
ന്യൂഡല്‍ഹി: റിപ്പോര്‍ട്ടര്‍ ടിവിയുടെ തൃശൂര്‍ ബ്യൂറോ ഓഫീസിനു നേരെയുണ്ടായ യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍. കേരളത്തിലെ പാര്‍ട്ടി എംഎല്‍എയ്‌ക്കെതിരായ ലൈംഗിക പീഡന പരാതി റിപ്പോര്‍ട്ട് ചെയ്തതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് നേരെ നടത്തിയ ആക്രമണം അവരുടെ സ്വേഛാധിപത്യ മനോഭാവം വ്യക്തമാക്കുന്നതാണെന്ന് എസ് ജയ്ശങ്കര്‍ പറഞ്ഞു. 1947-ല്‍ അധികാരത്തില്‍ വന്ന നാള്‍ മുതല്‍ മാധ്യമപ്രവര്‍ത്തകരുടെ മാനുഷിക താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായാണ് കോൺഗ്രസ് പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. എക്‌സിലൂടെയായിരുന്നു എസ് ജയ്ശങ്കറിൻ്റെ പ്രതികരണം.
'കേരളത്തിലെ പാര്‍ട്ടി എംഎല്‍എയുടെ ലൈംഗിക പീഡനം റിപ്പോര്‍ട്ട് ചെയ്തതിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ടര്‍ ടിവിക്കുനേരെ നടത്തിയ ആക്രമണത്തിലൂടെ കോണ്‍ഗ്രസ് മാധ്യമസ്വാതന്ത്ര്യം ഹനിച്ചുകൊണ്ട് വീണ്ടും അവരുടെ സ്വേഛാധിപത്യ മനോഭാവമാണ് പ്രകടിപ്പിച്ചത്. 1947-ല്‍ അധികാരത്തില്‍ വന്നതുമുതല്‍ കോണ്‍ഗ്രസ് മാധ്യമപ്രവര്‍ത്തകരുടെ മാനുഷിക താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരെ ജയിലിലടയ്ക്കുകയും പത്ര ഓഫീസുകള്‍ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഒരു ദശാബ്ദത്തിലേറെയായി അധികാരത്തില്‍ ഇല്ലാതിരുന്നിട്ടും അവരുടെ ധിക്കാരപരമായ പെരുമാറ്റം മാറ്റാന്‍ അവര്‍ തയ്യാറാവുന്നില്ല എന്നത് ഖേദകരമാണ്': ജയ്ശങ്കര്‍ എക്‌സില്‍ കുറിച്ചു.
ഇന്ന് രാവിലെയായിരുന്നു റിപ്പോര്‍ട്ടറിന്റെ തൃശൂര്‍ ബ്യൂറോ ഓഫീസിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണമുണ്ടായത്. മുദ്രാവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തകര്‍ ബ്യൂറോയിലെ കാറിന് മുകളില്‍ യൂത്ത് കോണ്‍ഗ്രസിൻ്റെ കൊടി നാട്ടുകയാണ് ചെയ്തത്. ഇതിന് പുറമേ മുകളിലെ ഓഫീസിലേക്കുള്ള പടികളിലും വാതിലിലും കരി ഓയില്‍ ഒഴിക്കുകയും വാതിലില്‍ റിപ്പോര്‍ട്ടറിനെതിരെ നോട്ടീസ് പതിപ്പിക്കുകയും ചെയ്തു. റിപ്പോര്‍ട്ടര്‍ ചാനലിനെ അധിക്ഷേപിക്കുന്ന വാചകങ്ങളായിരുന്നു നോട്ടീസിലുണ്ടായിരുന്നത്.
സംഭവത്തിൽ പൊലീസ് കേസെടുത്തു. ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. ഓഫീസില്‍ അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തി എന്നാണ് കേസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മിഥുന്‍ മോഹന്‍, ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു ചന്ദ്രന്‍, തൃശൂര്‍ അസംബ്ലി പ്രസിഡന്റ് കെ സുമേഷ്, വില്‍വട്ടം മണ്ഡലം പ്രസിഡന്റ് സൗരാഗ്, നിഖില്‍ദേവ്, അമല്‍ ജയിംസ് എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെതിരായ വാർത്തകൾ പുറത്ത് വിട്ടതിന്റെ വൈരാഗ്യത്തിലാണ് പ്രതികൾ ഓഫീസ് ആക്രമിച്ചതെന്നാണ് എഫ്ഐആർ വ്യക്തമാക്കുന്നത്. ഒന്നു മുതൽ ആറ് വരെ പ്രതികളായ മിഥൻ മോഹൻ, വിഷ്ണു ചന്ദ്രൻ, കെ സുമേഷ്, സൗരാഗ്, നിഖിൽ ദേവ്, അമൽ ജയിംസ് എന്നീ പ്രതികൾ റിപ്പോർട്ടർ ടി വിയുടെ തൃശൂർ ബ്യൂറോ ഓഫീസിലേക്ക് അതിക്രമിച്ച് കടന്ന് ഓഫീസിന്റെ പ്രവേശന ഭാഗത്ത് കരിഓയിൽ ഒഴിക്കുകയും, ഓഫീസ് ഡോറിന് കേടുപാടുകൾ വരുത്തി നാശനഷ്ടം ഉണ്ടാക്കുകയും ചെയ്തുവെന്നാണ് എഫ്ഐആറിൽ ഉള്ളത്.
Content Highlights:Attack on Reporter TV office shows Congress' authoritarian attitude: S Jaishankar