റിപ്പോര്‍ട്ടര്‍ ടിവിയുടെ തൃശ്ശൂര്‍ ബ്യൂറോയ്ക്ക് നേരെയുള്ള യൂത്ത് കോൺഗ്രസ് ആക്രമണം അപലപനീയം: എം വി ഗോവിന്ദൻ

നീറിപ്പുകയുന്ന പ്രതിഷേധങ്ങള്‍ എത്രയൊക്കെ മൂടവയ്ക്കാന്‍ ശ്രമിച്ചാലും ജനങ്ങളുടെ മനസില്‍ നിന്ന് മായില്ല

റിപ്പോര്‍ട്ടര്‍ ടിവിയുടെ തൃശ്ശൂര്‍ ബ്യൂറോയ്ക്ക് നേരെയുള്ള യൂത്ത് കോൺഗ്രസ് ആക്രമണം അപലപനീയം: എം വി ഗോവിന്ദൻ
dot image

തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ടിവിയുടെ തൃശ്ശൂര്‍ ബ്യൂറോയ്ക്ക് എതിരായ യൂത്ത് കോണ്‍ഗ്രസ് അതിക്രമത്തില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. റിപ്പോര്‍ട്ടര്‍ ചാനലിന്റെ തൃശ്ശൂര്‍ ബ്യൂറോ ഓഫീസ് ആക്രമിച്ചിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസെന്നും അപലപനീയമായ ഇത്തരം അക്രമങ്ങള്‍ കേരളത്തിലുടനീളം നടത്താനാണ് കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും അവരുടെ സംഘവും നീങ്ങിക്കൊണ്ടിരിക്കുന്നത് എന്ന് വേണം കരുതാനെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. വടകര നിയോജക മണ്ഡലത്തില്‍ വടകര എംപി നടത്തിയ തെറ്റായ പ്രചാരണങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് സംഘം വലിയ രീതിയിലുള്ള കടന്നാക്രമണങ്ങള്‍ക്ക് മുതിരാന്‍ തുടങ്ങിയത്. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് അതിന്റെ മറവില്‍ ആക്രമണങ്ങള്‍ പുറത്തുവിടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത് എന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

'സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് നിലപാടുകള്‍ ആധുനിക കാലത്തിന് ചേര്‍ന്നതല്ല. ഇത്തരം കാര്യങ്ങളില്‍ കോണ്‍ഗ്രസ് എടുക്കുന്ന നിലപാട് സ്ത്രീവിരുദ്ധവും പീഡനങ്ങള്‍ക്ക് അനുകൂലമായതാണ്. എംഎല്‍എമാരുടേത് ഉള്‍പ്പെടെ മുന്‍ കാലങ്ങളില്‍ ഉണ്ടായ സംഭവങ്ങളിലും കോണ്‍ഗ്രസിന്റെ പ്രതികരണം ഇത്തരത്തില്‍ തന്നെയായിരുന്നു. ഇക്കാര്യങ്ങളുടെ പേരില്‍ നീറിപ്പുകയുന്ന പ്രതിഷേധങ്ങള്‍ എത്രയൊക്കെ മൂടവയ്ക്കാന്‍ ശ്രമിച്ചാലും ജനങ്ങളുടെ മനസില്‍ നിന്ന് മായില്ല.' എം വി ഗോവിന്ദന്‍ പറഞ്ഞു.

റിപ്പോർട്ടർ ടിവിയുടെ തൃശൂർ ബ്യൂറോ ഓഫീസിന് നേരെ ഇന്ന് രാവിലെയാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ ആക്രമണം നടത്തിയത്. ആക്രമണത്തിൽ ഈസ്റ്റ് പൊലീസ് കേസെടുത്തിരുന്നു. ഓഫീസിൽ അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തി എന്നാണ് കേസ്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മിഥുൻ മോഹൻ, ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു ചന്ദ്രൻ, തൃശൂർ അസംബ്ലി പ്രസിഡന്റ് കെ സുമേഷ്, വിൽവട്ടം മണ്ഡലം പ്രസിഡന്റ് സൗരാഗ്, നിഖിൽദേവ്, അമൽ ജയിംസ് എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെതിരായ വാർത്തകൾ പുറത്ത് വിട്ടതിന്റെ വൈരാഗ്യത്തിലാണ് പ്രതികൾ ഓഫീസ് ആക്രമിച്ചതെന്നാണ് എഫ്ഐആർ വ്യക്തമാക്കുന്നത്. ഒന്നു മുതൽ ആറ് വരെ പ്രതികളായ മിഥൻ മോഹൻ, വിഷ്ണു ചന്ദ്രൻ, കെ സുമേഷ്, സൗരാ​ഗ്, നിഖിൽ ദേവ്, അമൽ ജയിംസ് എന്നീ പ്രതികൾ റിപ്പോർട്ടർ ടി വിയുടെ തൃശൂർ ബ്യൂറോ ഓഫീസിലേക്ക് അതിക്രമിച്ച് കടന്ന് ഓഫീസിന്റെ പ്രവേശന ഭാഗത്ത് കരിഓയിൽ ഒഴിക്കുകയും, ഓഫീസ് ഡോറിന് കേടുപാടുകൾ വരുത്തി നാശനഷ്ടം ഉണ്ടാക്കുകയും ചെയ്തുവെന്നാണ് എഫ്ഐആറിൽ ഉള്ളത്. റിപ്പോർട്ടർ ടി വിയുടെ കാറിന് മുകളിൽ യൂത്ത് കോൺഗ്രസ്സിൻ്റെ കൊടി നാട്ടുകയും ചെയ്തുവെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നുണ്ട്.

മുദ്രാവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തകര്‍ ബ്യൂറോയിലെ കാറിന് മുകളില്‍ യൂത്ത് കോണ്‍ഗ്രസിൻ്റെ കൊടി നാട്ടുകയാണ് ചെയ്തത്. ഇതിന് പുറമേ മുകളിലെ ഓഫീസിലേക്കുള്ള പടികളിലും വാതിലിലും കരി ഓയില്‍ ഒഴിക്കുകയും വാതിലില്‍ റിപ്പോര്‍ട്ടറിനെതിരെ നോട്ടീസ് പതിപ്പിക്കുകയും ചെയ്തു. റിപ്പോര്‍ട്ടര്‍ ചാനലിനെ അധിക്ഷേപിക്കുന്ന വാചകങ്ങളായിരുന്നു നോട്ടീസിലുണ്ടായിരുന്നത്. ഇതിന് പിന്നാലെ റിപ്പോര്‍ട്ടര്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും പ്രതികളെ ഉടന്‍ പിടികൂടണമെന്നും റിപ്പോര്‍ട്ടര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

റിപ്പോര്‍ട്ടറിനെതിരായ അതിക്രമത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തെ അപലപിച്ച് കെയുഡബ്ല്യുജെ അടക്കം രംഗത്തെത്തി. എന്ത് വിഷയത്തിന്റെ പേരിലാണെങ്കിലും മാധ്യമ സ്ഥാപനങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണം മാധ്യമസ്വാതന്ത്ര്യത്തിനെതിരായ കടന്നാക്രമണം ആണെന്ന് കെയുഡബ്ല്യുജെ പ്രസിഡന്റ് കെ പി റെജി പറഞ്ഞു. എന്ത് പ്രശ്നമാണെങ്കിലും പരിഹരിക്കുന്നതിന് നിയമമുണ്ട്. അതിന് പകരം കയ്യൂക്കിന്റേയും അതിക്രമത്തിന്റേയും വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിച്ചാല്‍ അത് അങ്ങേയറ്റം അപലപനീയമാണെന്നും കെ പി റെജി പറഞ്ഞു. സംസ്‌കാര ശൂന്യമായ നടപടിയാണ് യൂത്ത് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് കെയുഡബ്ല്യുജെ ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളും അഭിപ്രായപ്പെട്ടു.

Content Highlight; ; MV Govindan reacts Youth congress attack over reporter tv

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us