ശരീരവണ്ണത്തെ കളിയാക്കിയ കൂട്ടുകാരനെ കൊലപ്പെടുത്തി സ്‌കൂള്‍ശുചിമുറിയില്‍ തള്ളി;രണ്ട് സുഹൃത്തുക്കള്‍ അറസ്റ്റില്‍

സംഭവം നടന്ന് ഒരുമാസം കഴിഞ്ഞാണ് മൃതദേഹം കണ്ടെത്തിയത്.

dot image

ഗുരുഗ്രാം: ശരീര വണ്ണത്തെ കളിയാക്കിയ കൂട്ടുകാരനെ കൊലപ്പെടുത്തി സ്‌കൂള്‍ ശുചിമുറിയില്‍ തള്ളിയ സംഭവത്തില്‍ രണ്ട് സുഹൃത്തുക്കള്‍ അറസ്റ്റില്‍. ഗുരുഗ്രാമിലെ സ്‌കൂള്‍ ശുചിമുറിയില്‍ നിന്നാണ് 20കാരന്റെ മൃതദേഹം കണ്ടെത്തിയത്. കരണ്‍ എന്ന 20കാരനാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞയാഴ്ചയാണ് സ്‌കൂളിലെ അധ്യാപകന്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഇതോടെയാണ് കൊലപാതകത്തെ കുറിച്ച് നാടറിയുന്നത്. കേസില്‍ കരണിന്റെ സുഹൃത്തുക്കളായ ആകാശ്, ശിവ കുമാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരെയും റിമാന്‍ഡ് ചെയ്തു.

Also Read:

ജൂലൈ രണ്ടിന് മൂവരും ചേര്‍ന്ന് സ്‌കൂളിലെത്തിയിരുന്നു. അവിടെ വെച്ച് ബോഡി ബില്‍ഡറായ കരണ്‍ മറ്റ് സുഹൃത്തുക്കളുടെ ശരീരത്തെ കളിയാക്കി സംസാരിച്ചു. ഇത് തര്‍ക്കത്തിലേക്ക് നയിച്ചു. ആകാശും ശിവകുമാറും ചേര്‍ന്ന് കരണിനെ അടിച്ചു വീഴ്ത്തി. പിന്നീട് കയ്യിലുണ്ടായിരുന്ന കത്രിക ഉപയോഗിച്ച് കുത്തി വീഴ്ത്തി. കൊല്ലപ്പെട്ട കരണിന്റെ മൃതദേഹം ശുചിമുറിയിലെത്തിച്ച് ഇരുവരും കടന്നുകളഞ്ഞു.

സംഭവം നടന്ന് ഒരുമാസം കഴിഞ്ഞാണ് മൃതദേഹം കണ്ടെത്തിയത്. മൂവരും എന്തിനാണ് സ്‌കൂളില്‍ എത്തിയത് എന്നതില്‍ വ്യക്തതയില്ല. ഓഗസ്റ്റ് നാലിന് മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.

ഒരു മാസത്തെ പഴക്കം മൃതദേഹത്തിന് ഉണ്ടായിരുന്നത് കൊണ്ടുതന്നെ ആരാണ് മരിച്ചതെന്ന് തിരിച്ചറിയുന്നത് വെല്ലുവിളിയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച രക്തം പുരണ്ട കല്ലും കത്രികയും സംഭവ സ്ഥലത്ത് നിന്നും കണ്ടെത്തിയിരുന്നു.

Content Highlights: Two friends arrested for killing and dumping friend in school toilet

dot image
To advertise here,contact us
dot image