അമേരിക്കയുടെ വിരട്ടല്‍ ഫലം കണ്ടില്ല: റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഒരു കുറവും വരുത്താതെ ഐഒസി

റഷ്യയുമായി വ്യാപാരം നടത്തുന്നത് ചൂണ്ടിക്കാണിച്ചാണ് ഇന്ത്യയ്‌ക്കെതിരെ ട്രംപ് ഭരണകൂടം വീണ്ടും നികുതി ചുമത്തിയത്

dot image

ന്യൂഡല്‍ഹി: റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതില്‍ ഇന്ത്യയ്ക്ക് അധിക തീരുവ അടിച്ചേല്‍പ്പിച്ചുളള അമേരിക്കയുടെ വിരട്ടല്‍ ഫലം കണ്ടില്ല. തീരുവ വര്‍ധനയുണ്ടായിട്ടും ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഒരു കുറവുമുണ്ടായിട്ടില്ലെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എ എസ് സാഹ്‌നി പറഞ്ഞു. വിപണിയിലെ വില അടിസ്ഥാനമാക്കി മാത്രമാണ് റഷ്യന്‍ എണ്ണ വാങ്ങുന്നതെന്നും അത് തുടരാന്‍ തന്നെയാണ് ആഗ്രഹമെന്നും സാഹ്‌നി വ്യക്തമാക്കി.

'റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ താല്‍ക്കാലിക വിരാമമൊന്നുമില്ല. എണ്ണ വാങ്ങുന്നത് തുടരും. സാമ്പത്തിക പരിഗണനകള്‍ അടിസ്ഥാനമാക്കിയാണ് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത്. റഷ്യന്‍ എണ്ണയുടെ ഇറക്കുമതി അളവ് കൂട്ടാനോ കുറയ്ക്കാനോ ശ്രമങ്ങള്‍ നടത്തുന്നില്ല. രാജ്യം ഉപരോധം ഏര്‍പ്പെടുത്താത്തിടത്തോളം റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് തുടരും. ഇറക്കുമതി സംബന്ധിച്ച് സര്‍ക്കാരില്‍ നിന്നും പ്രത്യേകിച്ച് നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ല. അതിനാല്‍ പതിവുപോലെ ഞങ്ങള്‍ ബിസിനസ് തുടരും'- എ എസ് സാഹ്‌നി പറഞ്ഞു.

50 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയതിനു പിന്നാലെ ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ അമേരിക്ക നിർത്തിവെച്ചിരുന്നു. താരിഫുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ചകൾ ഉണ്ടാകുമോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പ്രശ്‌നം പരിഹരിക്കപ്പെടുന്നത് വരെ ഉണ്ടാകില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മറുപടി പറഞ്ഞിരുന്നു.

ഇന്ത്യയ്ക്ക് നേരത്തെ ഏർപ്പെടുത്തിയ 25 ശതമാനം അധിക നികുതിയ്ക്ക് പുറമെ 25 ശതമാനം നികുതി കൂടി ഏർപ്പെടുത്തുന്ന എക്‌സിക്യൂട്ടീവ് ഉത്തവിൽ അടുത്തിടെയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവെച്ചത്. റഷ്യയുമായി വ്യാപാരം നടത്തുന്നത് ചൂണ്ടിക്കാണിച്ചാണ് ഇന്ത്യയ്‌ക്കെതിരെ ട്രംപ് ഭരണകൂടം വീണ്ടും നികുതി ചുമത്തിയിരിക്കുന്നത്. ഓഗസ്റ്റ് 27 മുതൽ ഇന്ത്യയ്ക്ക് മേൽ പുതുതായി ചുമത്തിയ അധിക നികുതി പ്രാബല്യത്തിൽ വരും.

Content Highlights: india will continue buy russian oil says indian oil chairman a s sahney

dot image
To advertise here,contact us
dot image