
ഭുവനേശ്വർ: ഒഡീഷയിൽ അധ്യാപകനെതിരായ ലൈംഗികാതിക്രമ പരാതി കോളേജ് അവഗണിച്ചതിന് പിന്നാലെ സ്വയം തീകൊളുത്തി വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ രണ്ട് എബിവിപി പ്രവർത്തകർ അറസ്റ്റിൽ. എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി സുഭത് സന്ദീപ് നായക്, ജ്യോതി പ്രകാശ് ബിസ്വാൾ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി ആത്മഹത്യ ചെയ്യുന്ന സമയത്ത് ഇരുവരും സംഭവസ്ഥലുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ചികിത്സയിലിരിക്കെ ജൂലൈ 14-നായിരുന്നു പെൺകുട്ടി മരിച്ചത്.
വകുപ്പ് മേധാവി നിരന്തരം ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് വിദ്യാർത്ഥി നൽകിയ പരാതി അവഗണിച്ചതിനെത്തുടർന്നാണ് സ്വയം തീക്കൊളുത്തിയത്. തന്റെ ആവശ്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ അക്കാദമിക് റെക്കോർഡ് കുഴപ്പത്തിലാക്കുമെന്നും കരിയർ നശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ലൈംഗികാതിക്രമം തുടർച്ചയായതോടെ പെൺകുട്ടി പ്രിൻസിപ്പലിന് പരാതി നൽകുകയും ആഭ്യന്തര പരാതി പരിഹാര സമിതിയെ സമീപിക്കുകയും ചെയ്തിരുന്നു.
സംഭവത്തിൽ ആരോപണ വിധേയനായ അസിസ്റ്റന്റ് പ്രൊഫസർ സമീർ കുമാർ സാഹുവിനെ അറസ്റ്റ് ചെയ്തിരുന്നു. കോളേജ് പ്രിൻസിപ്പൽ ദിലീപ് സാഹുവിനെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. ബാലാസോറിലെ ഫക്കീർ മോഹൻ കോളേജിലെ ബിരുദ വിദ്യാർത്ഥിനിയാണ് മരിച്ചത്.
Content Highlights: two abvp workers arrested in the death of odisha student