സനാതന ധര്‍മ പരാമര്‍ശത്തെ വംശഹത്യയ്ക്കുളള ആഹ്വാനമാക്കി തെറ്റായി പ്രചരിപ്പിച്ചു: ഉദയനിധി സ്റ്റാലിന്‍

'ഒരു സ്വാമി എന്റെ തല വെട്ടിയെടുത്ത് വരുന്നവര്‍ക്ക് 10 ലക്ഷം രൂപ വാഗ്ദാനം ചെയ്യുന്ന സ്ഥിതിവരെയുണ്ടായി. മറ്റൊരു സ്വാമി എന്റെ തലയ്ക്ക് ഒരുകോടിയാണ് പ്രഖ്യാപിച്ചത്'

സനാതന ധര്‍മ പരാമര്‍ശത്തെ വംശഹത്യയ്ക്കുളള ആഹ്വാനമാക്കി തെറ്റായി പ്രചരിപ്പിച്ചു: ഉദയനിധി സ്റ്റാലിന്‍
dot image

ചെന്നൈ: സനാതന ധര്‍മത്തെക്കുറിച്ചുളള തന്റെ പരാമര്‍ശം വളച്ചൊടിച്ച് സംഘപരിവാര്‍ രാജ്യമെങ്ങും പ്രചരിപ്പിച്ചെന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍. സമത്വത്തെയും സാമൂഹിക ഐക്യത്തെയും കുറിച്ചുളള ചര്‍ച്ചയ്ക്കിടെ നടത്തിയ സനാതന ധര്‍മ പരാമര്‍ശങ്ങള്‍ സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നതിനുളള ആയുധമായി പ്രചരിപ്പിച്ചുവെന്ന് ഉദയനിധി പറഞ്ഞു. സമൂഹമാധ്യമങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ച് നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'മൂന്നുവര്‍ഷം മുന്‍പ് ഒരു പരിപാടിയില്‍ പങ്കെടുത്ത് ഞാന്‍ പറഞ്ഞത് എല്ലാവരും തുല്യരായാണ് ജനിക്കുന്നത്, ആരും ജനനം കൊണ്ട് മികച്ചവനോ മോശമായവനോ ആവുന്നില്ല. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ അവ ഇല്ലാതാകണം എന്ന് പറഞ്ഞിരുന്നു. പക്ഷെ അതിനെ വളച്ചൊടിച്ച് ഞാന്‍ വംശഹത്യയ്ക്ക് ആഹ്വാനം ചെയ്തു എന്ന തരത്തില്‍ പ്രചരിപ്പിച്ചു. ഒരു സംഘം എനിക്കെതിരെ രാജ്യം മുഴുവന്‍ കിംവദന്തികള്‍ പ്രചരിപ്പിച്ചു. ഒരു സ്വാമി എന്റെ തല വെട്ടിയെടുത്ത് വരുന്നവര്‍ക്ക് 10 ലക്ഷം രൂപ വാഗ്ദാനം ചെയ്യുന്ന സ്ഥിതിവരെയുണ്ടായി. മറ്റൊരു സ്വാമി എന്റെ തലയ്ക്ക് ഒരുകോടിയാണ് പ്രഖ്യാപിച്ചത്. ഞാന്‍ മാപ്പുപറയണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാല്‍ ഞാന്‍ അതിന് തയ്യാറായില്ല. തെറ്റൊന്നും ചെയ്തിട്ടില്ലാത്തതിനാല്‍ ഏത് കേസും നേരിടാന്‍ തയ്യാറാണ് എന്നാണ് ഞാന്‍ പറഞ്ഞത്': ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. ഒരു ഫാസിസ്റ്റ് സംഘം സമൂഹമാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാനായി മാത്രം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവരുടെ പേര് താൻ പറയാതെ തന്നെ മനസിലാകുമെന്നും ഉദയനിധി കൂട്ടിച്ചേർത്തു.

2023 സെപ്റ്റംബറിലാണ് ഉദയനിധി സ്റ്റാലിന്‍ സനാതന ധര്‍മത്തെക്കുറിച്ച് നടത്തിയ പരാമര്‍ശം വിവാദമായത്. ഡെങ്കിയും മലേറിയയും പോലെ സമൂഹത്തില്‍ പടര്‍ന്നുപിടിക്കുന്ന പകര്‍ച്ചവ്യാധിയാണ് സനാതന ധര്‍മമെന്നും അതിനെ അടിയോടെ നീക്കം ചെയ്യണമെന്നുമായിരുന്നു ഉദയനിധി പറഞ്ഞത്. ഇത് രാജ്യമൊട്ടാകെ വിവാദമാക്കാന്‍ ബിജെപി ശ്രമിച്ചു. ഇതോടെ താന്‍ മതനിന്ദ നടത്തിയിട്ടില്ലെന്നും ജാതി അടിസ്ഥാനമാക്കിയുളള വിവേചനത്തെയും സാമൂഹിക അസമത്വത്തെയും ചൂണ്ടിക്കാണിക്കാനാണ് ശ്രമിച്ചതെന്നും ഉദയനിധി പറഞ്ഞിരുന്നു.

Content Highlights: Sanatana Dharma reference was falsely propagated as a call for genocide: Udayanidhi Stalin

dot image
To advertise here,contact us
dot image