
തെലങ്കാന: ഹൈദരാബാദിലെ ഒരു ഫാംഹൗസിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം 11 കോടി രൂപ പിടിച്ചെടുത്തു. വൈഎസ്ആർ കോൺഗ്രസ് ഭരണകാലത്ത് നടന്നതായി ആരോപിക്കപ്പെടുന്ന ആന്ധ്രാപ്രദേശ് മദ്യ കുംഭകോണവുമായി ഇതിന് ബന്ധമുണ്ടെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കേസിലെ നാൽപതാം പ്രതി വരുൺ പുരുഷോത്തമിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. ആയിരക്കണക്കിന് കോടി രൂപയുടെ അഴിമതി നടന്നതായി കരുതപ്പെടുന്ന പണമിടപാടുകളെക്കുറിച്ചും ബന്ധമുള്ള പ്രമുഖരുടെ പങ്കാളിത്തത്തെക്കുറിച്ചും വരുൺ അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴിയിലുണ്ടെന്ന് പറയപ്പെടുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എസ്‌ഐടി അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നും വൈഎസ്ആർസിപിയിലെ മുതിർന്ന നേതാക്കളുടെ പങ്കിലേക്ക് വിരൽ ചൂണ്ടുന്ന നിർണായക തെളിവുകൾ കണ്ടെത്തിയെന്നും വൃത്തങ്ങൾ അറിയിച്ചു. കൂടുതൽ ഉന്നതരുടെ പേരുകൾ ഉടൻ തന്നെ പ്രതികളുടെ പട്ടികയിൽ ചേർക്കപ്പെടുമെന്നും ഉദ്യോഗസ്ഥർ സൂചന നൽകി.
കേസുമായി ബന്ധപ്പെട്ട് എംപി പി വി മിഥുൻ റെഡ്ഡി, മുൻ എംഎൽഎ ചെവ്റെഡ്ഡി ഭാസ്‌കർ റെഡ്ഡി, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ കെ ധനുഞ്ജയ റെഡ്ഡി, കൃഷ്ണ മോഹൻ റെഡ്ഡി തുടങ്ങിയവരുടെ അറസ്റ്റ് ആന്ധ്രാപ്രദേശിലെ ടിഡിപി നേതൃത്വത്തിലുള്ള സർക്കാരിന്റെ പ്രതികാരനടപടികളുടെ ഭാഗമാണെന്ന് വൈഎസ്ആർസിപി നേരത്തെ ആരോപിച്ചിരുന്നു. ഗൂഢാലോചനയുടെ ഭാഗമായി അവരെ വേട്ടയാടുകയാണെന്നും ഇത് രാഷ്ട്രീയ പകപോക്കലാണെന്നും വൈഎസ്ആർസിപി എംപി വൈ വി സുബ്ബ റെഡ്ഡി പറഞ്ഞു.
Content Highlights: Rs 11 crore seized in Andhra liquor scam