
ബെയ്ജിംഗ്: സിൻജിയാങ് പ്രവിശ്യയെ ടിബറ്റുമായി ബന്ധിപ്പിക്കുന്ന റെയിൽവെ ലിങ്ക് നിർമ്മിക്കാൻ ചൈന ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. അതിന്റെ ഒരു ഭാഗം കടന്ന് പോകുന്നത് ഇന്ത്യയുമായുള്ള യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപത്ത് കൂടിയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സിൻജിയാങ്ങിലെ ഹോട്ടാനിനെയും ടിബറ്റിലെ ലാസയെയും ബന്ധിപ്പിക്കുന്ന പാതയുടെ നിർമ്മാണത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കും മേൽനോട്ടം വഹിക്കുക സർക്കാർ ഉടമസ്ഥതയിലുള്ള സിൻജിയാങ്-ടിബറ്റ് റെയിൽവെ (സിൻജിയാങ്ങ്-സിസാങ്ങ് റെയിൽവെ) കമ്പനിയായിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ റെയിൽ പദ്ധതിയുടെ പ്രവർത്തനങ്ങൾ ഈ വർഷം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഹോങ്കോംഗ് ആസ്ഥാനമായുള്ള സൗത്ത് ചൈന മോർണിംഗ് പോസ്റ്റാണ് റിപ്പോർട്ട് ചെയ്യുന്നത്.
സിൻജിയാങ്-ടിബറ്റ് റെയിൽവെ കമ്പനി 95 ബില്യൺ യുവാൻ (13.2 ബില്യൺ ഡോളർ) മൂലധനവുമായാണ് ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ചൈന സ്റ്റേറ്റ് റെയിൽവെ ഗ്രൂപ്പിന്റെ പൂർണ ഉടമസ്ഥതയിലുള്ളതാണ് ഈ കമ്പനിയെന്നാണ് ഷാങ്ഹായ് സെക്യൂരിറ്റീസ് ന്യൂസിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.
ടിബറ്റിനെ ചൈനയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കാൻ പദ്ധതിയിട്ടിരിക്കുന്ന നാല് ലൈനുകളിൽ ഒന്നാണ് സിൻജിയാങ്-ടിബറ്റ് റെയിൽവെ. ടിബറ്റിനെ ക്വിങ്ഹായ്, സിചുവാൻ, യുനാൻ പ്രവിശ്യകളുമായി ബന്ധിപ്പിക്കുന്ന ലൈനുകളും ചൈന നിർമ്മിക്കുന്നുണ്ട്. ക്വിങ്ഹായ്-ടിബറ്റ് പാത പ്രവർത്തനക്ഷമമാവുകയും മറ്റ് രണ്ടെണ്ണത്തിന്റെ നിർമ്മാണം തുടരുകയും ചെയ്യുന്നുവെന്നാണ് റിപ്പോർട്ട്.
ചൈനയുടെ മെഗാ ഇൻഫ്രാസ്ട്രക്ചർ പദ്ധതിയായ ജി 219 ഹൈവേ എന്നറിയപ്പെടുന്ന സിൻജിയാങ്-ടിബറ്റ് ഹൈവേയും തർക്കപ്രദേശമായ അക്സായി ചിൻ വഴിയാണ് കടന്ന് പോകുന്നത്. 1962 ലെ യുദ്ധത്തിൽ ഒരു പ്രധാന സംഘർഷ കേന്ദ്രമായിരുന്നു അക്സായി ചിൻ. ചരിത്രപരമായ അവകാശവാദങ്ങളുടെയും മുൻകാല ഉടമ്പടികളുടെയും അടിസ്ഥാനത്തിൽ അക്സായി ചിൻ തങ്ങളുടെ അവിഭാജ്യ ഘടകമാണെന്നാണ് ഇന്ത്യ അവകാശപ്പെടുന്നത്.
കിഴക്കൻ ലഡാക്കിലെ സൈനിക സംഘർഷത്തെത്തുടർന്ന് ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം നാലുവർഷത്തിന് ശേഷം സാധാരണ നിലയിലേയ്ക്ക് വരുന്നതായി അടുത്തിടെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ സിൻജിയാങ്-ടിബറ്റ് റെയിൽ ലിങ്കിനായുള്ള ചൈനയുടെ പദ്ധതികൾ സംബന്ധിച്ച വാർത്തകൾ പുറത്ത് വരുന്നത്. കഴിഞ്ഞ വർഷം ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ റഷ്യയിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുരോഗമിച്ചത്.
Content Highlights: China To Build Xinjiang-Tibet Rail Link 'Near' LAC With India