
ന്യൂഡല്‍ഹി: വോട്ടർപട്ടിക വിവാദങ്ങള്‍ക്കിടെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സുപ്രീംകോടതി. ബിഹാറിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിൻ്റെ ഭാഗമായി പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട വോട്ടര്‍മാര്‍ക്ക് ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് പരാതി നല്‍കാമെന്നാം സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്. ആധാര്‍ കാര്‍ഡ് ഹാജരാക്കി പരാതികള്‍ ഉന്നയിക്കാമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഇടക്കാല ഉത്തരവിലാണ് സുപ്രീം കോടതിയുടെ നിര്‍ണ്ണായക നിര്‍ദ്ദേശം ആധാര്‍ രേഖയായി പരിഗണിക്കാനാവില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്
മരിച്ചവരെ കണ്ടെത്തി ഒഴിവാക്കാന്‍ എന്ത് സംവിധാനമാണ് ഉപയോഗിച്ചതെന്നും തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി ചോദിച്ചു. ജീവിച്ചിരിക്കുന്നവരെ മരിച്ചെന്ന് കാട്ടി ഒഴിവാക്കിയെന്ന ഹര്‍ജിക്കാരുടെ ആക്ഷേപം ഗൗരവതരമാണെന്നും കുടുംബാംഗം മരിച്ചെന്ന് ബന്ധുക്കളാണ് പറയേണ്ടതെന്നും സുപ്രീംകോടതി പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികളുടെ സഹായത്തോടെയാണ് മരിച്ചവരെ ഒഴിവാക്കിയതെന്ന മറുപടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയ്ക്ക് നല്‍കിയത്.
മരിച്ചെന്ന് കാട്ടി ഒഴിവാക്കിയ 22 ലക്ഷം പേരുടെ പട്ടിക പുറത്തുവിടാത്തതെന്തുകൊണ്ടാണെന്ന് സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിച്ചു. വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചാല്‍ ഹര്‍ജിക്കാരുടെ ആക്ഷേപങ്ങള്‍ അവസാനിക്കുമല്ലോ എന്നും വോട്ടര്‍ പട്ടികയിലെ ആക്ഷേപങ്ങള്‍ അറിയാന്‍ അവസരം നല്‍കണമെന്നാണ് മാനദണ്ഡമെന്നും കോടതി പറഞ്ഞു. വോട്ടര്‍ പട്ടികയില്‍ നിന്ന് എന്തുകൊണ്ട് ഒഴിവാക്കി എന്നറിയാന്‍ മൗലികാവകാശമുണ്ടെന്നും സുതാര്യത വോട്ടര്‍മാരുടെ ആത്മവിശ്വാസം ഉയര്‍ത്താന്‍ സഹായകരമാകുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. എന്തുകൊണ്ട് പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്ന് കാരണം സഹിതം വ്യക്തത വരുത്തുന്നില്ല എന്ന ചോദ്യവും സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിച്ചു. ഒഴിവാക്കപ്പെട്ടവര്‍ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനാകുമല്ലോ എന്നും കോടതി പറഞ്ഞു.
ബിഹാറിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തെക്കുറിച്ചും സുപ്രീം കോടതി പ്രതികരണം നടത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികള്‍ യുക്തിപരമാകണമെന്നാണ് സുപ്രീം കോടതി പറഞ്ഞത്. പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിന്റെ കാരണം വോട്ടര്‍മാരെ അറിയിക്കണമെന്നും ഒഴിവാക്കപ്പെട്ടവരുടെ പട്ടിക ബൂത്ത് അടിസ്ഥാനത്തില്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. വോട്ടര്‍ ഐഡി നമ്പര്‍ ഉപയോഗിച്ച് തിരഞ്ഞാല്‍ വിവരങ്ങള്‍ കണ്ടെത്താനാകണമെന്നും പുരോഗതി അടുത്ത വെളളിയാഴ്ച്ച ഹര്‍ജി പരിഗണിക്കുമ്പോള്‍ അറിയിക്കണമെന്നും കോടതി പറഞ്ഞു. പൗരന്മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാകരുത് തീവ്ര പരിഷ്‌കരണം. ജനങ്ങള്‍ക്ക് ആശ്വാസമാകുന്ന നടപടികളാണ് സ്വീകരിക്കേണ്ടത്. ഹര്‍ജിയിലെ നടപടികള്‍ അവസാനിപ്പിക്കില്ലെന്നും തീവ്ര പരിഷ്‌കരണ നടപടികള്‍ അവസാനിക്കുംവരെ മേല്‍നോട്ടം തുടരുമെന്നും കോടതി അറിയിച്ചു. ഒഴിവാക്കിയവരുടെ പട്ടിക മൂന്നുദിവസത്തിനകം ജില്ലാ തലത്തില്‍ പ്രസിദ്ധീകരിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയോട് പറഞ്ഞു.
Content Highlights: Supreme court ask questions to election commission on voters list controversy and SIR