സുഹൃത്തുക്കൾക്കൊപ്പം ഭർത്താവിനെ കൊലപ്പെടുത്താൻ ക്രൈം വെബ് സീരീസുകൾ കണ്ട് യുവതി; അറസ്റ്റിൽ

ഇരുവരും ബെഡ്ഷീറ്റ് ഫാക്ടറിയിലാണ് ജോലി ചെയ്തിരുന്നതെന്നും പൊലീസ് പറഞ്ഞു

dot image

ജയ്പൂർ: ജയ്പൂരിൽ ഭാര്യയും സുഹൃത്തുക്കളും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി. ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന മനോജിനെയാണ് കൊലപ്പെടുത്തിയത്. സംഭവത്തിൽ ഭാര്യ സന്തോഷ് ദേവി, സഹപ്രതികളായ ഋഷി ശ്രീവാസ്തവ, മോഹിത് ശർമ്മ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം ആസൂത്രണം ചെയ്യുന്നതിനായി പ്രതികൾ ഇന്റർനെറ്റിൽ ക്രൈം വെബ് സീരീസുകൾ കണ്ടതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

സന്തോഷ് ദേവിയും പ്രതിയായ ഋഷിയും തമ്മിൽ സൗഹൃദത്തിലായിരുന്നുവെന്നും അവരുടെ ബന്ധം കൂടുതൽ ദൃഢമായപ്പോൾ മനോജിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇരുവരും ബെഡ്ഷീറ്റ് ഫാക്ടറിയിലാണ് ജോലി ചെയ്തിരുന്നതെന്നും പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം പ്രതികൾ പുതിയ സിം കാർഡുകൾ വാങ്ങിയതായും പൊലീസ് കണ്ടെത്തി.

ശനിയാഴ്ച ഇസ്കോൺ ക്ഷേത്രത്തിലേക്ക് പോകാൻ മോഹിത് മനോജിന്റെ ഓട്ടോറിക്ഷ വിളിക്കുകയായിരുന്നു. യാത്ര തുടങ്ങി ഏകദേശം 10 മിനിറ്റിനുള്ളിൽ ഋഷി ഓട്ടോറിക്ഷയിൽ കയറുകയും ഓട്ടോറിക്ഷ ഒരു വിജനമായ ഫാംഹൗസിലേക്ക് കൊണ്ടുപോകുകയും അവിടെ വെച്ച് മൂർച്ചയുള്ള ബെഡ്ഷീറ്റ് കട്ടർ ഉപയോഗിച്ച് മനോജിന്റെ കഴുത്ത് അറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തെ തുടർന്ന് ഇരുവരും വസ്ത്രങ്ങൾ മാറ്റി ഫോൺ സ്വിച്ച് ഓഫ് ചെയ്ത് കാർഡുകൾ ഊരി മാറ്റുകയായിരുന്നു.

കൊലപാതകം നടന്ന സ്ഥലത്ത് സിസിടിവി ക്യാമറകൾ ഇല്ലാത്തതിനാൽ സമീപത്തുള്ള ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതികളെ കണ്ടെത്തിയത്. കൊലപാതകത്തിനുള്ള ആസൂത്രണം ഒരു മാസം മുമ്പ് ആരംഭിച്ചതായും പ്രതികൾ പൊലീസിനോട് പറഞ്ഞു. ശാരീരിക ആക്രമണത്തിനും സംശയത്തിനും വിധേയമായി മടുത്തതിലാണ് ക്രൂര കൊലപാതകം നടത്തിയതെന്നാണ് ഭാര്യ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.

Content Highlight : Woman Watches Web Series On Crimes, Studies Murder Cases Before Killing Husband

dot image
To advertise here,contact us
dot image