സിനിമയുടെ ഈ നേട്ടം എല്ലാ പ്രവര്‍ത്തകര്‍ക്കും കൂടി അവകാശപ്പെട്ടത്; ഓസ്കർ എൻട്രിയിൽ നന്ദി അറിയിച്ച് ഡോ. ബിജു

'കേവലം ഒരു സിനിമ ചിത്രീകരിക്കുക എന്നതിനപ്പുറം വിദ്യാര്‍ത്ഥികള്‍ക്ക് സിനിമയുടെ വിവിധ സാങ്കേതിക മേഖലകളില്‍ പരിശീലനം കൂടി നല്‍കാന്‍ സാധിച്ചു എന്നതും ഈ സിനിമയുടെ ഒരു പ്രത്യേകത ആണ്'

സിനിമയുടെ ഈ നേട്ടം എല്ലാ പ്രവര്‍ത്തകര്‍ക്കും കൂടി അവകാശപ്പെട്ടത്; ഓസ്കർ എൻട്രിയിൽ നന്ദി അറിയിച്ച് ഡോ. ബിജു
dot image

പാപ്പുവ ന്യൂ ഗിനിയയിൽ നിന്ന് ഓസ്കറിലേക്ക് ആദ്യമായി ഒരു ചിത്രമെത്തുകയാണ്. പാപ്പ ബുക്ക എന്ന ചിത്രമാണ് ഓസ്കറിലേക്ക് മത്സരിക്കാൻ ഒരുങ്ങുന്നത്. നിരവധി അന്താരാഷ്ട്ര മേളകളിൽ പ്രദർശിപ്പിക്കുകയും നിരൂപക പ്രശംസകൾ ഉൾപ്പെടെ നേടിയ വെയിൽമരങ്ങൾ, പേരറിയാത്തവർ, അദൃശ്യ ജാലകങ്ങൾ തുടങ്ങിയ സിനിമകൾ ഒരുക്കിയ ഡോ. ബിജു ആണ് പാപ്പ ബുക്ക സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ സിനിമയുടെ അണിയറപ്രവർത്തകർക്ക് നന്ദി അറിയിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് സംവിധായകൻ ഡോ. ബിജു.

വേറൊരു രാജ്യത്തിലും, വേറൊരു സംസ്കാരത്തിലും, വേറൊരു ഭാഷയിലും ഇത്തരം ഒരു ചിത്രം സാധ്യമാക്കുകയും അത് ഒരു രാജ്യത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ലാവുകയും ചെയ്ത യാത്രയില്‍ ഒപ്പം നിന്ന എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഡോ ബിജു നന്ദി അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

പപ്പ ബുക്ക സിനിമ പപ്പുവ ന്യൂ ഗിനിയയുടെ ആദ്യ ഓസ്കര്‍ സബ്മിഷന്‍ ആയി തിരഞ്ഞെടുക്കപ്പെടുമ്പോള്‍ ഏറെ സ്നേഹത്തോടെ ഓര്‍ക്കേണ്ട ഒത്തിരി പേരുകള്‍ ഉണ്ട്. രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള ഈ കോ പ്രൊഡക്ഷന്‍ സിനിമ യാഥാര്‍ത്ഥ്യം ആക്കാന്‍ സഹായിച്ച സിനിമയുടെ ഒട്ടേറെ പ്രവര്‍ത്തകര്‍.

രണ്ടു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ക്ക് വിഘാതം വരാത്ത തരത്തില്‍ ഒരു സിനിമയുടെ പ്രമേയം തിരഞ്ഞെടുക്കുക എന്നതും അത് യാഥാര്‍ത്ഥ്യം ആക്കുക എന്നതിനും ഒപ്പം നിന്ന നിര്‍മാതാക്കള്‍ ആണ് സിനിമയുടെ ഏറ്റവും വലിയ ഊര്‍ജ്ജം. പപ്പുവ ന്യൂ ഗിനിയയി ലെ നിര്‍മാണ കമ്പനി ആയ നാഫ (നേറ്റീവ് ആര്‍ട്സ് ആന്‍ഡ് ഫാഷന്‍ അക്കാദമി ) ആണ് അവിടെ ഈ സിനിമ യാഥാര്‍ത്ഥ്യം ആക്കാന്‍ പ്രയത്നിച്ചത്. മിസിസ് നോലെനാ തൌലാ വുനും ആണ് നാഫയുടെ നിര്‍മാതാവ് ആയി ഉള്ളത്. പപ്പുവ ന്യൂ ഗിനിയയില്‍ കഴിഞ്ഞ ഇരുപത് വര്‍ഷമായി വിദ്യാഭ്യാസ രംഗത്തും, കമ്യൂണിറ്റി എന്‍ഗേജ്മെന്റിലും, ഡോക്കുമെന്ററി നിര്‍മാണത്തിലും വുനം സജീവമായി പ്രവര്‍ത്തിക്കുന്നു.

ഇന്ത്യയില്‍ നിന്നും മൂന്നു പേരാണ് നിര്‍മാണ പങ്കാളികള്‍. അക്ഷയ് കുമാര്‍ പരിജ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒഡിഷ സ്വദേശിയായ അക്ഷയ് കുമാര്‍ പരിജ ആണ് ഒരു നിര്‍മാതാവ്. രണ്ടു തവണ ദേശീയ പുരസ്കാര ജേതാവായ അദ്ദേഹം വിവിധ ഇന്ത്യന്‍ ഭാഷകളില്‍ ആയി 34 ഫീച്ചര്‍ സിനിമകളും 800 ടെലിവിഷന്‍ സീരിയലുകളും ഇതിനോടകം നിര്‍മിച്ചിട്ടുണ്ട്. എന്റെ പോര്‍ട്രയിറ്റ്സ് എന്ന സിനിമയുടെ നിര്‍മാണവും അദ്ദേഹമാണ്. പ്രശസ്ത തമിഴ് സംവിധായകന്‍ പാ രഞ്ജിത്ത് ആണ് മറ്റൊരു നിര്‍മാണ പങ്കാളി. പാ രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷന്‍സ് ആദ്യമായി ഒരു അന്താരാഷ്‌ട്ര കോ പ്രൊഡക്ഷന്‍ സിനിമയില്‍ പങ്കാളിയാവുകയാണ്‌. എന്നോടുള്ള വ്യക്തിപരമായ സൗഹൃദവും സ്നേഹവും ആണ് അദ്ദേഹം മുന്നില്‍ കണ്ടത്. പ്രിയ സുഹൃത്ത് പ്രകാശ് ബാരെ സിലിക്കന്‍ മീഡിയയുടെ ബാനറില്‍ മറ്റൊരു നിര്‍മാണ പങ്കാളി ആവുന്നു. പ്രകാശുമായി ഏറ്റവും അടുത്ത സൗഹൃദം ആണുള്ളത്. എന്റെ ഏഴ് സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പെയിന്റിംഗ് ലൈഫ്, ഓറഞ്ച് മരങ്ങളുടെ വീട് എന്നീ സിനിമകള്‍ നിര്‍മിച്ചതും പ്രകാശ് ബാരെ ആണ്.

പപ്പുവ ന്യൂ ഗിനിയയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജ ആയ മിസിസ് പാരുള്‍ അഗര്‍വാള്‍ ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ഇന്ത്യയില്‍ നിന്നും നീലം പ്രൊഡക്ഷന്‍സിന്റെ കോര്‍ഡിനേറ്റര്‍ ആയ ശ്യാം ലാല്‍ ടി എസ് ആണ് മറ്റൊരു എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

സിനിമയിലെ പ്രധാന വേഷം അഭിനയിച്ചത് സിനെ ബൊബോറോ എന്ന 85 വയസ്സുള്ള ഒരു ട്രൈബല്‍ ഗോത്ര തലവന്‍ ആണ്. ജീവിതത്തില്‍ ഇന്നുവരെ സിനിമ യില്‍ അഭിനയിക്കുക പോയിട്ട് സിനിമ കാണുക പോലും ചെയ്തിട്ടില്ലാത്ത സിനെ അങ്കിള്‍ ആണ് ഞങ്ങളുടെ പപ്പ ബുക്ക ,ഞങ്ങളെ അതിശയിപ്പിച്ച 85 വയസ്സുള്ള ഒരു ചെറുപ്പക്കാരന്‍. ബംഗാളി ലെ ഏറെ പ്രശസ്തയായ നടി റിതാഭാരി ചക്രബോര്‍ത്തി ആണ് മറ്റൊരു പ്രധാന അഭിനേതാവ് . അടുത്ത സുഹൃത്ത് കൂടിയായ റിത മുന്‍പ് എന്റെ പെയിന്റിംഗ് ലൈഫ് സിനിമയിലും അഭിനയിച്ചിട്ടുണ്ട്. മറ്റൊരു പ്രധാന വേഷം ചെയ്യുന്നത് നടന്‍ പ്രകാശ് ബാരെ ആണ്. ജോണ്‍ സൈക് ആണ് മറ്റൊരു വേഷത്തില്‍ ഉള്ളത്. ഇവരോടൊപ്പം പപ്പുവയില്‍ നിന്നുമുള്ള ഒട്ടേറെ ആളുകള്‍ ചിത്രത്തില്‍ വേഷമിടുന്നു. കൂടുതല്‍ പേരും അവിടുത്തെ ട്രൈബല്‍ വിഭാഗത്തില്‍ പെട്ടവരാണ് . വലിയൊരു പ്രത്യേകത ഇവര്‍ എല്ലാവരും തന്നെ ആദ്യമായാണ് ഒരു സിനിമയില്‍ അഭിനയിക്കുന്നത് എന്നതാണ്.

സിനിമയുടെ ഛായാഗ്രഹണം യെദു രാധാകൃഷ്ണന്‍ ആണ്. പ്രിയപ്പെട്ട എം ജെ രാധാകൃഷ്ണന്റെ മകന്‍ ആയ യദു എന്റെ ഓറഞ്ച് മരങ്ങളുടെ വീട് എന്ന സിനിമയിലൂടെ ആണ് സ്വതന്ത്ര ചായാഗ്രാഹകന്‍ ആകുന്നത് . അതുമുതല്‍ പപ്പ ബുക്ക വരെ അഞ്ചു സിനിമകള്‍ ഞങ്ങള്‍ ഒന്നിച്ച്‌ .
സിനിമയുടെ പ്രൊഡക്ഷന്‍ ഡിസൈനും ,പോസ്റ്റര്‍ ഡിസൈനും നിര്‍വഹിച്ചിരിക്കുന്നത് പ്രിയ സുഹൃത്ത് ദിലീപ് ദാസ് ആണ് . പ്രൊഡക്ഷന്‍ ഡിസൈനര്‍ എന്ന നിലയില്‍ ദിലീപും ഞാനുമായി അദൃശ്യ ജാലകങ്ങള്‍ക്കു ശേഷമുള്ള സിനിമ .പോസ്റ്റര്‍ ഡിസൈനര്‍ എന്ന നിലയില്‍ ഞങ്ങള്‍ ഒരുമിക്കുന്ന ഏഴാമത്തെ സിനിമയും . പ്രിയ സുഹൃത്ത് ഡേവിസ് മാനുവല്‍ ആണ് എഡിറ്റിംഗ് . ഒപ്പം ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ആയും പ്രവര്‍ത്തിക്കുന്നത് ഡേവിസ് ആണ് . ഡേവിസ് എഡിറ്റ് ചെയ്യുന്ന എന്റെ എട്ടാമത്തെ സിനിമ ആണിത്.

സിനിമയുടെ പശ്ചാത്തല സംഗീതം നിര്‍വഹിച്ചിരിക്കുന്നത് മൂന്ന് തവണ ഗ്രാമി പുരസ്കാര ജേതാവും യുണൈറ്റഡ് നേഷന്‍സ് ഗുഡ് വില്‍ അംബാസ്സഡറും ആയ പ്രശസ്ത സംഗീതഞ്ജന്‍ റിക്കി കേജ് ആണ്. അദൃശ്യ ജാലകങ്ങള്‍ സിനിമയിലും ഞങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചിരുന്നു .
പപ്പുവ ന്യൂ ഗിനിയ ട്രൈബല്‍ മ്യൂസിക് നിര്‍വഹിച്ചിരിക്കുന്നത് മ്യൂസിക് മാസ്റ്റേഴ്സ് ഓഫ് പി എന്‍ ജി എന്ന പപ്പുവ ന്യൂ ഗിനിയന്‍ ബാന്‍ഡ് ആണ് .

കോസ്റ്റിയൂം ഡിസൈനര്‍ പ്രിയ സുഹൃത്ത് കെ ആര്‍ അരവിന്ദ് ആണ്. ഞാനും അരവിന്ദും ഒന്നിച്ചു പ്രവര്‍ത്തിക്കുന്ന പതിമൂന്നാമത്തെ സിനിമ ആണിത് . എന്നോടൊപ്പം ഏറ്റവും കൂടുതല്‍ സിനിമകളില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ച സാങ്കേതിക പ്രവര്‍ത്തകന്‍ അരവിന്ദ് ആണ്.
ലൊക്കേഷന്‍ സിങ്ക് സൌണ്ടും സൗണ്ട് ഡിസൈനും നിര്‍വഹിച്ചത് സാനു പി ആണ് . ശബ്ദ മിശ്രണം ജിതിന്‍ ജോസഫ് , മേക്കപ്പ് അന്ന പങ്കി നവാര , ആര്‍ട്ട് ഡയറക്ടര്‍ ബെന്നിസ് തൌലാ, കോസ്റ്റ്യൂമര്‍ റോസ് സിനെ , വി എഫ് എക്സ് പ്രൊ ഡ്യൂ സ ര്‍ ടിയെസ് ഇന്ദ്രന്‍ , എന്തിനും ഏതിനും കൂടെയുള്ള ഫ്ലെവിന്‍ എസ് ശിവന്‍ അസോസിയെറ്റ് ഡയറക്ടര്‍ ആയും ഫയദോര്‍ സാം ബ്രൂക്ക് അസോസിയേറ്റ് ക്യാമറാമാന്‍ ആയും ഒപ്പമുണ്ട് .രണ്ടു പേരും ഒപ്പമുള്ള ആറാമത്തെ സിനിമ.

പപ്പുവ ന്യൂ ഗിനിയയിലെ ഏറെ വ്യത്യസ്തമായ ഭൂപ്രകൃതിയിലും സാഹചര്യത്തിലും ഏതാണ്ട് നൂറിലധികം ഉള്ള ഒരു ക്രൂവിനെ മാനേജ് ചെയ്യുക എന്നത് എളുപ്പമല്ല. അതിന്റെ മുഴുവന്‍ ചുമതലകളും നിര്‍വഹിച്ചത് നാഫയുടെ ലൈന്‍ പ്രൊഡ്യൂസര്‍ ആയ ആദ്യ പ്രസാദ് ആയിരുന്നു. കേവലം പതിനേഴു വയസ്സ് മാത്രമുള്ള ഒരു പെണ്‍കുട്ടി ആണ് മുപ്പതു ദിവസത്തോളം നൂറു പേര്‍ അടങ്ങിയ ഒരു ക്രൂവിനെ നയിച്ചു സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ സഹായിച്ചത് എന്നത് വലിയൊരു അഭിനന്ദനം അര്‍ഹിക്കുന്ന ഒന്നാണ്.

ഇന്ത്യയിലെ ലൈന്‍ പ്രൊഡ്യൂസര്‍ പ്രിയപ്പെട്ട എല്‍ദോ ശെല്‍വരാജ് ആയിരുന്നു . ബൂം മാന്‍ അജിത്‌ ജോയല്‍ അങ്കുഷ് , അസിസ്റ്റന്റ് ക്യാമറാമാന്‍ ജോസ് കുട്ടി തോമസ്‌ . ഡയലോഗ് എഡിറ്റര്‍ എസ് പ്രേം ശങ്കര്‍ , സൗണ്ട് എഫക്ട്സ് എഡിറ്റര്‍ ഷമീര്‍ അഹമ്മദ് , അലന്‍ സി കുര്യാക്കോസ് , കളറിസ്റ്റ് രമേഷ് അയ്യര്‍ , കണ്‍ഫേമിസ്റ്റ് ഗോകുല്‍ ഗോപി , വി എഫ് എക്സ് ടീം ഷാജഹാന്‍ എസ് , രാജേഷ് കെ ജി , ഫോളി സൂപ്പര്‍ വൈസര്‍ ആര്‍ രാജ മോഹന്‍ , ഗ്രേഡിങ്ങ് സ്റ്റുഡിയോ വിസ്താ ഒബ്സ്ക്യു റാ കൊച്ചി , സൗണ്ട് സ്റ്റുഡിയോ സപ്താ റെക്കോര്‍ഡ്സ് കൊച്ചി , മ്യൂസിക് റെക്കോര്‍ഡിംഗ് റെവലൂഷന്‍ സ്റ്റുഡിയോ ബാംഗ്ലൂര്‍.

സിനിമയുടെ കോ റൈറ്റര്‍ ദാനിയല്‍ ജോനര്‍ ഘട്ട്, ചീഫ് അസിസ്ടന്റ് ഡയറക്ടര്‍ മിഷേല്‍ ബാറു , ട്രാന്‍സലേറ്റര്‍ ക്ലെമന്റ് ജിമാ , ആന്ത്രപോളജിസ്റ്റ് ഡോ. ആ ന്‍ ഡ്രൂ മൌട്ടൂ, ഹിസ്റ്റോറിയന്‍ മിസിസ് അന്ന ദുസാവ , സപ്പോര്‍ട്ട് ടീം ലീഡര്‍ ജെസ്സിക്കാ മെക്ക്, ലൈസന്‍ ഓഫീസര്‍ സംഗീതാ സിങ്ങ്.

സിനിമയുടെ ഈ നേട്ടം എല്ലാ പ്രവര്‍ത്തകര്‍ക്കും കൂടി അവകാശപ്പെട്ടത് ആണ് . സിനിമയ്ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കിയ പപ്പുവ ന്യൂ ഗിനിയന്‍ സര്‍ക്കാര്‍ ,പ്രധാന മന്ത്രി ജെയിംസ് മരാപ്പേ , മിനിസ്ട്രി ഓഫ് ടൂറിസം ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍ മിനിസ്റ്റര്‍ ബെല്‍ഡന്‍ നോര്‍മന്‍ നമഹ് , നാഷണല്‍ കള്‍ച്ചറല്‍ കമ്മീഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സ്റ്റീവന്‍ എനോമ്പ് കിലാണ്ട, പപ്പുവ ന്യൂ ഗിനിയയിലെ ഇന്ത്യന്‍ ഹൈ കമ്മീഷണര്‍ ഇന്‍ബസേക്കര്‍ സുന്ദര മൂര്‍ത്തി എന്നിവരെയും ഓര്‍ക്കുന്നു.

പപ്പുവ ന്യൂ ഗിനിയയുമായി ചേര്‍ന്ന് ഒരു സിനിമ എന്ന ആശയം ആദ്യം ചര്‍ച്ച ചെയ്തത് സുഹൃത്തുക്കള്‍ ആയ പ്രീതയും ശിവലിംഗ പ്രസാദും ചേര്‍ന്നാണ് .. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ്. പിന്നീട് നാല് വര്‍ഷങ്ങളുടെ ചര്‍ച്ചകള്‍ തയ്യാറെടുപ്പുകള്‍ . ഇടയ്ക്ക് പ്രീത പപ്പുവയില്‍ നിന്നും മറ്റൊരു രാജ്യത്തേക്ക് പോയി എങ്കിലും ഞങ്ങള്‍ സ്നേഹത്തോടെ എസ് പി എന്ന് വിളിക്കുന്ന പ്രസാദ് സാര്‍ സിനിമയുമായി മുന്നോട്ട് പോയി . ഈ സിനിമ ഇന്ന് യാഥാര്‍ത്ഥ്യം ആകുമ്പോള്‍ ഏതാണ്ട് അസാധ്യമായ ഒന്ന് ആണ് എസ് പി സാധ്യമാക്കിയത്.

അവസാനമായി ഒരു കാര്യം കൂടി പരാമര്‍ശിക്കേണ്ടതുണ്ട് . ഈ സിനിമയുടെ ചിത്രീകരണ വേളയില്‍ പപ്പുവ ന്യൂ ഗിനിയയിലെ വിവിധ യൂണിവേഴ്സിറ്റികളില്‍ നിന്നും തിരഞ്ഞെടുത്ത നാല്‍പ്പതു വിദ്യാര്‍ത്ഥികള്‍ക്ക് സംവിധാനം , ക്യാമറ , സൗണ്ട് , പ്രൊഡക്ഷന്‍ ഡിസൈന്‍ എന്നീ സാങ്കേതിക മേഖലകളില്‍ ചിത്രീകരണത്തിനൊപ്പം പ്രായോഗിക പരിശീലനം കൂടി നല്‍കി എന്ന അപൂര്‍വതയും ഉണ്ട് .ഇതില്‍ ഭൂരിഭാഗവും ട്രൈബല്‍ വിഭാഗത്തില്‍ നിന്നുമുള്ള പെണ്‍കുട്ടികള്‍ ആയിരുന്നു.

കേവലം ഒരു സിനിമ ചിത്രീകരിക്കുക എന്നതിനപ്പുറം വിദ്യാര്‍ത്ഥികള്‍ക്ക് സിനിമയുടെ വിവിധ സാങ്കേതിക മേഖലകളില്‍ പരിശീലനം കൂടി നല്‍കാന്‍ സാധിച്ചു എന്നതും ഈ സിനിമയുടെ ഒരു പ്രത്യേകത ആണ് . പപ്പുവ ന്യൂ ഗിനിയ സര്‍ക്കാരിന് കീഴിലുള്ള ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ കമ്യൂണിറ്റി ഡെവലപ്മെന്റ് ആന്റ് റിലിജിയന്റെ സഹായത്തോടെ വുമണ്‍ എമ്പവര്‍മെന്റ്റ് ആന്‍ഡ് ജെന്‍ഡര്‍ ഇക്വാലിറ്റി എന്ന ആശയം മുന്‍നിര്‍ത്തി ആണ് ഈ ട്രെയിനിംഗ് നടപ്പാക്കിയത് . പപ്പ ബുക്ക സിനിമയുടെ സെറ്റില്‍ ഉണ്ടായിരുന്ന നൂറിലധികം ആളുകളില്‍ അമ്പതു ശതമാനത്തിനു മുകളില്‍ ക്രൂ അംഗങ്ങള്‍ സ്ത്രീകള്‍ ആയിരുന്നു എന്നതും വലിയൊരു അപൂര്‍വത ആയിരുന്നു . ഒരുപക്ഷെ നമ്മുടെ ഒന്നും ഫിലിം ഇന്‍ഡസ്ത്രികളില്‍ പ്രത്യേകിച്ച് മലയാളത്തില്‍ നടക്കാന്‍ വലിയ ബുദ്ധിമുട്ട് ഉള്ള ഒരു കാര്യം. ഒരു വർഷത്തിനിപ്പുറം അതിൽ പലരും ഇന്ന് സജീവമായി സിനിമ മേഖലയിൽ ഇറങ്ങി പ്രവർത്തിക്കുന്നു എന്ന് അറിയുന്നതിലും സന്തോഷം.

അങ്ങനെ എല്ലാ അര്‍ത്ഥത്തിലും പപ്പ ബുക്ക ഒരു വേറിട്ട അനുഭവം ആയിരുന്നു . വേറൊരു രാജ്യത്തിലും, വേറൊരു സംസ്കാരത്തിലും, വേറൊരു ഭാഷയിലും ഇത്തരം ഒരു ചിത്രം സാധ്യമാക്കുകയും അത് ഒരു രാജ്യത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ലാവുകയും ചെയ്ത യാത്രയില്‍ ഒപ്പം നിന്ന എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.

'പാപ്പാ ബുക്ക' 2025 സെപ്റ്റംബർ 19 ന് പാപ്പുവ ന്യൂ ഗിനിയയിലെ തിയേറ്ററുകളിൽ പുറത്തിറങ്ങും. തുടർന്ന് ലോസ് ഏഞ്ചൽസിൽ അന്താരാഷ്ട്ര ഫെസ്റ്റിവൽ പ്രദർശനങ്ങളും ഓസ്കാർ പ്രചാരണ പരിപാടികളും നടക്കും.

Content Highlights: Dr Biju congratulates everyone on Papa Buka selected in Oscar

dot image
To advertise here,contact us
dot image