
2007ൽ സിഎൻഎൻ ഐബിഎൻ ഒരു ഇന്റർവ്യൂ നടത്തിയിരുന്നു. മൂന്ന് മിനിട്ടോളം മാത്രം നീണ്ടു നിന്ന ആ അഭിമുഖം പിന്നീട് രാജ്യത്തെ മാധ്യമ സ്വാതന്ത്രത്തിന്റെ നേരെ നീളുന്ന ഭരണകൂടത്തിന്റെ പ്രതികാര ഇടപെടലുകളുടെ ചൂണ്ടുപലകയാകുമെന്ന് ആരും കരുതിയിട്ടുണ്ടാകില്ല. 56 ഇഞ്ചിന്റെ നെഞ്ചളവെന്ന പ്രതിച്ഛായയെ ഇന്നും വലിയ നിലയിൽ പരുക്കേൽപ്പിക്കുന്നതാണ് മൂന്ന് മിനിട്ടോളം മാത്രം നീണ്ടു നിന്ന ആ അഭിമുഖം.
'ദി വയറി'ന്റെ സ്ഥാപക എഡിറ്റർ സിദ്ധാർത്ഥ് വരദരാജനും മുതിർന്ന മാധ്യമപ്രവർത്തകൻ കരൺ ഥാപ്പറിനും എതിരെ ഭാരതീയ ന്യായ സംഹിതയിലെ 152, 196, 197 (1) (D)/3(6), 353 എന്നീ വകുപ്പുകൾ ചുമത്തി അസം പൊലീസ് കേസെടുക്കുകയും സമൻസ് അയയ്ക്കുകയും ചെയ്തതോടെയാണ് ഈ അഭിമുഖം വീണ്ടും ചർച്ചകളിൽ നിറയുന്നത്.
2007ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുമായി കരൺ ഥാപ്പർ നടത്തിയ ആ അഭിമുഖത്തിന്റെ ദൈർഘ്യം വെറും മൂന്നു മിനിട്ട് മാത്രമാണ്. എന്നാൽ അതിന്റെ തുടർ ചലനങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല.
ഇതായിരുന്നു ആ അഭിമുഖത്തിൽ സംഭവിച്ചത്.
കരൺ ഥാപ്പർ: മിസ്റ്റർ മോദി, താങ്കളെക്കുറിച്ച് പറഞ്ഞുകൊണ്ട് നമുക്ക് ആരംഭിക്കാം. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന ആറ് വർഷത്തിനിടയിൽ, രാജീവ് ഗാന്ധി ഫൗണ്ടേഷൻ ഗുജറാത്തിനെ ഏറ്റവും മികച്ച ഭരണ നിർവ്വഹണമുള്ള സംസ്ഥാനമായി പ്രഖ്യാപിച്ചു. രണ്ട് വ്യത്യസ്ത അവസരങ്ങളിൽ ഇന്ത്യാ ടുഡേ താങ്കളാണ് ഏറ്റവും കാര്യക്ഷമതയുള്ള മുഖ്യമന്ത്രിയെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നിട്ടും, ആളുകൾ ഇപ്പോഴും നിങ്ങളെ മുഖത്തുനോക്കി ഒരു കൂട്ടക്കൊലപാതകി എന്ന് വിളിക്കുന്നു, മുസ്ലീങ്ങളോട് മുൻവിധിയോടെ പെരുമാറുന്നുവെന്ന് അവർ ആരോപിക്കുന്നു. നിങ്ങൾക്ക് ഒരു ഇമേജ് പ്രശ്‌നമുണ്ടോ?
നരേന്ദ്ര മോദി: ആളുകൾ അങ്ങനെ പറയുന്നു എന്നത് ശരിയല്ലെന്ന് ഞാൻ കരുതുന്നു. ഈ പദാവലിയിൽ സംസാരിച്ചിരുന്ന രണ്ടോ മൂന്നോ വ്യക്തികളുണ്ട്. ദൈവം അവരെ അനുഗ്രഹിക്കട്ടെ എന്ന് ഞാൻ എപ്പോഴും പറയും.
കരൺ ഥാപ്പർ: ഇത് രണ്ട്, മൂന്ന് ആളുകളുടെ മാത്രം ഗൂഢാലോചനയാണെന്നാണോ നിങ്ങൾ പറയുന്നത്
നരേന്ദ്ര മോദി: ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല.
കരൺ ഥാപ്പർ: പക്ഷേ ഇത് രണ്ട്, മൂന്ന് ആളുകൾ ആണെന്നാണ് താങ്കൾ പറഞ്ഞത്.
നരേന്ദ്ര മോദി: എനിക്ക് വിവരമുള്ളത് ഇതാണ്. ഇത് ജനങ്ങളുടെ ശബ്ദമല്ല.
കരൺ ഥാപ്പർ: 2003 സെപ്റ്റംബറിൽ സുപ്രീം കോടതി ഗുജറാത്ത് സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ കാര്യം ഞാൻ താങ്കളെ ചൂണ്ടിക്കാണിക്കട്ടെ? നിസ്സഹായരായ കുട്ടികളും നിരപരാധികളായ സ്ത്രീകളും കത്തുമ്പോൾ മറുവശത്ത് ആധുനിക നീറോയെപ്പോലെയായിരുന്നു നിങ്ങൾ എന്നാണ് 2004 ഏപ്രിലിൽ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തുറന്ന കോടതിയിൽ പറഞ്ഞത്, സുപ്രീം കോടതിക്ക് നിങ്ങളുമായി ഒരു പ്രശ്‌നമുണ്ടെന്ന് തോന്നുന്നു.
നരേന്ദ്ര മോദി: ശരിയാണ്. എനിക്ക് ഒരു ചെറിയ അഭ്യർത്ഥനയുണ്ട്. ദയവായി സുപ്രീം കോടതി വിധിയിലേക്ക് പോകുക. പിന്നെ എന്തെങ്കിലും രേഖാമൂലം ഉണ്ടോ? എല്ലാം അറിയുന്നതിൽ എനിക്ക് സന്തോഷമുണ്ട്.
കരൺ ഥാപ്പർ: നിങ്ങൾ പറഞ്ഞത് തികച്ചും ശരിയാണ്. അത് രേഖാപരമായിരുന്നില്ല. അത് വിധിന്യായത്തിലായിരുന്നില്ല. അത് ഒരു നിരീക്ഷണമാണ്.
നരേന്ദ്ര മോദി: അത് വിധിന്യായത്തിലാണെങ്കിൽ, ഞാൻ സന്തോഷത്തോടെ ഉത്തരം നൽകും.
കരൺ ഥാപ്പർ: പ്രശ്‌നം എന്താണെന്ന് ഞാൻ താങ്കളോട് പറയാം. 02/2002 ലെ ഗുജറാത്ത് കൊലപാതകങ്ങൾക്ക് അഞ്ച് വർഷങ്ങൾക്ക് ശേഷവും, ഗോധ്രയുടെ പ്രേതം നിങ്ങളെ ഇപ്പോഴും വേട്ടയാടുന്നു. ആ പ്രേതത്തെ ഇല്ലാതാക്കാൻ നിങ്ങൾ എന്തുകൊണ്ട് കൂടുതൽ ഒന്നും ചെയ്തില്ല?
നരേന്ദ്ര മോദി: ഇത് ഞാൻ കരൺ ഥാപ്പറെ പോലുള്ള മാധ്യമ പ്രവർത്തകർക്ക് നൽകി. അവർ ചെയ്യട്ടെ. അവർ ആസ്വദിക്കട്ടെ.
കരൺ ഥാപ്പർ: ഞാൻ ഒരുകാര്യം താങ്കളോട് നിർദ്ദേശിക്കട്ടെ?
നരേന്ദ്ര മോദി: എനിക്ക് ഒരു പ്രശ്‌നവുമില്ല.
കരൺ ഥാപ്പർ: നടന്ന കൊലപാതകങ്ങളിൽ താങ്കൾ ഖേദിക്കുന്നുവെന്ന് നിങ്ങൾക്ക് എന്തുകൊണ്ട് പറയാൻ കഴിയില്ല? അവരെ സംരക്ഷിക്കാൻ സർക്കാർ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതായിരുന്നുവെന്ന് നിങ്ങൾക്ക് എന്തുകൊണ്ട് പറയാൻ കഴിയുന്നില്ല?
നരേന്ദ്ര മോദി: എനിക്ക് പറയാനുള്ളത്, ഞാൻ ആ സമയത്ത് പറഞ്ഞിട്ടുണ്ട്, എന്റെ പ്രസ്താവനകൾ നിങ്ങൾക്ക് കണ്ടെത്താനാകും.
കരൺ ഥാപ്പർ: അത് വീണ്ടും പറയൂ?
നരേന്ദ്ര മോദി: ആവശ്യമില്ല. ഫെബ്രുവരിയിൽ എല്ലാ കാര്യങ്ങളെക്കുറിച്ചും ഞാൻ സംസാരിക്കേണ്ടിവരും. നിങ്ങൾക്ക് എന്താണ് സംസാരിക്കേണ്ടത്?
കരൺ ഥാപ്പർ: എന്നാൽ അത് വീണ്ടും പറയാതിരിക്കുന്നതിലൂടെ, ആളുകളെ സന്ദേശം ആവർത്തിച്ച് കേൾക്കാൻ അനുവദിക്കാതിരിക്കുന്നതിലൂടെ, ഗുജറാത്തിന്റെ താൽപ്പര്യത്തിന് വിരുദ്ധമായ പ്രതിച്ഛായ തുടരാൻ നിങ്ങൾ ആശ്രയിക്കുകയാണ്. അത് മാറ്റേണ്ടത് നിങ്ങളുടെ കൈകളിലാണ് ഇരിക്കുന്നത്.
ഈ സമയം 'എനിക്ക് വിശ്രമിക്കണം' എന്ന് പറഞ്ഞ് നരേന്ദ്ര മോദി വെള്ളത്തിന് ചോദിക്കുന്നു. വെള്ളം താങ്കളുടെ പിന്നിലുണ്ടെന്ന് കരൺ ഥാപ്പർ പറയുന്നുണ്ട് ഇതിനിടയിൽ ഇന്റർവ്യൂ അവസാനിപ്പിക്കുന്നു എന്ന സൂചന നൽകി 'സൗഹൃദം തുടരും' എന്ന് മോദി പറയുന്നുണ്ട്. 'നിങ്ങൾ ഇവിടെ വന്നു. എനിക്ക് സന്തോഷമുണ്ട്. ഞാൻ നിങ്ങളോട് നന്ദിയുള്ളവനാണ്. അത് കുഴപ്പമില്ല. നിങ്ങളുടെ ആശയങ്ങളാണ്. നിങ്ങൾ പറയുന്നു. മൂന്ന്, നാല് ചോദ്യങ്ങൾ. ആസ്വദിക്കൂ' എന്ന് പറഞ്ഞതിന് ശേഷം നരേന്ദ്ര മോദി വെള്ളം കുടിക്കുന്നു.
ഇതിന് പിന്നാലെ അഭിമുഖം തുടരാൻ കരൺ ഥാപ്പർ ശ്രമിക്കുന്നുണ്ട്,
കരൺ ഥാപ്പർ: ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തതിനെക്കുറിച്ച് സംസാരിക്കുന്നില്ല. എന്തുകൊണ്ടാണ് നിങ്ങൾക്ക് പ്രതിച്ഛായ ശരിയാക്കാൻ കഴിയാത്തത് എന്നാണ് ഞാൻ ചോദിക്കുന്നത്
എന്നാൽ മറുപടി പറയാതെ മോദി ആ അഭിമുഖം അവസാനിപ്പിക്കുകയാണ്. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും സംഭവബഹുലമായതും ഹൃസ്വമായതുമായ ആ അഭിമുഖം അവിടെ അവസാനിച്ചു. പക്ഷെ അതിന്റെ അനുരണനങ്ങൾ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്.
2017ൽ 'ദി വയറി'ന് വേണ്ടി സിദ്ധാർത്ഥ് വരദരാജൻ ഈ അഭിമുഖത്തെക്കുറിച്ച് വീണ്ടും കരൺ ഥാപ്പറോട് ചോദിക്കുന്നുണ്ട്. അപ്പോഴേക്കും ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് നരേന്ദ്ര മോദി അവരോധിതനായിരുന്നു. നരേന്ദ്ര മോദി വീണ്ടുമൊരിക്കൽ കൂടി കാണാൻ ആഗ്രഹിക്കാത്ത ആ ഇന്റർവ്യൂ വീണ്ടും ഓർമ്മിപ്പിക്കുക മാത്രമല്ല സിദ്ധാർത്ഥ് വരദരാജൻ ചെയ്തത്. മറിച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മുമ്പിൽ പ്രധാനമന്ത്രി ചൂളുമെന്നും മുൻകൂട്ടി തയ്യാറാക്കിയ ചോദ്യങ്ങളുള്ള അഭിമുഖങ്ങളിലെ പ്രധാനമന്ത്രി പങ്കെടുക്കുകയുള്ളുവെന്നും ആ അഭിമുഖം പറഞ്ഞ് വെച്ചു. കരൺ ഥാപ്പറിന് നൽകിയ അഭിമുഖത്തിന് ശേഷം വിരലെണ്ണാവുന്ന അഭിമുഖങ്ങൾ മാത്രമേ നരേന്ദ്ര മോദി മാധ്യമങ്ങൾക്ക് നൽകിയിട്ടു. അവയാണെങ്കിൽ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് എന്ന് തോന്നിപ്പിക്കുന്നവയുമാണ്. ഇത് ചൂണ്ടിക്കാണിച്ചാണ് 2007ലെ അഭിമുഖത്തെക്കുറിച്ച് സിദ്ധാർത്ഥ് വരദരാജൻ കരൺ ഥാപ്പറോട് ചോദിക്കുന്നത്. ആ ഇൻ്റർവ്യൂവിന് ശേഷം അപ്രതീക്ഷിതമായ ചോദ്യങ്ങൾ ഒഴിവാക്കാൻ നരേന്ദ്ര മോദി ജാഗ്രത കാണിക്കുന്നതിനെക്കുറിച്ച് കരൺ ഥാപ്പറും വ്യക്തമാക്കുന്നുണ്ട്.
എന്തുകൊണ്ട് സിദ്ധാർത്ഥ് വരദരാജനും കരൺ ഥാപ്പറുമെന്നതിനുള്ള ഉത്തരം കൂടി ഈ അഭിമുഖം അടയാളപ്പെടുത്തിയിട്ടുണ്ട്. നിർഭയമായി ഭരണകൂടത്തെ വിമർശിക്കാൻ കരുത്തുള്ള രാജ്യത്തെ വിരലിലെണ്ണാവുന്ന മാധ്യമ പ്രവർത്തകരിൽ പ്രധാനികളാണ് ഇരുവരും. ഭരണകൂടത്തിന് അനിഷ്ടകരമായ ചോദ്യങ്ങൾ നിരന്തരം ഉന്നയിക്കുന്ന 'ദി വയറി'ന്റെ ജനപ്രിയ മുഖങ്ങൾ കൂടിയാണ് ഇരുവരും. ഭാരതീയ ന്യായ സംഹിതയിലെ 152-ാം വകുപ്പ് അടക്കം ചുമത്തിയാണ് അസം പൊലീസ് ഇരുവർക്കും സമൻസ് അയച്ചിരിക്കുന്നത്. അതും കേസ് വിവരം പോലും വ്യക്തമായി സൂചിപ്പിക്കാതെ.
നേരത്തെ ഏതോ ഒരു പ്രാദേശിക ബിജെപി പ്രവർത്തകൻ നൽകിയ പരാതിയിൽ ജൂലൈ 11ന് രാജ്യദ്രോഹക്കുറ്റം അടക്കം ചുമത്തി സിദ്ധാർത്ഥ് വരദരാജനും 'ദി വയറി'നുമെതിരെ അസം പൊലീസ് എഫ്‌ഐആർ ഇട്ടിരുന്നു. ഈ വിഷയത്തിൽ സിദ്ധാർത്ഥ് വരദരാജനെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ പാടില്ലെന്ന് സുപ്രീം കോടതി ആഗസ്റ്റ് 12ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. 'രാഷ്ട്രീയ നേതൃത്വത്തിന്റെ നിയന്ത്രണങ്ങൾ കാരണം ഇന്ത്യൻ എയർ ഫോഴ്‌സ് പാകിസ്ഥാന് യുദ്ധവിമാനങ്ങൾ നഷ്ടപ്പെടുത്തി' എന്ന തലക്കെട്ടിലുള്ള വാർത്തയുടെ പേരിലായിരുന്നു അസം പൊലീസിന്റെ നടപടി.
'ഓപ്പറേഷൻ സിന്ദൂർ' സൈനിക നടപടിക്കിടെ ഇന്ത്യയ്ക്ക് യുദ്ധവിമാനങ്ങൾ നഷ്ടപ്പെട്ടതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചുള്ള ഇന്തോനേഷ്യയിലെ ഇന്ത്യയുടെ പ്രതിരോധ അറ്റാഷെയുടെ പരാമർശങ്ങൾ ഉദ്ധരിച്ചായിരുന്നു 'ദി വയർ' ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. 'മാധ്യമപ്രവർത്തകർക്കെതിരായ മിക്ക കേസുകളും പൊതുജനങ്ങൾക്ക് ലഭ്യമായ ഉള്ളടക്കത്തിൽ നിന്നാണ് വരുന്നതെന്നും അവർ റിപ്പോർട്ട് ചെയ്യുന്നതെന്നും അതിനാൽ അവരുടെ കസ്റ്റഡി അന്വേഷണം അനാവശ്യമാണെന്നും' ഈ കേസുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവിൽ സുപ്രീം കോടതി പറഞ്ഞിരുന്നു. എന്നാൽ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിനെ പോലും മുഖവിലയ്‌ക്കെടുക്കാതെയാണ് കേസിന്റെ വിശദാംശങ്ങൾ പോലും വ്യക്തമാക്കാതെ രാജ്യത്തെ രണ്ട് മുതിർന്ന മാധ്യമപ്രവർത്തകർക്കെതിരെ രാജ്യദ്രോഹം ചുമത്തി സമൻസ് അയച്ചിരിക്കുന്നത്.
രാജ്യത്തിന്റെ പ്രതിരോധ വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്റെ വാക്കുകളെ ഉദ്ധരിച്ച് ഒരു വാർത്ത ചെയ്തതിന് രാജ്യത്തെ രണ്ട് മുതിർന്ന മാധ്യമ പ്രവർത്തകർക്കെതിരെ ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് ഉപയോഗിച്ച് കേസെടുത്തു എന്നതാണ് ഇതിൽ ഏറ്റവും ഗൗരവമുള്ളത്. രാജ്യദ്രോഹം പോലെയുള്ള ഇത്രയും ഗുരുതരമായ വകുപ്പ് ചുമത്തിവേട്ടയാടാൻ എന്ത് തെറ്റാണ് സിദ്ധാർത്ഥ് വരദരാജനും കരൺ ഥാപ്പറും ചെയ്തതെന്ന് ചോദിക്കുമ്പോഴാണ് 18 വർഷം പിന്നിൽ നിന്നും ആ അഭിമുഖം തലനീട്ടിയെത്തുന്നത്.
ആദ്യമായല്ല ദി വയറിനെതിരെ പ്രതികാര നടപടി ഉണ്ടാകുന്നത്. 2022 ഒക്ടോബർ 31-ന് ഡൽഹി പോലീസിന്റെ ക്രൈംബ്രാഞ്ച് 'ദി വയറി'ന്റെ ഓഫീസുകളിലും അതിന്റെ മൂന്ന് സ്ഥാപക എഡിറ്റർമാരായ സിദ്ധാർത്ഥ് വരദരാജൻ, എം.കെ. വേണു, സിദ്ധാർത്ഥ് ഭാട്ടിയ, ഡെപ്യൂട്ടി എഡിറ്റർ ജഹ്നവി സെൻ, പ്രൊഡക്ട്-ബിസിനസ് മേധാവി മിഥുൻ കിദംബി എന്നിവരുടെ വീടുകളിലും സൈനിക നടപടിക്ക് സമാനമായ റെയ്ഡ് നടത്തിയിരുന്നു. ദി വയർ പ്രസിദ്ധീകരിച്ച മൂന്ന് സ്റ്റോറികൾ വ്യാജരേഖ ചമച്ച് തന്റെ പ്രശസ്തിക്ക് കോട്ടം വരുത്താനുള്ള ഗൂഢാലോചനയാണെന്ന് ആരോപിച്ച് ബിജെപിയുടെ ഐടി മേധാവി അമിത് മാളവ്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി.
പിടിച്ചെടുത്ത മൊബൈൽ ഫോണുകൾ, ഐപാഡുകൾ, കമ്പ്യൂട്ടറുകൾ, ഹാർഡ് ഡിസ്‌കുകൾ എന്നിവയുടെ ഹാഷ് വാല്യൂ വേണമെന്നും പിടിച്ചെടുത്ത ഉപകരണങ്ങളുടെയും ഹാർഡ് ഡിസ്‌കുകളുടെയും ക്ലോൺ ചെയ്ത പകർപ്പുകൾ ഒരു നിഷ്പക്ഷ സ്ഥലത്ത് സൂക്ഷിക്കണമെന്നുമുള്ള ആവശ്യം ദി വയർ ഈ കേസുമായി ബന്ധപ്പെട്ട് ഉന്നയിച്ചിരുന്നു. എന്നാൽ നിയമപരമായ ഈ ആവശ്യം പോലും അവഗണിക്കപ്പെട്ടിരുന്നു. ഓപ്പറേഷൻ സിന്ദൂറിനിടെ ദി വയറിന്റെ വെബ്‌സൈറ്റും സോഷ്യൽ മീഡിയ അക്കൗണ്ടുകളും ബ്ലോക്ക് ചെയ്യപ്പെട്ടതും നമുക്ക് മുന്നിലുണ്ട്. 'ഇന്റർനെറ്റ് സേവന ദാതാക്കൾ പല കാര്യങ്ങളും പറയുന്നുണ്ട്. ഇത് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് എന്ന് ഞങ്ങൾ മനസ്സിലാക്കി' എന്നായിരുന്നു ഈ വിഷയത്തിൽ ദി വയറിന്റെ പ്രതികരണം. ഈ നിലയിലുള്ള പ്രതികാര നടപടികൾ ഇപ്പോൾ രാജ്യദ്രോഹ കുറ്റത്തിൽ എത്തി നിൽക്കുകയാണ്.
Dear Readers of The Wire
— The Wire (@thewire_in) May 9, 2025
In a clear violation of the Constitutional guarantee of freedom of the press, the Government of India has blocked access to https://t.co/mEOYg6zJMu across India. + pic.twitter.com/K1jRk3Vxpy
കേവലം സിദ്ധാർത്ഥ് വരദരാജനിലും കരൺ ഥാപ്പറിലും മാത്രം ഒതുങ്ങുന്നില്ല ഭരണകൂടത്തിന്റെ പ്രതികാര നടപടികൾ. നേരത്തെ ആൾട്ട് ന്യൂസ് സ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ ബിഎൻഎസിലെ 152-ാം വകുപ്പ് ചുമത്തി കേസ് എടുത്തിരുന്നു. പുരോഹിതനായ യതി നരസിംഹനാദിന്റെ വിദ്വേഷ പ്രസംഗത്തിന്റെ ക്ലിപ്പ് പങ്കിട്ടതിനായിരുന്നു സുബൈറിനെതിരെ കേസ് എടുത്തത്. 'ഇന്ത്യയുടെ പരമാധികാരവും ഐക്യവും അപകടത്തിലാക്കി' എന്നായിരുന്നു ഉത്തർപ്രദേശ് പൊലീസിന്റെ വാദം. യതി നരസിംഹാനന്ദിന്റെ അനുയായികളുടെ പരാതിയെ തുടർന്നായിരുന്നു സുബൈറിനെതിരെ എഫ്‌ഐആർ ഇട്ടത്. ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്ന വകുപ്പ് ചുമത്തി 2022ൽ ഡൽഹി പൊലീസ് സുബൈറിനെ അറസ്റ്റ് ചെയ്ത് ഒരു മാസത്തോളം ജയിലിൽ അടച്ചിരുന്നു.
ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രബീർ പുരകായസ്തയെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ചൈനയിൽ നിന്ന് പണം സ്വീകരിച്ച് ചൈനീസ് അനുകൂല പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പ്രബീർ പുരകായസ്തയെ അറസ്റ്റ് ചെയ്ത് ജയിലടച്ചത്. ഏഴ് മാസത്തിന് ശേഷം നടപടിക്രമങ്ങളിലെ വീഴ്ച ചൂണ്ടിക്കാണിച്ച് സുപ്രീം കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. അറസ്റ്റ് നടപടികൾ ശരിവെച്ച ഡൽഹി ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ പാടേ നിരസിച്ചായിരുന്നു സുപ്രീം കോടതിയുടെ നടപടി. ജമ്മു കശ്മീരിനേയും അരുണാചൽ പ്രദേശിനേയും ഇന്ത്യയുടെ ഭാഗമല്ലെന്ന് വരുത്തിതീർക്കാൻ ശ്രമിച്ചു, ഇതിനായി വിദേശഫണ്ടിലൂടെ 115 കോടിയിലധികം രൂപ പ്രതിഫലമായി സ്വീകരിച്ചു, 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചു, ഭീമാ കൊറേഗാവ് കേസിൽ വിചാരണ നേരിടുന്ന ആക്ടിവിസ്റ്റ് ഗൗതം നവ്‌ലാഖയുമായി 1991 മുതൽ സൗഹൃദമുണ്ട് തുടങ്ങിയ കാര്യങ്ങളായിരുന്നു പ്രബീർ പുരകായസ്തയ്‌ക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ ഉണ്ടായിരുന്നത്.
മലയാളി പത്രപ്രവർത്തകനായ സിദ്ദിഖ് കാപ്പൻ ഉത്തർപ്രദേശ് പൊലീസ് ചാർജ്ജ് ചെയ്ത കേസിൽ മൂന്ന് വർഷത്തോളമാണ് ജയിലിൽ കഴിഞ്ഞത്. 2020-ൽ ഉത്തർപ്രദേശിലെ ഹഥ്‌റാസിൽ നടന്ന കൂട്ടബലാത്സംഗ കേസ് റിപ്പോർട്ട് ചെയ്യുന്നതിനിടെയായിരുന്നു സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്തത്. 1967-ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം, 2002-ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം എന്നിവ പ്രകാരമായിരുന്നു. ജാമ്യ വ്യവസ്ഥകൾ കാരണം 'ഇപ്പോഴും തുറന്ന ജയിലി'ലാണെന്ന് സിദ്ദിഖ് കാപ്പൻ പിന്നീട് പ്രതികരിച്ചിരുന്നു.
ഈ നിലയിൽ നിയമങ്ങൾ ദുർവ്യാഖ്യാനിച്ച് ഭരണകൂടത്തിന്റെ നിലപാടുകളെ വിമർശിക്കുന്ന, അന്വേഷണാത്മക മാർഗങ്ങളിലൂടെ വിവരങ്ങൾ തിരയുന്ന മാധ്യമ പ്രവർത്തകരെ നിശബ്ദരാക്കാൻ ശ്രമിക്കുന്ന ഒരു കാലഘട്ടമാണ് മുന്നിലുള്ളത്. വിരലില്ലെണ്ണാവുന്ന മാധ്യമ പ്രവർത്തകരോ മാധ്യമ സ്ഥാപനങ്ങളോ മാത്രമാണ് ഇത്തരത്തിൽ ഭരണകൂടത്തിനെതിരെ സ്വതന്ത്രവും നിഷ്പക്ഷവുമായ നിലപാടുകളുമായി രംഗത്തുള്ളത്. അവരെക്കൂടി ഭയപ്പെടുത്തി വേട്ടയാടി നിശബ്ദരാക്കുക എന്ന ലക്ഷ്യമാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിലുള്ളത്. 16 ഇന്ത്യൻ പത്രപ്രവർത്തകർക്കെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ടെന്നും ഏഴ് പേർ ഇപ്പോഴും ജയിലിൽ ആണെന്നും വെളിപ്പെടുത്തുന്ന ഒരു ഫ്രീ സ്പീച്ച് കളക്ടീവ് പഠനത്തെക്കുറിച്ച് ദി വയർ 2023-ൽ റിപ്പോർട്ട് ചെയ്തിരുന്നു.
ഇന്ത്യയിലെ മാധ്യമപ്രവർത്തകർക്കെതിരായ ക്രിമിനൽ കേസുകളുടെ ഓരോ ഘട്ടത്തിലും ഉണ്ടാകുന്ന കാലതാമസം, ഭയത്തിന്റെയും സാമ്പത്തിക ബുദ്ധിമുട്ടിന്റെയും അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ടെന്നാണ് 'പ്രസ്സിംഗ് ചാർജസ്' എന്ന തലക്കെട്ടിൽ ക്ലൂണി ഫൗണ്ടേഷൻ ഫോർ ജസ്റ്റിസ്, ഡൽഹിയിലെ നാഷണൽ ലോ യൂണിവേഴ്‌സിറ്റി, കൊളംബിയ ലോ സ്‌കൂൾ എന്നിവർ സംയുക്തമായി പുറത്തിറക്കിയ റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നത്.
2012 മുതൽ 2022 വരെയുള്ള 624 സംഭവങ്ങൾ വിശകലനം ചെയ്താണ് ഇവർ പഠനം നടത്തിയിരിക്കുന്നത്. ഇവർ പരിശോധിച്ച 244 കേസുകളിൽ 65 ശതമാനത്തിലധികവും അവസാനിച്ചിട്ടില്ലെന്നും 40 ശതമാനത്തിൽ പോലീസ് അന്വേഷണം തീർപ്പാക്കിയിട്ടില്ലെന്നും 6 ശതമാനം മാത്രമേ ശിക്ഷിക്കപ്പെടുകയോ കുറ്റവിമുക്തരാക്കപ്പെടുകയോ ചെയ്തിട്ടുള്ളൂവെന്നുമാണ് കണ്ടെത്തൽ. ഇക്കാലയളവിൽ ഇവർ കണ്ടെത്തിയ മാധ്യമ പ്രവർത്തകർക്കെതിരായ 624 കേസുകളിൽ 579 എണ്ണം ഐപിസി പ്രകാരം കേസെടുത്തവയാണ്. 107 എണ്ണം ഇൻഫർമേഷൻ ടെക്‌നോളജി ആക്റ്റ് പ്രകാരമാണ്. 31 എണ്ണം പട്ടികജാതി പട്ടികവർഗ്ഗ അതിക്രമം തടയൽ നിയമം ചുമത്തി കേസെടുത്തവയാണ്. 23 എണ്ണത്തിൽ ചുമത്തിയിരിക്കുന്നത് യുഎപിഎയാണ്.
ഈ നിലയിൽ രാജ്യത്ത് മാധ്യമ സ്വാതന്ത്രത്തെ നിയമത്തിന്റെ കൂച്ചുവിലങ്ങിട്ട് നിയന്ത്രിക്കാൻ ശ്രമം നടക്കുന്നതിനിടയിലാണ് രാജ്യദ്രോഹമെന്ന കുറ്റവും മാധ്യമ പ്രവർത്തകർക്കെതിരെ ചുമത്തുന്നത്. പെഗാസസ് സ്‌പൈവെയർ ഉപയോഗിച്ച് മാധ്യമ പ്രവർത്തകരെ നിരീക്ഷിക്കാൻ ഭരണകൂടം ശ്രമിച്ചതും ജനാധിപത്യ ഇന്ത്യയിലായിരുന്നു. എന്തായാലും രാജ്യദ്രോഹവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷുകാർ ഉണ്ടാക്കിയ 124 എ എന്ന വകുപ്പ് നേരത്തെ നിയമം സുപ്രീം കോടതി താൽക്കാലികമായി നിർത്തിവെച്ചിരുന്നു. വിയോജിപ്പുകൾ ഇല്ലാതാക്കാൻ സർക്കാരുകൾ ഈ നിയമം ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും അത് കാലത്തിന് യോജിച്ചതല്ലെന്നും ചൂണ്ടിക്കാണിച്ചായിരുന്നു കോടതി നടപടി. ഇതിനെ മറികടക്കുന്ന നിലയിലാണ് സിആർപിസിക്ക് പകരമായി ഭാരതീയ ന്യായ സംഹിത ഉണ്ടാക്കിയപ്പോൾ രാജ്യദ്രോഹത്തിന്റെ 124 എയെന്ന വകുപ്പിനെ സെഷൻ 152 ആക്കി അമിത് ഷാ പൊടിതട്ടിയെടുത്ത്.
ഏറ്റവും ഒടുവിൽ രാജ്യത്തെ മൂന്ന് മാധ്യമ പ്രവർത്തകർക്ക് നേരെ സെക്ഷൻ 152 പ്രയോഗിച്ചിരിക്കുകയാണ്. മാധ്യമ സ്വാതന്ത്ര്യത്തിൽ ലോകത്ത് 151-ാം സ്ഥാനത്താണ് നിലവിൽ ജനാധിപത്യ ഇന്ത്യ. ഭരണകൂടത്തിനെതിരായി ഉയരുന്ന അവസാന ശബ്ദവും നിശബ്ദമാക്കാൻ ഏതറ്റം വരെയും പോകുമെന്ന് ഭരണകൂടം വ്യക്തമാക്കുമ്പോൾ അതിനെ മറികടന്ന് പ്രതിപക്ഷത്തിന്റെ നാവാകാൻ ഇന്ത്യൻ മാധ്യമങ്ങൾക്കും മാധ്യമ പ്രവർത്തകർക്കും എത്രനാൾ കൂടി സാധിക്കും എന്നതാണ് ഇനി അറിയേണ്ടത്.
Content Highlights: An interview with Narendra Modi resonates when sedition charges are laid at Karan Thapar and Siddharth Varadarajan