
അമരാവതി: തിരുമല ക്ഷേത്രത്തിന് സമീപത്തുള്ള നിർദ്ദിഷ്ട ഒബ്‌റോയ് ഹോട്ടൽസ് റിസോർട്ടിനെച്ചൊല്ലിയുള്ള ദീർഘകാല ഭൂമി തർക്കത്തിന് പരിഹാരമാകുന്നു. മതവികാരങ്ങളെ മാനിച്ചുകൊണ്ട് പദ്ധതിക്ക് സൗകര്യമൊരുക്കുന്നതിനായി മറ്റൊരു ഭൂമി കണ്ടെത്തി നൽകി പ്രശ്നപരിഹാരം ഉണ്ടാക്കിയെന്നാണ് ചന്ദ്രബാബു നായിഡുവിൻ്റെ നേതൃത്വത്തിലുള്ള സർക്കാർ അവകാശപ്പെടുന്നത്. സംസ്ഥാനത്തിന് 250 കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കുന്നതാണ് ഈ നീക്കം എന്നാണ് സർക്കാരിൻ്റെ അവകാശവാദം.
1999 മുതലാണ് ഇവിടുത്തെ ഭൂമിതർക്കം ആരംഭിക്കുന്നത്. തീർത്ഥാടകർക്കായി ഒരു സന്ദർശക മേഖല വികസിപ്പിക്കുന്നതിനായി ടൂറിസം വകുപ്പ് 1999ൽ തിരുപ്പതി ഗ്രാമീണ മേഖലയിലെ പേരൂർ ഗ്രാമത്തിലെ 50 ഏക്കർ ഭൂമി ഏറ്റെടുത്തു. 2021 നവംബറിൽ, അന്നത്തെ വൈഎസ്ആർ കോൺഗ്രസ് പാർട്ടി സർക്കാർ ഈ ഭൂമിയിൽ നിന്ന് 20 ഏക്കർ ഒബ്‌റോയ് ഗ്രൂപ്പിന്റെ മുംതാസ് ഹോട്ടൽസ് ലിമിറ്റഡ് എന്ന സ്പെഷ്യൽ പർപ്പസ് വെഹിക്കിളിന് ഒരു ആഡംബര റിസോർട്ടിനായി അനുവദിച്ചു. എസ്പിവിയുടെ പേര് മുംതാസ് ഹോട്ടൽസ് എന്നാണെന്ന് ചൂണ്ടിക്കാണിച്ച് ഒരു വിഭാഗം ഭക്തർ രംഗത്ത് വരികയായിരുന്നു. അത്തരമൊരു പേരുള്ള ഒരു പദ്ധതി വെങ്കിടേശ്വരന്റെ പുണ്യസ്ഥലത്തിനടുത്തുള്ള ഒരു ഭൂമിയിൽ അനുചിതമാണെന്നായിരുന്നു അവരുടെ വാദം.
തിരുമല തിരുപ്പതി ദേവസ്ഥാനം ബോർഡ് 2024 നവംബർ 18-ന് പുറത്തിറക്കിയ ഒരു പ്രമേയത്തിൽ ഈ നീക്കം റദ്ദാക്കണമെന്ന് സർക്കാരിനോട് ഔദ്യോഗികമായി അഭ്യർത്ഥിച്ചിരുന്നു. പ്രദേശത്തിന്റെ പവിത്രതയും ആത്മീയതയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ ടിടിഡിയുടെ പ്രമേയം തീർത്ഥാടകരുടെ ക്ഷേമവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് മാത്രമേ ഭൂമി ഉപയോഗിക്കാവൂ എന്ന് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. യഥാർത്ഥ ഭൂമി തിരിച്ചുപിടിച്ച് ഒരു ബദൽ സ്ഥലം നിർദ്ദേശിക്കാൻ ഇതിന് പിന്നാലെ മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു ടിടിഡിയോട് നിർദ്ദേശിച്ചു. ഇത് പ്രകാരമുള്ള സ്ഥല കൈമാറ്റ ധാരണ 2025 ജൂലൈയിൽ ടിടിഡി ബോർഡ് അംഗീകരിക്കുകയായിരുന്നു. 20 ഏക്കർ വരുന്ന പുതിയ സ്ഥലം വിവാദ സ്ഥലത്ത് നിന്നും ഏകദേശം രണ്ടോ മൂന്നോ കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്.
ഇതിന് പിന്നാലെ 2025 ഓഗസ്റ്റ് 7 ന് പുതിയൊരു സർക്കാർ ഉത്തരവ് വഴി മുംതാസ് ഹോട്ടലുകൾക്ക് നേരത്തെ സ്ഥലം അനുവദിച്ച ഉത്തരവ് സർക്കാർ ഔദ്യോഗികമായി റദ്ദാക്കി. പിന്നാലെ പുതിയ ക്രമീകരണം അന്തിമമാക്കുന്നതിനായി ടൂറിസം വകുപ്പ് ടിടിഡി നിർദ്ദേശിച്ച ബദൽ ഭൂമി ഏറ്റെടുത്തു. ഈ നടപടിക്രമം പൂർത്തിയാക്കിയതിന് ശേഷമാണ് സ്ഥലം ഒബ്‌റോയ് ഗ്രൂപ്പിന് അനുവദിക്കാൻ തീരുമാനിച്ചിരിക്കുന്നത്. 2025 ഓഗസ്റ്റ് 22 ന് നടന്ന ഒരു യോഗത്തിൽ സംസ്ഥാന നിക്ഷേപ പ്രോത്സാഹന കമ്മിറ്റി ഇത് സംബന്ധിച്ച മുഴുവൻ നടപടിക്രമങ്ങളും അംഗീകരിക്കുകയായിരുന്നു.
എന്നാൽ ഈ നീക്കത്തിനെതിരെ വൈഎസ്ആർ കോൺഗ്രസ് രംഗത്ത് വന്നിട്ടുണ്ട്. ടിടിഡിയുടെ വിലയേറിയ സ്വത്ത് കൈമാറാൻ നായിഡു സർക്കാർ "ഗൂഢാലോചന" നടത്തിയതായി വൈഎസ്ആർസിപിയുടെ മുതിർന്ന നേതാവും മുൻ ടിടിഡി ചെയർമാനുമായ ബി കരുണാകർ റെഡ്ഡി ആരോപിച്ചു. ക്ഷേത്രത്തിനടുത്തുള്ള പ്രധാന ഭൂമി കുറഞ്ഞ മൂല്യമുള്ള ഗ്രാമീണ പ്ലോട്ടിനായി കൈമാറ്റം ടിടിഡിക്ക് ഗണ്യമായ സാമ്പത്തിക നഷ്ടത്തിന് കാരണമാകുമെന്നും ശ്രീ റെഡ്ഡി ആരോപിച്ചു. നിക്ഷേപകരെ പിന്തിരിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള "തെറ്റായ വിവരണം" ആണിതെന്നാണ് തിരുമല തിരുപ്പതി ദേവസ്ഥാനം ബോർഡ് വ്യക്തമാക്കുന്നത്. ചന്ദ്രബാബു സർക്കാരിന്റെ നടപടി ടിടിഡിയുടെ അഭ്യർത്ഥനയ്ക്കും പൊതുജനവികാരത്തിനും അനുസരിച്ചുള്ള പ്രതികരണമാണെന്നാണ് ടിഡിപി വക്താവ് ജ്യോത്സ്ന തിരുനഗരി ചൂണ്ടിക്കാട്ടിയത്.
ഭൂമി കൈമാറ്റം നടപ്പിലാക്കുന്നതിലൂടെ ചന്ദ്രബാബു സർക്കാർ പ്രമുഖ ആഡംബര ഹോട്ടൽ ബ്രാൻഡായ ഒബ്‌റോയ് ഹോട്ടൽസിൻ്റെ ഗണ്യമായ നിക്ഷേപം നിലനിർത്തിയിട്ടുണ്ടെന്നാണ് ഭരണകക്ഷിയായ തെലുങ്കുദേശം ചൂണ്ടിക്കാണിക്കുന്നത്. വർഷങ്ങളായി തർക്ക വിഷയമായിരുന്ന, രാഷ്ട്രീയമായും മതപരമായും സെൻസിറ്റീവ് ആയ ഒരു വിഷയത്തെ സർക്കാർ പരിഹരിച്ചുവെന്നുമാണ് ഭരണകക്ഷിയുടെ അവകാശവാദം.
Content Highlights: Big Political Row In Andhra Over Land Grant By Jagan Reddy's Government