ്ടായിരുന്നു. സംഭവത്തിൽ ഒരാളെ തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയായ രൂപേഷ് മധുകർ റാൻപിസെ പാെലീസിൻ്റെ ഹെൽപ്പ് ലൈനിൽ വിളിച്ച് കൽവ റെയിൽവേ സ്റ്റേഷനിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി മുഴക്കുകയായിരുന്നു.

ജൂലൈ അവസാന വാരത്തിലും ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്ഫോടനം ഉണ്ടാകുമെന്ന് മുംബൈ പൊലീസിന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. മൂന്ന് വ്യത്യസ്ത നമ്പറുകളിൽ നിന്നാണ് കോളുകൾ വന്നതെന്നും മണിക്കൂറുകൾ നീണ്ട തിരച്ചിലിന് ശേഷം സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Content Highlight; Noida man arrested for Mumbai terror threat

dot image
To advertise here,contact us
dot image