
ആലിയ ഭട്ടിനെ പ്രധാന കഥാപാത്രമാക്കി വാസൻ ബാല സംവിധാനം ചെയ്ത ചിത്രമാണ് ജിഗ്‌റ. ഒരു പക്കാ ആക്ഷൻ ത്രില്ലറായി ഒരുങ്ങിയ സിനിമ ബോക്സ് ഓഫീസിൽ പരാജയമായിരുന്നു. ഇപ്പോഴിതാ സിനിമയുടെ പരാജയത്തെക്കുറിച്ച് മനസുതുറക്കുകയാണ് നിർമാതാവായ കരൺ ജോഹർ. ചിത്രം ബോക്സ് ഓഫീസിൽ വിജയിച്ചില്ലെങ്കിലും ജിഗ്‌റയെ ഓർത്ത് തനിക്ക് അഭിമാനമുണ്ടെന്ന് കരൺ പറഞ്ഞു. ഒരുപാട് വർഷങ്ങൾക്ക് അപ്പുറം ചിത്രത്തെയും ആലിയ ഭട്ടിനെയും എല്ലാവരും പ്രശംസിക്കുമെന്നും സുചിൻ മെഹ്‌റോത്രയ്ക്ക് നൽകിയ അഭിമുഖത്തിൽ കരൺ ജോഹർ പറഞ്ഞു.
'ജിഗ്‌റയുടെ പരാജയം ഞങ്ങളെ നിരാശരും ദുഃഖിതരുമാക്കി. ചിത്രത്തിലും വാസൻ ബാലയുടെ സംവിധാനത്തിലും ഞങ്ങൾക്ക് വിശ്വാസമുണ്ടായിരുന്നു. പക്ഷെ സിനിമയുടെ ഫലം നിരാശയായിരുന്നു. പക്ഷേ, ആ സിനിമയെക്കുറിച്ച് ഞങ്ങൾക്കെല്ലാവർക്കും ഇന്നും അഭിമാനമുണ്ട്. ഒന്നോ രണ്ടോ പതിറ്റാണ്ടുകൾക്ക് ശേഷം ജിഗ്‌റയെ മികച്ച ഒരു സിനിമയായി എല്ലാവരും വാഴ്ത്തിപ്പാടും. ആ സിനിമ ചെയ്യാൻ ആലിയ ഭട്ട് എടുത്ത ധൈര്യത്തേയും വാസനേയും എല്ലാവരും അംഗീകരിക്കും. ജിഗ്‌റ എന്ന സിനിമയെക്കുറിച്ചോർത്ത് എനിക്ക് അഭിമാനമുണ്ട്. ഈ ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടിരിക്കാം, പക്ഷേ എനിക്ക് ഇതൊരു വിജയ സിനിമയാണ്', കരൺ ജോഹർ പറഞ്ഞു.
ധർമ്മ പ്രൊഡക്ഷൻസ് എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ കരൺ ജോഹർ, അപൂർവ മേത്ത, ആലിയ ഭട്ട്, ഷഹീൻ ഭട്ട്, സോമെൻ മിശ്ര എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. ദേബാശിഷ് ഇറെങ്ബാം, വാസൻ ബാല എന്നിവർ ചേർന്നാണ് 'ജിഗ്‌റ'യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആലിയ ഭട്ടിന്റെ ആദ്യ മുഴുനീള ആക്ഷൻ ചിത്രമാണിത്. വേദാങ് റെയ്ന, ആദിത്യ നന്ദ, ശോഭിത ധൂലിപാല, മനോജ് പഹ്വ, രാഹുൽ രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. സ്വപ്നിൽ എസ്. സോനവാനെ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് പ്രേരണ സൈഗാൾ ആണ്. ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സ് ആണ്.
Content Highlights: karan johar about jigra failure