'ശ്വസിക്കുന്ന ഭിത്തികളുള്ള' വീട്; ബെംഗളുരുവിലെ അത്ഭുതവീട് വൈറൽ, വീഡിയോ

സത്യ ചിത്ത് എന്നാണ് വീടിന് ഉടമസ്ഥരായ ദമ്പതികൾ നൽകിയിരിക്കുന്ന പേര്

dot image

തിരക്കുകൾ നിറഞ്ഞ.. വാഹനങ്ങളുടെ ബഹളങ്ങളും ചുറ്റും തലയുയർത്തി നിൽക്കുന്ന ഫ്‌ളാറ്റുകളും മാത്രമല്ല ബെംഗളുരു. അവിടെയും ശാന്തിയും സമാധാനവും മാത്രം തിങ്ങിനിറഞ്ഞ ഇടങ്ങളുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കണ്ടന്റ് ക്രിയേറ്ററായ പ്രിയം സരസ്വത് വ്യത്യസ്തമായ ഒരു വീടിന്റെ ഹോം ടൂർ തന്റെ പേജിൽ പങ്കുവച്ചിരുന്നു, അതിന് 1.3 മില്യൺ വ്യൂസാണ് ലഭിച്ചത്.

സത്യ ചിത്ത് എന്നാണ് വീടിന് ഉടമസ്ഥരായ ദമ്പതികൾ നൽകിയിരിക്കുന്ന പേര്. തങ്ങളിലെ സ്വബോധത്തിന് കൂടുതൽ ഉണർവ് നൽകുക എന്ന ലക്ഷ്യത്തോടെ അവർ പണികഴിയിപ്പിച്ച വീടാണിതെന്നാണ് വീഡിയോയിൽ ദമ്പതികൾ വിശദീകരിക്കുന്നത്. ഇനിയാണ് വീടിനുള്ളിലേക്കുള്ള കാഴ്ചകൾ ഓരോന്നായി നമുക്ക് മുന്നിലെത്തുന്നത്. മുഴുവൻ ഭിത്തികളും ചെളികൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത് നിർമിക്കാൻ വേസ്റ്റ് ബോട്ടിലുകളും ഉപയോഗിച്ചിട്ടുണ്ട്. പല നിറങ്ങളുള്ള ബോട്ടിലുകളുടെ പ്രതിഫലനം അകത്ത് കയറുമ്പോൾ കാണാൻ കഴിയും. അകത്ത് മറ്റൊരു കാര്യം കൂടി നമ്മുടെ ശ്രദ്ധയിൽപ്പെടും, ഒരു ഹാൻഡ് പമ്പ്. അവർ മഴവെള്ളമാണ് അവിടെ ഉപയോഗിക്കുന്നത്. വീടിനകത്തായി തന്നെ ഒരു പ്രകൃതിദത്ത കുളവുമുണ്ട്. ഈ കുളവും മൺഭിത്തികളും വീട്ടിനുള്ളിലെ താപനില കൃത്യമായി ബാലൻസ് ചെയ്യും.

തങ്ങളുടെ വീട് ശ്വസിക്കുന്ന വീടാണെന്നാണ് അവർ പറയുന്നത്. എല്ലാം മൺഭിത്തികളാണ്. താപനില കൃത്യമായി സംതുലിതമാക്കും. അതിനാൽ എസിയുടെ ഉപയോഗമില്ല. തറയിലിരുന്നു കഴിക്കുന്ന രീതിയിലാണ് ഡൈനിങ് ടേബിൽ സജ്ജീകരിച്ചിരിക്കുന്നത്. ധ്യാനം ചെയ്യാനും പ്രത്യേക ഇടം വീട്ടിലവർ സജ്ജീകരിച്ചിട്ടുണ്ട്. മേൽക്കൂരയിലും മണ്ണുകൊണ്ടുള്ള പാളികളും മൺചട്ടി ഉപയോഗിച്ചുള്ള ചില കലാവിരുതളുംമുണ്ട്. പാരമ്പര്യരീതികൾക്കൊപ്പം ആവശ്യമായ ആധുനിക സജ്ജീകരണങ്ങളും ഈ വീട്ടിലുണ്ട്.

ഇനി വീടിന്റെ മുകളിലേക്ക് കയറിയാൽ അവിടെ സൂര്യപ്രകാശം വീട്ടിലേക്ക് കയറുന്ന തരത്തിലുള്ള നിർമിതികളും സാധനങ്ങൾ താഴെ നിന്ന് മുകളിലേക്ക് എത്തിക്കാനുള്ള കപ്പിയും കയറുമുപയോഗിച്ചുള്ള സജ്ജീകരണവുമെല്ലാം കാണുന്നവർക്ക് വ്യത്യസ്തമായ അനുഭവമാണ്. വീടിന്റെ അറ്റകുറ്റപ്പണിക്ക് വലിയ ചിലവരില്ലെന്നും അവർ പറയുന്നു. ദമ്പതികളിൽ ഒരാൾ സംരംഭകയും മറ്റേയാൾ ഐടി പ്രൊഫഷണലുമാണ്. ഈ വീടിനെ കുറിച്ചുള്ള വീഡിയോയ്ക്ക് നിരവധി കമന്റുകളാണ് വരുന്നത്. അതിൽ ഏറ്റവും ശ്രദ്ധനേടിയത് ശ്വസിക്കാൻ കഴിവുള്ള ഒരു വീട്ടിൽ താമസിക്കുന്നത് ഒന്നു ആലോചിച്ച് നോക്കൂ.. ഇതെല്ലാവർക്കും ഒരു പ്രചോദമാണ് എന്നതാണ്.


Content Highlights: Let's knowabout a 'breathing house' in Bengaluru

dot image
To advertise here,contact us
dot image