ജസ്റ്റിസുമാരായ അലോക് ആരാധെയും വിപുൽ എം പഞ്ചോളിയും സുപ്രീംകോടതിയില്‍ ചുമതലയേറ്റു

കൊളീജിയം ശുപാർശയിൽ വിയോജിച്ച ജസ്റ്റിസ് ബി വി നാഗരത്ന ഉൾപ്പടെയുള്ള എല്ലാ ജഡ്ജിമാരും ചടങ്ങിൽ പങ്കെടുത്തു

ജസ്റ്റിസുമാരായ അലോക് ആരാധെയും വിപുൽ എം പഞ്ചോളിയും സുപ്രീംകോടതിയില്‍ ചുമതലയേറ്റു
dot image

ന്യൂഡൽഹി: സുപ്രീംകോടതിയിൽ പുതിയ രണ്ട് ജഡ്ജിമാർ കൂടി സത്യവാചകം ചൊല്ലി ചുമതലയേറ്റു. ജസ്റ്റിസുമാരായ അലോക് ആരാധെയും വിപുൽ എം പഞ്ചോളിയുമാണ് ചുമതലയേറ്റത്. സുപ്രീംകോടതി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് പുതിയ ജഡ്ജിമാർക്ക് സത്യവാചകം ചൊല്ലി നൽകി. കൊളീജിയം ശുപാർശയിൽ വിയോജിച്ച ജസ്റ്റിസ് ബി വി നാഗരത്ന ഉൾപ്പടെയുള്ള എല്ലാ ജഡ്ജിമാരും ചടങ്ങിൽ പങ്കെടുത്തു. ഇതോടെ സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ അംഗസംഖ്യ അനുവദനീയ പരിധിയായ 34ലെത്തി. ജസ്റ്റിസ് ബി വി നാഗരത്നയാണ് സുപ്രീംകോടതിയിലെ ഏക വനിതാ ജഡ്ജി. ജസ്റ്റിസ് അലോക് ആരാധെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയിൽ നിന്നും ജസ്റ്റിസ് വിപുൽ എം പഞ്ചോളി പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്നുമാണ് സുപ്രീംകോടതി ജഡ്ജിമാരായി ഉയർത്തപ്പെട്ടത്.

സീനിയോറിറ്റി പട്ടികയിൽ അഞ്ചാം സ്ഥാനത്തായിരുന്നു ജസ്റ്റിസ് അലോക് ആരാധെ. സീനിയോറിറ്റിയിൽ 57ആം സ്ഥാനത്തായിരുന്നു ജസ്റ്റിസ് വിപുൽ എം പഞ്ചോളി. സീനിയോറിറ്റിയിൽ ഏറെ മുന്നിലുള്ള വനിതാ ജഡ്ജിമാരെ മറികടന്നായിരുന്നു വിപുൽ എം പഞ്ചോളിയുടെ നിയമനം. ജസ്റ്റിസ് വിപുൽ എം പഞ്ചോളിയുടെ നിയമനത്തിലാണ് സുപ്രീംകോടതിയിലെ മുതിർന്ന ജഡ്ജിയും കൊളിജിയം അംഗവുമായ ബി വി നാഗരത്ന വിയോജിച്ചത്. ഓൾ ഇന്ത്യ സീനിയോറിറ്റി ലിസ്റ്റിൽ പിന്നിലാണെന്നതും ഗുജറാത്തിൽ നിന്നുള്ള മൂന്നാമത്തെ സുപ്രീംകോടതി ജഡ്ജിയാകും ജസ്റ്റിസ് പഞ്ചോളിയെന്ന കാര്യവും ജസ്റ്റിസ് നാഗരത്‌ന ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ സുപ്രീംകോടതിയിലെ വനിതാ ജഡ്ജിമാരുടെ കുറവും നാഗരത്‌ന വ്യക്തമാക്കിയിരുന്നു. എന്നാൽ കൊളീജിയത്തിലെ നാലു ജഡ്ജിമാർ ജസ്റ്റിസ് പഞ്ചോളിയുടെ നിയമനത്തെ പിന്തുണച്ചതോടെ തീരുമാനം അംഗീകരിക്കപ്പെടുകയായിരുന്നു.

വിപുൽ എം പഞ്ചോളിയുടെ നിയമന നടപടി വിവാദമായതോടെ നാഗരത്‌നയുടെ വിയോജനക്കുറിപ്പ് പുറത്തുവിടണമെന്ന ആവശ്യവുമായി സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജി ജസ്റ്റിസ് അഭയ് എസ് ഓഖയും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇത് പുറത്തുവിടാന്‍ സുപ്രീംകോടതി തയ്യാറായില്ല. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ പഞ്ചോളിയെ ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്ന് പാട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചതിന് പിന്നില്‍ സുപ്രീംകോടതിയിലേക്ക് എത്തിക്കുന്നതിനുള്ള ആസൂത്രിത നീക്കമായിരുന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു. പഞ്ചോളിയുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൊളീജിയം യോഗത്തിനിടെ ജസ്റ്റിസ് നാഗരത്‌ന ചോദിച്ചതായും റിപ്പോർട്ടറുണ്ടായിരുന്നു.

Content Highlights: Justices Alok Aradhe and Vipul Pancholi sworn in as supreme court judges

dot image
To advertise here,contact us
dot image