
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജനാധിപത്യത്തെ കൊല്ലാന്‍ ശ്രമിക്കുകയാണെന്ന് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കൃത്രിമത്വം കാണിച്ചെന്നും അദ്ദേഹം ആരോപിച്ചു. വോട്ട് മോഷണവും ബിഹാറില്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന വോട്ടര്‍പട്ടിക പരിഷ്‌കരണവുമായി ബന്ധിപ്പിച്ചുളള നിരവധി വീഡിയോകളും പാര്‍ട്ടി ഔദ്യോഗിക സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമിലൂടെ പുറത്തിറക്കി. ഡല്‍ഹിയിലെ ഷഹ്ദാര മണ്ഡലത്തില്‍ നിന്ന് 11,000 വോട്ടുകള്‍ ഇല്ലാതാക്കാന്‍ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനുമായി ഒത്തുകളിച്ചെന്ന് അരവിന്ദ് കെജ്‌രിവാള്‍ ആരോപിക്കുന്ന പഴയ വീഡിയോയും ആം ആദ്മി പാര്‍ട്ടി പങ്കുവെച്ചിട്ടുണ്ട്.
വോട്ട് കൊള്ളക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് ഇന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡ്യ സഖ്യം എംപിമാർ മാർച്ച് നടത്തിയിരുന്നു. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, അഖിലേഷ് യാദവ്, കനിമൊഴി, സുപ്രിയ സുലേ, മഹുവ മൊയ്ത്ര തുടങ്ങി സഖ്യത്തിലെ മുൻനിരനേതാക്കളടക്കം 300 എം പിമാരാണ് മാർച്ചിൽ പങ്കെടുത്തത്. മോദി ചോർ ഹേ (മോദി കള്ളനാണ്) എന്നടക്കമുള്ള മുദ്രാവാക്യമാണ് എംപിമാർ ഉയർത്തിയത്. രാവിലെ 11.30 ഓടെ പാർലമെന്റിൽ നിന്നും കാൽനടയായി ആരംഭിച്ച മാർച്ച് വഴിയിൽ പൊലീസ് തടഞ്ഞു. ഇതോടെ റോഡിൽ കുത്തിയിരുന്ന് എംപി മാർ പ്രതിഷേധിച്ചു. എംപിമാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയതോടെ വാഹനത്തിലിരുന്നും ഇവർ പ്രതിഷേധ മുദ്രാവാക്യം ഉയർത്തി. ഭരണഘടന ഉയർത്തിപ്പിടിച്ചാണ് പ്രിയങ്കാ ഗാന്ധി പൊലീസ് വാഹനത്തിലേക്ക് കയറിയത്.
വോട്ടർപട്ടികയിലെ ക്രമക്കേടിൽ പ്രതിഷേധം ശക്തമാക്കാനാണ് ഇൻഡ്യ സഖ്യത്തിന്റെ തീരുമാനം. മഹാരാഷ്ട്രയിൽ അഞ്ച് വർഷം കൊണ്ട് ചേർക്കുന്നതിലും അധികം വോട്ട് അഞ്ച് മാസം കൊണ്ട് ചേർത്തെന്നും ഹരിയാനയിലും കർണാടകയിലും തെരഞ്ഞെടുപ്പ് തീയതി മാറ്റിയതിൽ സംശയമുണ്ടെന്നുമാണ് രാഹുൽ ഗാന്ധി വെളിപ്പെടുത്തിയത്. മഹാരാഷ്ട്രയിൽ അഞ്ച് മണിക്ക് ശേഷം പോളിങ് കുതിച്ചുയർന്നു. 40 ലക്ഷം ദുരൂഹവോട്ടർമാർ വന്നു. സിസിടിവി ദൃശ്യങ്ങൾ 45 ദിവസം കൊണ്ട് നശിപ്പിച്ചു. ഇത് ദൃശ്യങ്ങൾ ലഭിക്കാതിരിക്കാൻ വേണ്ടിയാണെന്നും ഡൽഹിയിലെ ഇന്ദിരാഭവനിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുമായി ചേർന്ന് വോട്ട് മോഷ്ടിക്കുന്നുവെന്നും ഹരിയാനയിലും അട്ടിമറിയുണ്ടായെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.
Content Highlights: Election Commission trying to kill democracy says arvind kejriwal