
ദിവസം ഒരു മാതള നാരങ്ങ കഴിച്ചാല്‍ ഉണ്ടാകുന്ന ആരോഗ്യ ഗുണങ്ങള്‍ ചില്ലറയല്ല. എങ്ങനെയാണെന്നല്ലേ? ആന്റിഓക്‌സിഡന്റുകള്‍, ഫൈബര്‍, മറ്റ് പ്രധാനപ്പെട്ട വിറ്റമിനുകള്‍ എന്നിവ ധാരാളമടങ്ങിയ ഫലമാണ് മാതളനാരങ്ങ. അതിനാല്‍ ഒരു മാതളനാരങ്ങ ദിവസവും കഴിക്കുന്നത് വലിയ മാറ്റങ്ങളാണ് നിങ്ങളുടെ ആരോഗ്യത്തില്‍ ഉണ്ടാക്കുക.
നിത്യവും ഒരു മാതള നാരങ്ങ കഴിക്കുന്നത്, അല്ലെങ്കില്‍ മാതള നാരങ്ങ ജ്യൂസ് കുടിക്കുന്നത് നിങ്ങളുടെ ഹൃദയത്തിന് ഗുണം ചെയ്യും. 2012ല്‍ നടന്ന ഒരു പഠനത്തില്‍ കാര്‍ഡിയോവസ്‌കുലര്‍ അസുഖങ്ങള്‍ക്ക് മാതളനാരങ്ങ ഒരുക്കുന്ന സംരക്ഷിത കവചങ്ങളെകുറിച്ച് പ്രതിപാദിച്ചിരുന്നു. രക്തസമ്മര്‍ദം കുറയ്ക്കുന്നതിനും കാര്‍ഡിയോവസ്‌കുലാര്‍ സിസ്റ്റത്തിലെ ഓക്‌സിഡേറ്റീവ് സമ്മര്‍ദം കുറയ്ക്കുന്നതിലൂടെ നിങ്ങളുടെ ധമനികളെ സംരക്ഷിക്കാനും ഇവയ്ക്ക് സാധിക്കും. കൊളസ്‌ട്രോള്‍ ഉണ്ടാകുന്നത് തടയും, രക്തക്കുഴലുകളില്‍ അനാരോഗ്യകരമായ ഫാറ്റ് അടിഞ്ഞുകൂടുന്നത് തടയാന്‍ സഹായിക്കും.
ആന്റിഓക്‌സിഡന്റുകള്‍ നിറഞ്ഞതായാതിനാല്‍ നിത്യവും കഴിക്കുന്നത് ചര്‍മസംരക്ഷണത്തിന് സഹായിക്കും. കൊളാജന്‍ ഉല്പാദനം വര്‍ധിപ്പിക്കുകയും ചര്‍മത്തിനുണ്ടാകുന്ന ഓക്‌സിഡേറ്റീവ് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സഹായിക്കും. ചര്‍മം പ്രായമാകുന്നത് തടയും. നിത്യവും മാതള നാരങ്ങ കഴിക്കുന്നത് ഓര്‍മ വര്‍ധിപ്പിക്കാന്‍ സഹായിക്കും.
ദഹനപ്രക്രിയ മെച്ചപ്പെടുത്താന്‍ സഹായിക്കും. ലയിക്കുന്നതും അല്ലാത്തതുമായ നാരുകള്‍ ധാരാളം അടങ്ങിയ ഫലമാണ് മാതള നാരങ്ങ. ഇത് പ്രിബയോടിക്‌സ് ആയി പ്രവര്‍ത്തിക്കുകയും ദഹനത്തെ മെച്ചപ്പെടുത്തുകയും ചെയ്യും. ഇന്‍ഫ്‌ളമേറ്ററി ബവല്‍ ഡിസീസ് ഉള്ളവര്‍ക്ക് ഇത് കഴിക്കുന്നത് ആശ്വാസം നല്‍കും.
പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ പ്രതിരോധിക്കുന്നതിനുള്ള പ്രകൃത്യാലുള്ള പരിഹാരമായി നാഷ്‌നല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത് കാണുന്ന ഒന്നാണ് മാതളനാരങ്ങ. 2014ല്‍ നടത്തിയ ഒരു പഠന പ്രകാരം മാതള നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന പോളിഫിനോല്‍ പ്രോസ്‌റ്റേറ്റ് ക്യാന്‍സറിന് കാരണമാകുന്ന സെല്ലുകളുടെ വളര്‍ച്ച പതുക്കെയാക്കും.
Content Highlights: Health benefits of Anar