
ലഖ്‌നൗ: ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിലുണ്ടായ വാഹനാപകടത്തിൽ 11 പേർക്ക് ദാരുണാന്ത്യം. നാലുപേർക്ക് പരിക്കേറ്റു. നിയന്ത്രണം നഷ്ടപ്പെട്ട കാർ സരയു കനാലിലേക്ക് മറിഞ്ഞായിരുന്നു അപകടം. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഉത്തർപ്രദേശ് സർക്കാർ അഞ്ചുലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സംഭവം നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എക്സിൽ കുറിച്ചു. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ദുഃഖിതരായ കുടുംബങ്ങൾക്ക് അദ്ദേഹം അനുശോചനം രേഖപ്പെടുത്തി.
അപകടകാരണത്തെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോത്തിഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലെ സിഹാഗാവിൽ നിന്ന് ഖാർഗുപൂരിലെ പൃഥ്വി നാഥ് ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു സംഘം എന്നാണ് വിവരം. രക്ഷപ്പെടുത്തിയവരെ നിസ്സാര പരിക്കുകളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് സൂപ്രണ്ട് വിനീത് ജയ്‌സ്വാൾ പറഞ്ഞു.
Content Highlights: 11 Killed and 4 Injured In Road Accident In UP's Gonda