
കൊല്‍ക്കത്ത: കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ജൂനിയര്‍ ഡോക്ടര്‍ക്ക് നീതി തേടി കുടുംബം നടത്തിയ പ്രതിഷേധ മാര്‍ച്ച് സംഘര്‍ഷഭരിതമായി. ഡോക്ടറുടെ കുടുംബത്തെ പൊലീസ് കയ്യേറ്റം ചെയ്തു. പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ ഡോക്ടറുടെ അമ്മയുടെ തലയ്ക്ക് സാരമായി പരിക്കേറ്റു. മകള്‍ക്ക് നീതി തേടിയാണ് വന്നതെന്നും എന്നാല്‍ പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നും കുടുംബം ആരോപിച്ചു.
ആര്‍ജി കറില്‍ ജൂനിയര്‍ ഡോക്ടര്‍ കൊല്ലപ്പെട്ടതിന്റെ ഒന്നാം വാര്‍ഷികത്തിലായിരുന്നു കുടുംബം സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. ജൂനിയര്‍ ഡോക്ടര്‍ കൊല്ലപ്പെട്ട് ഒരു വര്‍ഷം തികയുമ്പോഴും നീതി നടപ്പിലാകാത്ത സാഹചര്യത്തിലായിരുന്നു പ്രതിഷേധം. ജൂനിയര്‍ ഡോക്ടറുടെ കുടുംബം തന്നെയായിരുന്നു പ്രതിഷേധ മാര്‍ച്ച് ആഹ്വാനം ചെയ്തത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം നടന്നത്. മാര്‍ച്ച് പാര്‍ക്ക് സ്ട്രീറ്റ് ജംഗ്ഷനില്‍ പൊലീസ് ബാരിക്കേഡുകള്‍വെച്ച് തടഞ്ഞിരുന്നു. ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു. വനിതാ പൊലീസിന്റെ ലാത്തിയടിയേറ്റാണ് പരിക്കേറ്റതെന്ന് ജൂനിയര്‍ ഡോക്ടറുടെ അമ്മ പറഞ്ഞു. അവര്‍ കൈയില്‍ പിടിച്ച് വലിച്ചെന്നും വളകള്‍ പൊട്ടിച്ചെന്നും അമ്മ പറഞ്ഞു. എന്തിനാണ് അവര്‍ തങ്ങളെ ഈ രീതിയില്‍ തടയുന്നതെന്ന് ചോദിച്ച അമ്മ മകള്‍ക്ക് നീതി തേടിയാണ് തങ്ങള്‍ ഇവിടെ എത്തിയതെന്നും പറഞ്ഞു.
ഓഗസ്റ്റ് ഒൻപതിനായിരുന്നു ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ഡ്യൂട്ടിക്കിടെ സെമിനാര്‍ ഹാളില്‍ വിശ്രമിക്കാനെത്തിയ ഡോക്ടറെ ലോക്കല്‍ പൊലീസിലെ സിവിക് വൊളണ്ടിയര്‍ സഞ്ജയ് റോയ് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. അര്‍ദ്ധനഗ്നമായായിരുന്നു ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ പീഡനത്തിനിരയായി കൊലപ്പെടുത്തിയതാണെന്ന് ഉറപ്പിക്കുകയായിരുന്നു. യുവ ഡോക്ടറുടെ ശരീരത്തില്‍ ആന്തരികമായി 25 മുറിവുകളും ശരീരത്തിന് പുറത്തും പരിക്കുകളുമുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ പരാമര്‍ശിച്ചിരുന്നു.
Content Highlights- RG Kar victim's mother alleges cops roughed her up during Kolkata protest