
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി ഇടിയുന്നതായി ഇന്ത്യാ ടുഡേ-സിവോട്ടർ മൂഡ് ഓഫ് ദി നേഷൻ സർവ്വെ. ജൂലൈ ഒന്നിനും ഓഗസ്റ്റ് 14നും ഇടയിലായി ഇന്ത്യാ ടുഡേ-സിവോട്ടർ മൂഡ് ഓഫ് ദി നേഷൻ നടത്തിയ സർവ്വെയിൽ മോദിയുടെ ജനപ്രീതി 58 ശതമാനമാണ്. നേരത്തെ 2025 ഫെബ്രുവരിയിൽ ഇന്ത്യാ ടുഡേ-സിവോട്ടർ മൂഡ് ഓഫ് ദി നേഷൻ നടത്തിയ സർവ്വെയിൽ പ്രധാനമന്ത്രിയുടെ ജനപ്രീതി 62 ശതമാനമായിരുന്നു. 2,06,826 പേരുടെ അഭിപ്രായം പരിഗണിച്ചാണ് സർവ്വെ നടത്തിയതെന്നാണ് ഇന്ത്യാ ടുഡേ-സിവോട്ടർ മൂഡ് ഓഫ് ദി നേഷൻ വ്യക്തമാക്കുന്നത്.
പ്രധാനമന്ത്രി മോദിയുടെ മൂന്നാം ടേമിലെ ഇതുവരെയുള്ള പ്രകടനം 'മികച്ചത്' എന്നായിരുന്നു സർവ്വെയിൽ പങ്കെടുത്ത 34.2 ശതമാനം പേർ പ്രതികരിച്ചത്. 23.8 ശതമാനം പേർ അത് 'നല്ലത്' ആണെന്ന് അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി മോദിയുടെ പ്രകടനം ശരാശരിയാണെന്ന് 12.7 ശതമാനം പേർ പറയുമ്പോൾ 12.6 ശതമാനം പ്രകടനം മോശമെന്നും 13.8 ശതമാനം പേർ വളരെ മോശമെന്നുമാണ് അഭിപ്രായപ്പെട്ടത്. ഫെബ്രുവരിയിൽ നടന്ന എംഒടിഎൻ സർവ്വെയിൽ മോദിയുടെ പ്രകടനം മികച്ചതാണെന്ന് അഭിപ്രായപ്പെട്ടത് 36.1 ശതമാനം പേരായിരുന്നു.
എൻഡിഎ സർക്കാരിൻ്റെ പ്രകടനത്തിലുള്ള ജനപ്രീതിയും ഇടിഞ്ഞതായാണ് ഇന്ത്യാ ടുഡേ-സിവോട്ടർ മൂഡ് ഓഫ് ദി നേഷൻ നടത്തിയ സർവ്വെയിൽ വ്യക്തമാകുന്നത്. 52.4 ശതമാനമാണ് എൻഡിഎ സർക്കാരിൻ്റെ പ്രകടനം നല്ലത് എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. 15.3 ശതമാനം ആളുകൾ എൻഡിഎ സർക്കാരിൻ്റെ പ്രകടനത്തിൽ തൃപ്തിയോ അതൃപ്തിയോ പ്രകടിപ്പിച്ചില്ല. ഫെബ്രുവരിയിൽ ഇന്ത്യാ ടുഡേ-സിവോട്ടർ മൂഡ് ഓഫ് ദി നേഷൻ നടത്തിയ സർവ്വെയിൽ 62.1 ശതമാനം പേർ എൻഡിഎ സർക്കാരിൻ്റെ പ്രകടനം നല്ലതെന്ന് അഭിപ്രായപ്പെട്ടിരുന്നു. അഭിപ്രായം പറയാത്തത് 15.3 ശതമാനം പേരായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പ് ഇപ്പോൾ നടന്നാൽ എൻഡിഎ 324 സീറ്റ് നേടുമെന്നും ഇന്ത്യാ ടുഡേ-സിവോട്ടർ മൂഡ് ഓഫ് ദി നേഷൻ സർവ്വെ പ്രവചിക്കുന്നു. കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിന് 208 സീറ്റ് വരെ നേടുമെന്നും സർവ്വെ വ്യക്തമാക്കുന്നു. ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ ബിജെപി 260 സീറ്റ് നേടുമെന്നാണ് ഇന്ത്യാ ടുഡേ-സിവോട്ടർ മൂഡ് ഓഫ് ദി നേഷൻ സർവ്വെയുടെ മറ്റൊരു പ്രവചനം.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ നേടിയതിനെക്കാൾ 31 സീറ്റുകളാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ എൻഡിഎ മുന്നണിക്ക് കൂടുക എന്നും സർവ്വെ ചൂണ്ടിക്കാട്ടുന്നു. പ്രതിപക്ഷത്തിൻ്റെ സീറ്റുകളിൽ 26 എണ്ണത്തിൻ്റെ കുറവുണ്ടാകുമെന്നും സർവ്വെ പറയുന്നുണ്ട്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിന് 293 സീറ്റ് വരെയാണ് നേടാൻ കഴിഞ്ഞത്. ബിജെപിക്ക് 240 സീറ്റാണ് ലഭിച്ചത്. കേവല ഭൂരിപക്ഷത്തിന് 32 സീറ്റിൻ്റെ കുറവുണ്ടായിരുന്ന ബിജെപി ജെഡിയു, തെലുങ്കുദേശം കക്ഷികളുടെ പിന്തുണയിലാണ് മന്ത്രിസഭ രൂപീകരിച്ചത്.
Content Highlights: Mood of the Nation poll shows Narendra Modi and NDA's popularity dipping