ബംഗാൾ നിയമസഭയിൽ ബിജെപി-തൃണമൂൽ അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; അഞ്ച് ബിജെപി എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷൻ

ബിജെപി അഴിമതിക്കാരുടെ പാര്‍ട്ടിയാണെന്നും വോട്ടുകളളന്മാരുടെ സംഘമാണെന്നും മമതാ ബാനര്‍ജി പറഞ്ഞു

ബംഗാൾ നിയമസഭയിൽ ബിജെപി-തൃണമൂൽ അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; അഞ്ച് ബിജെപി എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷൻ
dot image

കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭയില്‍ നാടകീയ രംഗങ്ങള്‍. ബിജെപി, തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ വാക്‌പോരും കയ്യാങ്കളിയുമുണ്ടായി. കുടിയേറ്റക്കാര്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ചുളള പ്രമേയത്തെക്കുറിച്ച് നടന്ന ചര്‍ച്ചയ്ക്കിടെയാണ് ബഹളമുണ്ടായത്. ബിജെപി ചീഫ് വിപ്പ് ശങ്കര്‍ ഘോഷ്, എംഎല്‍എമാരായ അഗ്നിമിത്ര പോള്‍, അശോക് ദിന്‍ഡ, ബംകിന്‍ ഘോഷ്, മിഹിര്‍ ഗോസ്വാമി എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ബിജെപി അംഗങ്ങള്‍ സഭയില്‍ മുദ്രാവാക്യം ഉയര്‍ത്തിയത്. തുടര്‍ന്നാണ് ബിജെപി ചീഫ് വിപ്പിനെ പുറത്താക്കിയത്. മമത ബാനര്‍ജി സംസാരിക്കുന്നതിനിടയില്‍ ബിജെപി അംഗങ്ങള്‍ ബഹളം വെച്ചതിനെതിരെയാണ് നടപടി. തൃണമൂല്‍ അംഗങ്ങളും ബിജെപി അംഗങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ചീഫ് വിപ്പിന് പരിക്കേറ്റിരുന്നു.

തുടര്‍ന്ന് ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്തെത്തി. ബിജെപി അഴിമതിക്കാരുടെ പാര്‍ട്ടിയാണെന്നും വോട്ടുകളളന്മാരുടെ സംഘമാണെന്നും മമതാ ബാനര്‍ജി പറഞ്ഞു. ബിജെപിക്കാര്‍ ബംഗാള്‍ വിരുദ്ധരാണെന്നും മമതാ ബാനര്‍ജി പറഞ്ഞു. 'ബിജെപിക്ക് ഇപ്പോഴും സ്വേച്ഛാധിപത്യ മനോഭാവമാണ്. കൊളോണിയല്‍ മനോഭാവത്തില്‍ നിന്നും അവര്‍ പുറത്തുവന്നിട്ടില്ല. പശ്ചിമബംഗാളിനെ അവരുടെ കോളനിയാക്കാനാണ് ശ്രമം. അവര്‍ നമ്മുടെ എംപിമാരെ ഉപദ്രവിക്കാന്‍ എങ്ങനെയാണ് സിഐഎസ്എഫുകാരെ ഉപയോഗിച്ചതെന്നും നമ്മള്‍ കണ്ടതാണ്. എന്റെ വാക്കുകള്‍ എഴുതിവെച്ചോളൂ, ഒരു ബിജെപി എംഎല്‍എ പോലും ഈ നിയമസഭയില്‍ ഇല്ലാത്ത ഒരു ദിവസം വരും. ജനങ്ങള്‍ അവരെ അധികാരത്തില്‍ നിന്നും പുറത്താക്കും. കേന്ദ്രത്തില്‍ നരേന്ദ്രമോദിയും അമിത് ഷായും നയിക്കുന്ന കേന്ദ്രസര്‍ക്കാരും ഉടന്‍ തന്നെ തകരും' എന്നും മമതാ ബാനര്‍ജി പറഞ്ഞു.

Content Highlights: Clash between BJP and Trinamool members in Bengal Assembly, Five BJP members suspended

dot image
To advertise here,contact us
dot image