
റായ്പൂര്‍: ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് എന്‍ഐഎ കോടതി ജാമ്യം നല്‍കിയത് കര്‍ശന വ്യവസ്ഥകളോടെ. എന്‍ഐഎ കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്നാണ് പ്രധാന വ്യവസ്ഥ. പാസ്പോര്‍ട്ട് എന്‍ഐഎ കോടതിയില്‍ നല്‍കണമെന്നും ജാമ്യകാലയളവിലെ വാസസ്ഥലം എന്‍ഐഎയെ അറിയിക്കണമെന്നും വ്യവസ്ഥയിലുണ്ട്.
രണ്ടാഴ്ചയില്‍ ഒരിക്കല്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം, അന്വേഷണ ഏജന്‍സി ആവശ്യപ്പെടുമ്പോള്‍ ചോദ്യം ചെയ്യാന്‍ ഹാജരാകണം, തെളിവ് നശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, മാധ്യമങ്ങളോട് സംസാരിക്കരുത്, കേസിനെപ്പറ്റി പൊതുമധ്യത്തില്‍ പ്രതികരിക്കരുത് തുടങ്ങിയ വ്യവസ്ഥകളും എന്‍ഐഎ കോടതി മുന്നോട്ട് വെക്കുന്നു.
ബിലാസ്പൂര്‍ എന്‍ഐഎ കോടതിയാണ് കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവക സിസ്റ്റര്‍ പ്രീതി മേരി എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചത്. ബിലാസ്പുര്‍ ജില്ലാ പ്രിന്‍സിപ്പള്‍ സെഷന്‍സ് ജഡ്ജ് സിറാജുദ്ധീന്‍ ഖുറേഷിയാണ് വിധി പ്രഖ്യാപിച്ചത്. ഒന്‍പത് ദിവസമായി കന്യാസ്ത്രീകള്‍ ജയിലിലാണ്.
50,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തിലാണ് ജാമ്യം അനുവദിച്ചത്. ഇരുവരും ഇന്ന് തന്നെ മോചിതരാകും. വിധിയില്‍ സന്തോഷമെന്ന് സിസ്റ്റര്‍ വന്ദനയുടെ സഹോദരന്‍ ചെറിയാന്‍ പ്രതികരിച്ചു. കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട കേസ് അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ജാമ്യം കൊടുത്താല്‍ കന്യാസ്ത്രീകള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം തുടരുമെന്നുമാണ് കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. കേസ് നീട്ടികൊണ്ടു പോകാനാണോ കസ്റ്റഡി ആവശ്യപ്പെടാത്തതെന്ന് കോടതി ചോദിച്ചെങ്കിലും പ്രോസിക്യൂഷന് മറുപടി ഇല്ലായിരുന്നു. ഛത്തീസ്ഗഡ് സര്‍ക്കാരിനെ കൂടാതെ ബജ്രംഗ്ദളിന്റെ അഭിഭാഷകരും കന്യാസ്ത്രീകളുടെ ജാമ്യത്തെ എന്‍ഐഎ കോടതിയില്‍ എതിര്‍ത്തിരുന്നു.
ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് കുടുംബം ബിലാസ്പുര്‍ എന്‍ഐഎ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഉച്ചക്ക് ശേഷം മൂന്നരയോടെ കോടതി കേസ് പരിഗണിച്ചിരുന്നു. ജൂലൈ 25-നാണ് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് ഇവരെ റെയില്‍വെ പൊലീസ് അറസ്റ്റ് ചെയ്തത്. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണ് അറസ്റ്റിലായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവര്‍.
Content Highlights: NIA courts bail conditions on Malayali Nuns case