
ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രകീർത്തിച്ച പാർട്ടി എംഎൽഎ പൂജ പാലിനെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ പുറത്താക്കി സമാജ്‌വാദി പാർട്ടി. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളോട് ഒട്ടും വിട്ടുവീഴ്ച കാണിക്കാത്ത യോഗി ആദിത്യനാഥിൻ്റെ നയങ്ങളെ നിയമസഭയിൽ പരസ്യമായി പ്രകീർത്തിച്ച് മണിക്കൂറുകൾക്കകമാണ് പൂജ പാലിനെതിരെ നടപടി ഉണ്ടായിരിക്കുന്നത്. യോഗി ആദിത്യനാഥ് സ്വീകരിച്ച നടപടികൾ പ്രയാഗ്‌രാജിൽ സ്ത്രീകൾക്ക് നീതി ഉറപ്പാക്കിയെന്ന് പ്രകീർത്തിച്ച പൂജപാൽ ആതിഖ് അഹമ്മദിനെപ്പോലുള്ള കുറ്റവാളികൾക്കെതിരെ മുഖ്യമന്ത്രി നടപടി സ്വീകരിച്ചതും ചൂണ്ടിക്കാണിച്ചു. മറ്റാരും കേൾക്കാത്തപ്പോൾ തനിക്ക് നീതി നൽകിയതിന് മുഖ്യമന്ത്രിയോട് നന്ദി പറയാൻ ആഗ്രഹിക്കുന്നുവെന്നും പൂജ പാൽ നിയമസഭയിൽ പറഞ്ഞു.
ഇതിന് തൊട്ടുപിന്നാലെയാണ് പൂജയെ പുറത്താക്കി കൊണ്ടുള്ള അഖിലേഷ് യാദവ് ഒപ്പുവെച്ച ഔദ്യോഗിക കത്ത് സമാജ്‌വാദി പാർട്ടി പുറത്തിറക്കിയത്. പാർട്ടി വിരുദ്ധ പ്രവർത്തനവും കടുത്ത അച്ചടക്ക ലംഘനവുമാണ് പുറത്താക്കുന്നതിന് കാരണമായി കത്തിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. നേരത്തെ മുന്നറിയിപ്പുകൾ നൽകിയിട്ടും പൂജ പാൽ തന്റെ പ്രവർത്തനങ്ങൾ നിർത്തിയില്ലെന്നും അത് പാർട്ടിയ്ക്ക് ദോഷമായെന്നും കത്തിൽ പറയുന്നു. പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും പൂജയെ നീക്കം ചെയ്തതായും ഇനി സമാജ്‌വാദി പാർട്ടിയുടെ പരിപാടികളിലേക്കോ മീറ്റിംഗുകളിലേക്കോ ക്ഷണിക്കില്ലെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
'ഒരുപക്ഷേ പ്രയാഗ്‌രാജിലെ എന്നെക്കാൾ കൂടുതൽ ആശങ്കാകുലരായ സ്ത്രീകളെ നിങ്ങൾക്ക് കേൾക്കാൻ കഴിഞ്ഞേക്കില്ല. പക്ഷേ ഞാൻ അവരുടെ ശബ്ദമാണ്' എന്നായിരുന്നു നടപടിക്ക് പിന്നാലെ പൂജ പാലിൻ്റെ പ്രതികരണം. 'പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട അമ്മമാർക്കും സഹോദരിമാർക്കും വേണ്ടി സംസാരിക്കാൻ താൻ തിരഞ്ഞെടുക്കപ്പെട്ടതാണെന്നും ആതിഖ് അഹമ്മദിൻ്റെ ഭീഷണി നേരിട്ട തനിക്ക് മാത്രമല്ല എല്ലാവർക്കും മുഖ്യമന്ത്രി നീതി നൽകി'യെന്നും പൂജ കൂട്ടിച്ചേർത്തു.
എന്തായാലും പൂജയുടെ പരാമർശങ്ങൾ സമാജ്‌വാദി പാർട്ടിക്കുള്ളിൽ രൂക്ഷമായ എതിർപ്പിന് കാരണമായിട്ടുണ്ട്. പൂജയുടെ പ്രസ്താവന വ്യക്തിപരമായ കാര്യമാണെന്നാണ് ചീഫ് വിപ്പ് കമാൽ അക്തർ വിശേഷിപ്പിച്ചത്. പാർട്ടിയുമായി വിയോജിപ്പുണ്ടെങ്കിൽ അവർ അതിൽ തുടരരുതായിരുന്നുവെന്നും കമാൽ കൂട്ടിച്ചേർത്തു.
പൂജ പാലിൻ്റെ ഭർത്താവ് രാജു പാൽ ഗുണ്ടാ നേതാവ് അതിഖ് അഹമ്മദിൻ്റെ വെടിയേറ്റ് 2005ൽ കൊല്ലപ്പെട്ടിരുന്നു. പൂജയുമായുള്ള വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമായിരുന്നു രാജു പാലിനെ കൊലപ്പെടുത്തിയത്. ബിഎസ്എപിയുടെ മുൻ എംഎൽഎ ആയിരുന്നു കൊല്ലപ്പെട്ട രാജു പാൽ. അതിഖ് അഹമ്മദിൻ്റെ സഹോദരൻ അഷ്റഫ് അഹമ്മദുമായി ഉണ്ടായിരുന്ന രാഷ്ട്രീയ വൈരാഗ്യമായിരുന്നു രാജു പാലിൻ്റെ കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസ് ഭാഷ്യം. 2004ലെ ഉപതിരഞ്ഞെടുപ്പിൽ രാജു പാൽ പ്രയാഗ്‌രാജ് വെസ്റ്റ് സീറ്റിൽ അഷ്റഫ് അഹമ്മദിനെ പരാജയപ്പെടുത്തിയിരുന്നു. കൊലപാതകക്കേസിലെ പ്രധാന സാക്ഷിയായ ഉമേഷ് പാൽ 2023 ഫെബ്രുവരിയിൽ, പ്രയാഗ്‌രാജിലെ സുലേം സരായ് പ്രദേശത്ത് വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ട അതിഖിനെയും അഷ്‌റഫിനെയും പ്രയാഗ്‌രാജിൽ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെ മൂന്ന് പേർ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു.
Content Highlights: Akhilesh Yadav expels Samajwadi Party MLA hours after her praise for Yogi Adityanath