
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ടും മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ടുമാണ്. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ ജില്ലകളിലാണ് യെല്ലോ അലേർട്ട്. നേരത്തേ ആറ് ജില്ലകളിൽ യെല്ലോ അലേർട്ടായിരുന്നു.നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്.
അതേസമയം, കണ്ണൂർ ജില്ലയിലെ മലയോര മേഖലയിൽ ശക്തമായ മഴയാണ്. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയും ഈ മേഖലകളിൽ ശക്തമായ മഴയാണ് പെയ്തത്. കൊട്ടിയൂരിലെ ബാവലി പുഴയിൽ ശക്തമായ കുത്തൊഴുക്കുണ്ട്. ആറളം വനമേഖലയിൽ പെയ്ത ശക്തമായ മഴയാണ് നദിയിൽ ജലനിരപ്പ് ഉയരാൻ കാരണം എന്നാണ് വിലയിരുത്തൽ. കർണാടക വനത്തിൽ ഉരുൾപൊട്ടിയതായും സംശയിക്കുന്നു.
കാക്കയങ്ങാട് - കീഴ്പ്പള്ളി റോഡിലെ പാലപ്പുഴ പാലത്തിന് മുകളിൽ വരെ വെള്ളം ഒഴുകിയതിനാൽ ഇതുവഴിയുള്ള ഗതാഗതം താൽക്കാലികമായി നിരോധിച്ചു. ആറളം ഫാമിലേക്ക് ഉൾപ്പെടെ പോകാൻ കഴിയാതെ തൊഴിലാളികൾ വലഞ്ഞു. നദീതീരത്ത് താമസിക്കുന്നവർക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
Content Highlights: chance for rain in kerala and alert for 6 districts today