
ന്യൂഡൽഹി: ജനസംഖ്യാ സന്തുലനത്തിന് മൂന്ന് കുട്ടികൾ വേണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. അഖണ്ഡ ഭാരതം എന്നതാണ് ആർഎസ്എസ് സങ്കൽപം. വിവിധ വിഭാഗങ്ങളുടെ ഫെഡറേഷൻ അല്ല ഇന്ത്യ. എന്നാൽ മുസ്‌ലിങ്ങൾ ഇവിടെ നിലനിൽക്കും. അതാണ് ഹിന്ദു ചിന്താഗതിയെന്നും മോഹൻ ഭാഗവത് പറഞ്ഞു. മൂന്നിൽ താഴെ ജനനനിരക്കുള്ള സമുദായങ്ങൾ പതുക്കെ ഇല്ലാതാകുമെന്ന് വിദഗ്ധർ പറയുന്നതായി അവകാശപ്പെട്ട മോഹൻ ഭാഗവത് എല്ലാ രാജ്യങ്ങളിലും ഇത് സംഭവിക്കുന്നുണ്ടെന്നും അതിനാൽ ഓരോ ദമ്പതിമാരും രാജ്യത്തിന്റെ താൽപര്യം മുൻനിർത്തി മൂന്ന് കുട്ടികൾക്ക് ജന്മം നൽകണമെന്നും കൂട്ടിച്ചേർത്തു. ആർഎസ്‌എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനസംഖ്യാ അസന്തുലിതാവസ്ഥയ്ക്ക് മതപരിവർത്തനവും നിയമവിരുദ്ധ കുടിയേറ്റവുമാണ് പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു. "മതം എന്നത് ഒരു വ്യക്തിയുടെ സ്വന്തം ഇഷ്ടമാണ്. ആരെയും നിർബന്ധിച്ച് മതപരിവർത്തനം ചെയ്യരുത്. നമ്മൾ അത് നിർത്തണം. രണ്ടാമത്തെ പ്രശ്നം നുഴഞ്ഞുകയറ്റമാണ്. ഓരോ രാജ്യത്തിനും അവരുടേതായ നിയമങ്ങളും നിയന്ത്രണങ്ങളുമുണ്ട്, പരിമിതമായ വിഭവങ്ങളുമുണ്ട്. അതിനാൽ, നുഴഞ്ഞുകയറ്റം അവസാനിപ്പിക്കണം. ഇത് തടയാൻ സർക്കാർ ശ്രമങ്ങൾ നടത്തുന്നുണ്ട്. നമ്മുടെ രാജ്യത്തെ പൗരന്മാർക്ക് തൊഴിൽ നൽകേണ്ടത് പ്രധാനമാണ്. ലോകം 'കുടുംബം' ആണ്. എന്നാൽ ഓരോ സ്ഥലത്തിനും അവരുടേതായ മാനദണ്ഡങ്ങളുണ്ട്'', മോഹൻ ഭാഗവത് വ്യക്തമാക്കി.
ഇംഗ്ലീഷ് ഭാഷ പഠിക്കുന്നതിൽ തെറ്റില്ലെന്നും മാതൃഭാഷയെ അവഗണിക്കുന്നതാണ് തെറ്റെന്നും പറഞ്ഞ മോഹൻ ഭാഗവത് രാജ്യത്തിന്റെ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന പഠനസംവിധാനം വേണമെന്നും ഇന്ത്യയെ മനസ്സിലാക്കാൻ സംസ്കൃതം പ്രധാനപ്പെട്ടതാണെന്നും കൂട്ടിച്ചേർത്തു. അധിനിവേശ ശക്തികൾ കൊണ്ടുവന്നതാണ് ഇപ്പോഴത്തെ വിദ്യാഭ്യാസ സംവിധാനം. രാജ്യത്തിന്റെ പാരമ്പര്യവും നേട്ടങ്ങളും വിദ്യാർത്ഥികളെ പഠിപ്പിക്കണമെന്നും മോഹൻ ഭാഗവത് പറഞ്ഞു. ഇക്കാലത്ത് മതഭ്രാന്ത് വർദ്ധിച്ചിട്ടുണ്ടെന്നും ആർഎസ്‌എസ് മേധാവി പറഞ്ഞു. ഹിന്ദു രാഷ്ട്രത്തെക്കുറിച്ചുള്ള ആർഎസ്‌എസ് ഭാവന ആർക്കും എതിരല്ലെന്നും ആരെയും ഒഴിവാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദേശ പ്രതിനിധികൾക്കായി മോഹൻ ഭാഗവതിന്റെ പ്രസംഗം ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ് ഭാഷകളിലേക്ക് തത്സമയം വിവർത്തനം ചെയ്തിരുന്നു.
Content Highlights: RSS chief Mohan Bhagwat says three children are needed to balance population