
കേരള ക്രിക്കറ്റ് ലീഗില്‍ തൃശൂര്‍ ടൈറ്റന്‍സിനെതിരെ ഏരീസ് കൊല്ലം സെയ്ലേഴ്‌സിന് 148 റണ്‍സ് വിജയലക്ഷ്യം. മഴ വില്ലനായി എത്തിയ മത്സരത്തില്‍ 13 ഓവറുകളായി വെട്ടിച്ചുരുക്കിയിരുന്നു. തൃശൂര്‍ ടൈറ്റന്‍സ് നാല് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുത്തു. വിജെഡി നിയമപ്രകാരം വിജയലക്ഷ്യം 148 റണ്‍സായി നിശ്ചയിക്കുകയായിരുന്നു. 29 പന്തില്‍ 51 റണ്‍സെടുത്ത ഷോണ്‍ റോജറും പുറത്താകാതെ 14 പന്തില്‍ 44 റണ്‍സെടുത്ത എ കെ അര്‍ജുനുമാണ് തൃശൂരിനെ മികച്ച സ്കോറിലേക്ക് നയിച്ചത്.
മത്സരത്തിൽ ടോസ് നേടിയ കൊല്ലം സെയ്ലേഴ്‌സ് ആദ്യം ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ടൈറ്റൻസിന് തകർച്ചയോടെയായിരുന്നു തുടക്കം. സ്‌കോര്‍ബോര്‍ഡ് ഇരുപതിലെത്തിയപ്പോഴേക്കും ടൈറ്റന്‍സിന് ഓപ്പണര്‍മാരെ നഷ്ടപ്പെട്ടു.
ആറു പന്തില്‍ രണ്ട് റണ്‍സെടുത്ത ആനന്ദ് കൃഷ്ണനെയും 11 പന്തില്‍ 16 റണ്‍സെടുത്ത അഹമ്മദ് ഇമ്രാനുമാണ് ആദ്യം മടങ്ങിയത്. ഈഡന്‍ ആപ്പിളിനും ഷറഫുദ്ദീനുമായിരുന്നു വിക്കറ്റ്. തുടര്‍ന്ന് ക്രീസിലെത്തിയ വരുണ്‍ നായനാര്‍ 19 പന്തില്‍ 22 റണ്‍സെടുത്ത് മടങ്ങി. അഖില്‍ സജീവനായിരുന്നു വിക്കറ്റ്.
തുടര്‍ന്നാണ് ഷോണ്‍ റോജര്‍-എകെ അര്‍ജുന്‍ സഖ്യം ടൈറ്റന്‍സിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. കൊല്ലം സെയിലേഴ്‌സിന് വേണ്ടി ഈഡന്‍ ആപ്പിള്‍ ടോം, ഷറഫുദ്ദീന്‍, അഖില്‍ സജീവന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Content Highlights: KCL: Thrissur Titans vs Aries Kollam Sailors