കർണാടകയിൽ 42കാരിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ ഉപേക്ഷിച്ചത് മരുമകൻ; കാരണം സംശയമെന്ന് പൊലീസ്, അറസ്റ്റ്

ലക്ഷ്മി ദേവിയുടെ സ്വഭാവത്തിലുള്ള സംശയം മൂലമാണ് ഡോ. രാമചന്ദ്രപ്പ അവരെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു

dot image

ബെംഗളുരു: കർണാടകയിലെ തുമകൂരു ജില്ലയെ ഞെട്ടിച്ച ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിയുന്നു. ഭാര്യാമാതാവിനെ കൊലപ്പെടുത്തി മൃതദേഹം 19 ഭാഗങ്ങളാക്കി പലയിടങ്ങളിൽ ഉപേക്ഷിച്ച സംഭവത്തിൽ ദന്തഡോക്ടർ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിലായി. 42 കാരിയായ ലക്ഷ്മി ദേവിയാണ് കൊല്ലപ്പെട്ടതെന്നും പ്രതി ഇവരുടെ മരുമകനായ ഡോ. എസ് രാമചന്ദ്രപ്പയാണെന്നും പൊലീസ് സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇയാളുടെ കൂട്ടാളികളായ സതീഷ് കെ എൻ, കിരൺ കെ എസ് എന്നിവരെയും അറസ്റ്റ് ചെയ്തു. എല്ലാവരും തുമകൂരു നിവാസികളാണ്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. തെളിവ് നശിപ്പിക്കാനാണ് ശരീരഭാഗങ്ങൾ പ്ലാസ്റ്റിക് ബാഗുകളിൽ പൊതിഞ്ഞ് വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിച്ചതെന്നും റിപ്പോർട്ടുണ്ട്. ലക്ഷ്മി ദേവിയുടെ സ്വഭാവത്തിലുള്ള സംശയം മൂലമാണ് ഡോ. രാമചന്ദ്രപ്പ അവരെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

തുമകൂരുവിലെ കൊരട്ടഗരെയിലെ കൊളാല ഗ്രാമത്തിലെ റോഡരികിൽ മനുഷ്യശരീര ഭാഗങ്ങൾ നിറച്ച ഒന്നിലധികം പ്ലാസ്റ്റിക് ബാഗുകൾ നാട്ടുകാർ കണ്ടെത്തിയതിനെ തുടർന്നാണ് ഞെട്ടിപ്പിക്കുന്ന സംഭവം പുറത്തുവന്നത്. ചിമ്പുഗനഹള്ളിയിലെ മുത്യാലമ്മ ക്ഷേത്രത്തിന് സമീപം വ്യാഴാഴ്ച രാവിലെയാണ് ഒരു കൈപ്പത്തിയുമായി തെരുവുനായയെ നാട്ടുകാർ കണ്ടത്. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ തരത്തിൽ മറ്റൊരു കൈപ്പത്തിയും സമീപത്ത് നിന്ന് കണ്ടെത്തി. ഏതാനും മണിക്കൂറുകൾക്കുള്ളിൽ ലിംഗപുര റോഡ് പാലത്തിന് സമീപത്തു നിന്നും ബെൻഡോൺ നഴ്സറിക്ക് സമീപത്തുനിന്നും ജോണിഗരഹള്ളിക്ക് സമീപവുമായി പലപല ശരീരഭാഗങ്ങൾ കണ്ടെടുത്തു.

സിദ്ധാരബെട്ടയ്ക്കും നെഗലാലിനും ഇടയിലുള്ള റോഡിൽ രണ്ട് ബാഗുകൾക്കുള്ളിൽ നിന്ന് കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് സിദ്ധാരബെട്ടയ്ക്ക് സമീപം തലയും കണ്ടെടുത്തു. കൊരട്ടഗരെ, കൊളാല പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ വരുന്ന 10 സ്ഥലങ്ങളിൽ നിന്നാണ് ശരീരഭാഗങ്ങൾ കണ്ടെടുത്തത്. കൈകളിലെയും മുഖത്തെയും ടാറ്റുവിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ലക്ഷ്മിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.

ഓഗസ്റ്റ് നാലുമുതൽ ഇവരെ കാണാനില്ലെന്ന് ചൂണ്ടിക്കാണിച്ച് ഭർത്താവ് ബസവരാജു ബെല്ലാവി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഓഗസ്റ്റ് മൂന്നിന് മകളെ കാണാൻ ലക്ഷ്മിദേവി ഉർഡിഗെരെയിലേക്ക് പോയിരുന്നെങ്കിലും വീട്ടിൽ തിരിച്ചെത്തിയില്ലെന്ന് പരാതിയിൽ പറയുന്നു. 2022-ലെ ശ്രദ്ധ വാക്കർ കേസിനെ ഓർമ്മിപ്പിക്കുന്നതാണ് ഈ സംഭവം. 27 വയസ്സുള്ള ശ്രദ്ധയെ അവരുടെ ലിവ്-ഇൻ പങ്കാളി കൊലപ്പെടുത്തുകയും വെട്ടിനുറുക്കിയ മൃതദേഹം ഡൽഹിയിലെ ഒരു വനത്തിൽ ഉപേക്ഷിക്കുകയുമായിരുന്നു.

Content Highlights: Karnataka's Tumakuru woman death mystery updates

dot image
To advertise here,contact us
dot image