
കണ്ണൂര്‍: കണ്ണപുരം സ്‌ഫോടനക്കേസിലെ പ്രതി അനൂപ് മാലിക് പിടിയില്‍. വൈകീട്ടോടെ കാഞ്ഞങ്ങാട് നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. മൊബൈല്‍ ഫോണ്‍ സിഗ്നല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അയാളെ പിടികൂടിയത്.
ഇന്ന് പുലര്‍ച്ചെയാണ് കീഴറയിലെ വീട്ടില്‍ സ്‌ഫോടനം നടന്നത്. ഉഗ്രശബ്ദം കേട്ട് സമീപവാസികള്‍ നോക്കുമ്പോള്‍ വീട് തകര്‍ന്ന നിലയിലായിരുന്നു. തുടര്‍ന്ന് പ്രദേശവാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് പരിശോധിക്കുമ്പോള്‍ ചിതറിയ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു. എക്സ്പ്ലോസീവ് സബ്സ്റ്റന്‍സസ് ആക്ട് 1908 പ്രകാരം മൂന്ന്, അഞ്ച് വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ അനൂപ് മാലിക്കിനെ മാത്രമാണ് നിലവില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്.
അനൂപ് മാലിക് മുന്‍പും സമാനകേസുകളില്‍ പ്രതിയാണ്. 2016ലെ പൊടിക്കുണ്ട് സ്ഫോടന കേസിലെ മുഖ്യപ്രതിയാണ് അനൂപ് മാലിക്. അന്ന് 57 വീടുകളായിരുന്നു സ്‌ഫോടനത്തില്‍ തകര്‍ന്നത്. സ്‌ഫോടക വസ്തുക്കള്‍ നിയമവിരുദ്ധമായി കൈകാര്യം ചെയ്തതിന് ഇയാള്‍ക്കെതിരെ ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Content Highlights: Kannapuram blast case accused Anoop Malik arrested